വാഷിംഗ്ടൺ : യുഎസ് ഫെഡറൽ റിസർവിന്റെ അടുത്ത ചെയർമാനായി കെവിൻ വാർഷിനെ ഡോണൾഡ് ട്രംപ് പ്രഖ്യാപിക്കാൻ സാധ്യത. വെള്ളിയാഴ്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. വ്യാഴാഴ്ച ട്രംപ് കെവിൻ വാർഷുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് മാധ്യമങ്ങളോട് സംസാരിച്ച ട്രംപ്, 'ധനകാര്യ ലോകത്ത് എല്ലാവർക്കും പരിചിതനായ ഒരാളുടെ പേരാണ് ഉടൻ പ്രഖ്യാപിക്കുക' എന്നും പറഞ്ഞു.
ഫെഡ് ചെയർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ വൈറ്റ് ഹൗസ് നാഷണൽ ഇക്കണോമിക് കൗൺസിൽ ഡയറക്ടർ കെവിൻ ഹാസറ്റ്, നിലവിലെ ഫെഡ് ഗവർണർ ക്രിസ്റ്റഫർ വാലർ എന്നിവരും പരിഗണനയിലുണ്ടായിരുന്നു. എന്നാൽ ട്രംപിന്റെ ആദ്യ ഭരണകാലത്ത് തന്നെ ഫെഡ് ചെയർമാനായി പരിഗണിക്കപ്പെട്ടിരുന്ന വാർഷിലേക്കാണ് ഇപ്പോൾ സാധ്യത കൂടുതൽ മാറിയിരിക്കുന്നത്. അന്ന് ജെറോം പൗവലിനാണ് അവസരം ലഭിച്ചത്. പിന്നീട് പലിശനിരക്ക് കുറയ്ക്കാൻ പൗവൽ തയ്യാറാകാത്തതിനെ തുടർന്ന് ട്രംപും പൗവലും പരസ്യമായി ഏറ്റുമുട്ടുകയും ചെയ്തു.
1970 ഏപ്രിൽ 13ന് ജനിച്ച കെവിൻ മാക്‌സ്വെൽ വാർഷ്, 2006ൽ പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷിന്റെ കാലത്ത് ഫെഡറൽ റിസർവ് ബോർഡ് ഓഫ് ഗവർണേഴ്‌സിലെ അംഗമായി നിയമിതനായി. 2011 വരെ ഈ സ്ഥാനത്ത് തുടർന്നു. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടെ അമേരിക്കൻ സമ്പദ് വ്യവസ്ഥയെ താങ്ങിനിർത്താനുള്ള നടപടികളിൽ വാർഷ് നിർണായക പങ്കുവഹിച്ചു.
ഫെഡിൽ എത്തുന്നതിന് മുൻപ് മോർഗൺ സ്റ്റാൻലിയിൽ ലയന-ഏറ്റെടുക്കൽ വിഭാഗത്തിൽ വൈസ് പ്രസിഡന്റ്, എക്‌സിക്യൂട്ടീവ് ഡയറക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിരുന്നു. കൂടാതെ പ്രസിഡന്റ് ബുഷിന്റെ കാലത്ത് വൈറ്റ് ഹൗസ് നാഷണൽ ഇക്കണോമിക് കൗൺസിലിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായും സാമ്പത്തിക നയങ്ങളുടെ പ്രത്യേക സഹായിയായും പ്രവർത്തിച്ചു.
എന്നാൽ ട്രംപ് പലതവണ സ്ഥാനാർഥികളെ മാറ്റിയിട്ടുള്ളതിനാൽ, ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ ഉറപ്പിച്ച് പറയാനാകില്ലെന്നും വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
യുഎസ് ഫെഡറൽ റിസർവിന്റെ അടുത്ത ചെയർമാനായി കെവിൻ വാർഷിനെ ഡോണൾഡ് ട്രംപ് പ്രഖ്യാപിക്കാൻ സാധ്യത
