കാനഡയുടെ വിമാനങ്ങൾക്ക് 50% തീരുവ ഭീഷണി; ബോംബാർഡിയറിനെതിരെ വ്യാപാരയുദ്ധം കടുപ്പിച്ച് ട്രംപ്

കാനഡയുടെ വിമാനങ്ങൾക്ക് 50% തീരുവ ഭീഷണി; ബോംബാർഡിയറിനെതിരെ വ്യാപാരയുദ്ധം കടുപ്പിച്ച് ട്രംപ്


വാഷിംഗ്ടൺ: കാനഡയുമായുള്ള വ്യാപാര തർക്കം കൂടുതൽ രൂക്ഷമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാനഡയിൽ നിർമ്മിക്കുന്ന എല്ലാ വിമാനങ്ങൾക്കും യുഎസിൽ 50 ശതമാനം തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. കൂടാതെ ക്യൂബെക്കിൽ നിർമ്മിക്കുന്ന ബോംബാർഡിയറിന്റെ ഗ്ലോബൽ എക്‌സ്പ്രസ് ജെറ്റുകൾ ഉൾപ്പെടെ കാനഡ വിമാനങ്ങൾക്ക് നൽകിയ സർട്ടിഫിക്കേഷൻ പിൻവലിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഗൾഫ് സ്ട്രീം 500, 600, 700, 800 മോഡൽ ജെറ്റുകൾക്ക് കാനഡ അന്യായമായും നിയമവിരുദ്ധമായും സർട്ടിഫിക്കേഷൻ നിഷേധിക്കുകയാണെന്ന് ആരോപിച്ചാണ് ട്രംപിന്റെ നടപടി. 'ലോകത്തിലെ ഏറ്റവും നൂതന വിമാനങ്ങളിലൊന്നായ ഗൾഫ്‌സ്ട്രീമിനെ കാനഡ തടയുകയാണ്. ഇത് ഉടൻ തിരുത്തിയില്ലെങ്കിൽ യുഎസിലേക്ക് വരുന്ന എല്ലാ കാനഡ നിർമ്മിത വിമാനങ്ങൾക്കും 50% തീരുവ ഏർപ്പെടുത്തും,' ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഗൾഫ്‌സ്ട്രീമിന് പൂർണ അംഗീകാരം ലഭിക്കുന്നതുവരെ കാനഡ വിമാനങ്ങളുടെ ഡീ സർട്ടിഫിക്കേഷൻ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രംപ് വീണ്ടും അധികാരത്തിലെത്തിയതിന് ശേഷം യുഎസ്-കാനഡ ബന്ധം വഷളാകുന്നതിനിടെയാണ് പുതിയ നീക്കം. നേരത്തെ കാനഡ ചൈനയുമായി വ്യാപാരകരാർ ഒപ്പുവെച്ചാൽ എല്ലാ കാനഡൻ ഉൽപ്പന്നങ്ങൾക്കും 100% തീരുവ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. കാനഡൻ പ്രധാനമന്ത്രി മാർക്ക് കാർണിയെ 'ഗവർണർ' എന്ന് പരിഹസിച്ച ട്രംപ്, ചൈന കാനഡയുടെ സമ്പദ്‌വ്യവസ്ഥ 'വിഴുങ്ങും' എന്നും ആരോപിച്ചു.

ചൈന സന്ദർശിച്ചെത്തിയ കാർണി, കാനഡയുടെ പരമാധികാരം മാനിക്കണമെന്ന് ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വിമാനമേഖലയെ ലക്ഷ്യമിട്ട് ട്രംപ് പുതിയ വ്യാപാര ആക്രമണം തുടങ്ങിയത്. നീക്കം നടപ്പായാൽ ബോംബാർഡിയർ അടക്കമുള്ള കാനഡൻ വിമാന നിർമാണ കമ്പനികൾക്കും വടക്കേ അമേരിക്കൻ വ്യോമവ്യാപാര മേഖലയ്ക്കും വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.