ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; സിയാല്‍ രാജ്യാന്തര കാര്‍ഗോ ബിസിനസ് സമ്മിറ്റിന് ശനിയാഴ്ച തുടക്കം

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; സിയാല്‍ രാജ്യാന്തര  കാര്‍ഗോ ബിസിനസ് സമ്മിറ്റിന് ശനിയാഴ്ച തുടക്കം


കൊച്ചി: കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ടറിയുടെ (ഫിക്കി) സഹകരണത്തോടെ സംഘടിപ്പിക്കുന്ന രാജ്യാന്തര  കാര്‍ഗോ ബിസിനസ് സമ്മിറ്റ് ജനുവരി 31, ഫെബ്രുവരി 1 തിയ്യതികളില്‍  നെടുമ്പാശ്ശേരി സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. സമ്മിറ്റില്‍ വാണിജ്യ കൂടിക്കാഴ്ചകള്‍, എക്‌സിബിഷന്‍, പാനല്‍ ചര്‍ച്ചകള്‍ എന്നിവ നടക്കും.  കാര്‍ഗോ, ലോജിസ്റ്റിക്‌സ് എന്നിവയുമായി ബന്ധപ്പെട്ട 55 എക്‌സിബിഷന്‍ സ്റ്റാളുകള്‍ പരിപാടിയുടെ ഭാഗമായി പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍ക്ക് എക്‌സിബിഷനിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. 


ജനുവരി 31-ന്  രാവിലെ 9:30ന് നടക്കുന്ന വിഷയാവതരണത്തോടെ സമ്മിറ്റിനു തുടക്കമാകും. പത്ത് മണി മുതല്‍ ഗ്ലോബല്‍ ട്രേഡ്, താരിഫ്, എയര്‍ കാര്‍ഗോ, മള്‍ട്ടി മോഡല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേഷന്‍സ്, റെഗുലേറ്ററി കംപ്ലയന്‍സ്, ഇ കൊമേഴ്സ് എന്നീ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകള്‍ നടക്കും. കാര്‍ഗോ, ലോജിസ്റ്റിക്‌സ് മേഖലകളിലെ വിദഗ്ധര്‍ ഇതില്‍ പങ്കെടുക്കും. ഫെബ്രുവരി 1ന് രാവിലെ 11.30ന് നടക്കുന്ന പ്ലീനറി സെഷന്‍ കേരളാ മുഖ്യമന്ത്രിയും സിയാല്‍ ചെയര്‍മാനുമായ  പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കാര്‍ഗോ രംഗത്തെ മികച്ച കമ്പനികളെ ചടങ്ങില്‍ പുരസ്‌കാരം നല്‍കി ആദരിക്കും.


സിയാല്‍ ഇന്‍ക്യൂബേഷന്‍ സെന്റര്‍


ഇന്റര്‍നാഷണല്‍ കാര്‍ഗോ ബിസിനസ് സമ്മിറ്റ് 2026-ന്റെ ഭാഗമായി കയറ്റുമതി മേഖലയിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും തുടക്കക്കാര്‍ക്കും പിന്തുണ നല്‍കുന്നതിനായി സിയാല്‍ ഇന്‍ക്യൂബേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കും. ആദ്യമായി ഈ മേഖലയിലേക്ക് കടക്കുന്നവര്‍ക്ക് ആവശ്യമായ സഹായവും മാര്‍ഗനിര്‍ദ്ദേശവും നല്‍കുകയാണ് സിയാല്‍ എയര്‍ കാര്‍ഗോയുടെ സംരംഭമായ ഇന്‍ക്യൂബേഷന്‍ സെന്റര്‍ ലക്ഷ്യമിടുന്നത്. കയറ്റുമതിയുമായി ബന്ധപ്പെട്ട സംശയദൂരീകരണം, നടപടിക്രമങ്ങള്‍, നിയമപരമായ മാനദണ്ഡങ്ങള്‍ എന്നിവയെ ആസ്പദമാക്കിയ വിശദമായ വിവരങ്ങള്‍ ഇന്‍ക്യൂബേഷന്‍ സെന്ററിലൂടെ ലഭ്യമാകും. കൂടാതെ ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുമായും കാര്‍ഗോലോജിസ്റ്റിക്‌സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരുമായും നേരിട്ടുള്ള ആശയവിനിമയത്തിനുള്ള അവസരവും ഇതിലൂടെ ഒരുങ്ങും. അന്താരാഷ്ട്ര വ്യാപാരത്തിലേക്ക് ആദ്യ ചുവടുവെയ്ക്കുന്നവര്‍ക്ക് ആവശ്യമായ നെറ്റ്വര്‍ക്കിങ് സാധ്യതകളും സിയാല്‍ ഇന്‍ക്യൂബേഷന്‍ സെന്റര്‍ വഴി ലഭ്യമാകും.