പനാമ സിറ്റി: പനാമ കനാലിന്റെ ഇരുവശങ്ങളിലുമുള്ള രണ്ട് പ്രധാന തുറമുഖങ്ങള്‍ നടത്തിപ്പിന് ഹോങ്കോംഗ് ആസ്ഥാനമായ കമ്പനിക്ക് നല്‍കിയിരുന്ന കരാര്‍ പനാമ സുപ്രിം കോടതി റദ്ദാക്കി. ഇതോടെ സുരക്ഷാ താത്പര്യങ്ങളുമായി ബന്ധപ്പെട്ട് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് നയതന്ത്ര വിജയം. പ്രദേശത്തെ ചൈനയുടെ സ്വാധീനത്തില്‍ കുറവു വന്നതായും വിലയിരുത്തല്‍.
പസഫിക് തീരത്തെ ബാല്‍ബോവ തുറമുഖവും അറ്റ്‌ലാന്റിക് തീരത്തെ ക്രിസ്റ്റോബാല്‍ തുറമുഖവും നടത്തുന്ന സികെ ഹച്ചിസണ്‍ കമ്പനിക്ക് നല്‍കിയ കരാര്‍ ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ഇതോടെ തുറമുഖങ്ങളുടെ നടത്തിപ്പില്‍ നിന്ന് കമ്പനി പിന്മാറണം.
യു എസും ചൈനയും തമ്മിലുള്ള ശക്തിപോരാട്ടത്തില്‍ പനാമ കേന്ദ്രസ്ഥാനത്ത് എത്തുന്ന തരത്തിലാണ് തുറമുഖ പ്രവര്‍ത്തനങ്ങളെന്ന് കോടതി നിരീക്ഷിച്ചു. ഈ വിഷയത്തില്‍ ജഡ്ജിമാര്‍ക്ക് വലിയ രാഷ്ട്രീയ സമ്മര്‍ദ്ദമാണ് നേരിടേണ്ടി വന്നത്.
ഒരു വര്‍ഷം മുമ്പാണ് ട്രംപ് പനാമയിലേക്കുള്ള കൂടുതല്‍ ശ്രദ്ധിച്ചത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി കനാലിന്റെ ചുറ്റുപാടുകളില്‍ വികസിപ്പിച്ചെടുത്ത ചൈനീസ് അടിസ്ഥാന സൗകര്യങ്ങള്‍ അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
പനാമ കനാല്‍ ചൈനയാണ് നിയന്ത്രിക്കുന്നതെന്നും അത് തങ്ങള്‍ ചൈനയ്ക്ക് നല്‍കിയതല്ലെന്നുമാണ് ട്രംപ് കഴിഞ്ഞ വര്‍ഷം പ്രസംഗിച്ചത്.
സുപ്രിം കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ ഹച്ചിസണിന് സാധിക്കില്ലെങ്കിലും വിശദീകരണം തേടുന്നതിലൂടെ ലൈസന്‍സ് റദ്ദാക്കല്‍ നടപടികള്‍ വൈകിപ്പിക്കാനുള്ള ശ്രമം കമ്പനി നടത്താനാവും.
ലൈസന്‍സ് റദ്ദായാല്‍ പുതിയ നിബന്ധനകളോടെ ടെന്‍ഡര്‍ ക്ഷണിക്കുന്നതുവരെ തുറമുഖ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കുന്നതിന് ഡാനിഷ് ഷിപ്പിംഗ് കമ്പനിയായ എ പി മോളര്‍- മേഴ്‌സ്‌കിന്റെ സ്ഥാപനമായ എ പി എം ടെര്‍മിനല്‍സിനെ താത്ക്കാലിക നടത്തിപ്പിനായി നിയോഗിക്കുമെന്ന് പനാമയുടെ അമേരിക്ക അനുകൂല നിലപാടുള്ള പ്രസിഡന്റ് ഹോസെ റൗല്‍ മുളിനോ അറിയിച്ചു. ആവശ്യമെങ്കില്‍ രണ്ട് തുറമുഖങ്ങളെയും വേര്‍തിരിച്ച് പുതിയ ലൈസന്‍സ് നല്‍കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
തുറമുഖങ്ങള്‍ ദേശീയ സമ്പദ്വ്യവസ്ഥയുടെ തന്ത്രപ്രധാന അടിസ്ഥാനം കൂടിയാണെന്നും അന്താരാഷ്ട്ര വ്യാപാരത്തിന്റെ നിര്‍ണായക കണ്ണിയുമാണെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് മുളിനോ പറഞ്ഞു.
വിധിക്കെതിരെ ഹച്ചിസണ്‍ ഗ്രൂപ്പ് ശക്തമായാണ് പ്രതികരിച്ചത്. സുതാര്യമായ ടെന്‍ഡര്‍ നടപടികളിലൂടെയാണ് കരാര്‍ ലഭിച്ചതെന്നും സമാന കരാറുകളെക്കുറിച്ചുള്ള മുന്‍ വിധികള്‍ക്ക് വിരുദ്ധമാണ് ഈ തീരുമാനമെന്നും കമ്പനി വ്യക്തമാക്കി.
വിധി പുറത്തുവന്നതോടെ ഹോങ്കോംഗ് ഓഹരി വിപണിയില്‍ സികെ ഹച്ചിസന്റെ ഓഹരികള്‍ വെള്ളിയാഴ്ച 4.75 ശതമാനം ഇടിഞ്ഞു.
ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹച്ചിസന്റെ പ്രസ്താവന ഉദ്ധരിച്ച് ചൈനീസ് കമ്പനികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും ബീജിംഗ് സ്വീകരിക്കുമെന്ന് അറിയിച്ചു.
വിധി ചൈനയ്ക്ക് നയതന്ത്ര തിരിച്ചടിയാണെന്ന് വിലയിരുത്തപ്പെടുന്നു. ലാറ്റിന്‍ അമേരിക്കയില്‍ തന്ത്രപ്രധാന സ്വാധീനം ഉറപ്പിക്കാന്‍ ചൈന നടത്തുന്ന ശ്രമങ്ങളിലെ പ്രധാനി വെനസ്വേലന്‍ നേതാവ് നിക്കോളാസ് മഡൂറോയെ അമേരിക്കന്‍ സൈന്യം പിടികൂടിയതിന് പിന്നാലെയാണ് പുതിയ തീരുമാനം വന്നത്.
സുപ്രിം കോടതി വിധി ചൈനയ്ക്ക് നയതന്ത്രപരമായ തിരിച്ചടിയാണെങ്കിലും സാമ്പത്തിക തിരിച്ചടിയല്ലെന്ന് 2015 മുതല്‍ 2018 വരെ പനാമയിലെ യു എസ് അംബാസഡറായിരുന്ന ജോണ്‍ ഫീലീ പറഞ്ഞു. കനാല്‍ ഉപയോഗിക്കുന്നതില്‍ മുന്‍നിരയിലുള്ള ചൈനീസ് ഷിപ്പിംഗ് കമ്പനികള്‍ക്ക് ഇതിലൂടെ തടസമുണ്ടാകില്ലെന്നും കനാല്‍ പ്രവര്‍ത്തനങ്ങളെ ഈ വിധി ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
