വാഷിംഗ്ടണ്‍: അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ അടുത്ത ചെയര്‍മാനായി മുന്‍ ഫെഡറല്‍ റിസര്‍വ് ഉദ്യോഗസ്ഥന്‍ കെവിന്‍ വാര്‍ഷിനെ നാമനിര്‍ദേശം ചെയ്യുമെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അറിയിച്ചു. നിലവിലെ ചെയര്‍മാന്‍ ജെറോം പവലിന്റെ കാലാവധി മെയ് മാസമാണ് അവസാനിക്കുന്നത്.
പലിശനിരക്കുകള്‍ വേഗത്തില്‍ കുറയ്ക്കുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ട്രംപിന്റെ വിമര്‍ശനത്തിന് വിധേയനായിട്ടുണ്ട് പവല്‍. എന്നാല്‍ ഇതേ ട്രംപ് തന്നെയാണ് 2017-ല്‍ ഫെഡിന് നേതൃത്വം ജെറോം പവലിനെ തെരഞ്ഞെടുത്തതും. പവലിനെ ഫെഡ് ചെയര്‍മാനായി നിയമിച്ച കാലത്ത് വാര്‍ഷിനെയാണ് ആദ്യം ട്രംപ് ആലോചിച്ചിരുന്നത്. എന്നാല്‍ നിയമനം പവലിലേക്ക് എത്തുകയായിരുന്നു. എസ്റ്റീ ലാഡര്‍ കോസ്‌മെറ്റിക്സ് ബിസിനസ് സാമ്രാജ്യത്തിന്റെ അവകാശിയും ട്രംപിന്റെ ദീര്‍ഘകാല പിന്തുണക്കാരനുമായ റോണാള്‍ഡ് ലാഡറുടെ മകളുടെ ഭര്‍ത്താവാണ് വാല്‍ഷ്.
ഫെഡിന്റെ പ്രധാന പലിശനിരക്ക് നിലവിലുള്ള 3.6 ശതമാനത്തില്‍ നിന്നും ഒരു ശതമാനമായി കുറയ്ക്കണമെന്ന് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ വാര്‍ഷാകട്ടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ ഉയര്‍ന്ന പലിശനിരക്കുകളെ അനുകൂലിക്കുന്ന നിലപാടുകാരനുമാണ്. അതുകൊണ്ടുതന്നെ വാര്‍ഷിനെ പരിഗണിക്കാനുള്ള ട്രംപിന്റെ തീരുമാനം അപ്രതീക്ഷിതമാണെന്നാണ് വിലയിരുത്തുന്നത്.
2008- 09ലെ ആഗോള സാമ്പത്തിക മാന്ദ്യകാലത്തും അതിന് ശേഷവും ഫെഡ് പിന്തുടര്‍ന്ന കുറഞ്ഞ പലിശനിരക്ക് നയങ്ങളെ വാര്‍ഷ് എതിര്‍ത്തിരുന്നു. അന്നത്തെ കാലഘട്ടത്തില്‍ വിലക്കയറ്റം വേഗത്തില്‍ ഉയരുമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മാന്ദ്യം അവസാനിച്ചതിന് ശേഷം നിരവധി വര്‍ഷങ്ങള്‍ വിലക്കയറ്റം വളരെ താഴ്ന്ന നിലയില്‍ തന്നെ തുടരുകയായിരുന്നു.
അടുത്ത കാലത്ത് വാര്‍ഷ് തന്റെ നിലപാടില്‍ മാറ്റം വരുത്തിയതായും കുറഞ്ഞ പലിശനിരക്കുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. ഫെഡില്‍ ഭരണരീതി മാറ്റം ആവശ്യമാണെന്ന നിലപാടുകാരനായ വാര്‍ഷ് കാലാവസ്ഥാ മാറ്റം, വൈവിധ്യം, സമത്വം, ഉള്‍ക്കൊള്ളല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഫെഡ് ഇടപെടുന്നതിനെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. ഇത്തരം വിഷയങ്ങള്‍ ഫെഡിന്റെ ചുമതലയ്ക്ക് പുറത്താണെന്ന് വാര്‍ഷ് അഭിപ്രായപ്പെട്ടു.
ഈ നീക്കം ഫെഡിനെ വൈറ്റ് ഹൗസിനോട് കൂടുതല്‍ അടുപ്പിക്കുമെന്നും ഏജന്‍സിയില്‍ ട്രംപിന് കൂടുതല്‍ നിയന്ത്രണം നേടാന്‍ ഇടയാക്കുമെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഫെഡ് ബോര്‍ഡിലെ ഏഴ് ഗവര്‍ണര്‍മാരില്‍ ഒരാളായ ലിസ കുക്കിനെ പുറത്താക്കാന്‍ ട്രംപ് ശ്രമം നടത്തിയത് ഓഗസ്റ്റ് മാസത്തിലായിരുന്നു. ബോര്‍ഡില്‍ തന്റെ ഭൂരിപക്ഷം ഉറപ്പാക്കാനാണ് ട്രംപ് നീക്കം നടത്തിയതെങ്കിലും കുക്ക് കേസ് ഫയല്‍ ചെയ്യുകയും കേസ് തീര്‍പ്പാകുന്നത് വരെ സ്ഥാനത്ത് തുടരാന്‍ സുപ്രിം കോടതി അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തു.
സെനറ്റിന്റെ അംഗീകാരം ലഭിച്ചാല്‍ പലിശനിരക്കുകള്‍ വന്‍തോതില്‍ കുറയ്ക്കുക എന്ന ലക്ഷ്യം നടപ്പാക്കുന്നതില്‍ വാര്‍ഷിന് വലിയ വെല്ലുവിളികള്‍ നേരിടേണ്ടിവരും. 19 അംഗങ്ങളുള്ള ഫെഡിന്റെ പലിശനിരക്ക് നിശ്ചയിക്കുന്ന സമിതിയില്‍ ചെയര്‍മാന്‍ ഒരംഗം മാത്രമാണ്. ഇവരില്‍ 12 പേര്‍ക്കാണ് ഓരോ പലിശനിരക്ക് തീരുമാനത്തിലും വോട്ടവകാശമുള്ളത്. സ്ഥിരമായ വിലക്കയറ്റത്തെക്കുറിച്ച് ആശങ്കപ്പെടുന്നവരും പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവരും തൊഴിലില്ലായ്മയിലെ വര്‍ധന സമ്പദ്വ്യവസ്ഥ മന്ദഗതിയിലാണെന്ന് സൂചിപ്പിക്കുന്നതിനാല്‍ പലിശനിരക്ക് കുറയ്ക്കണമെന്ന് വാദിക്കുന്നവരുമെല്ലാമായി നിലവില്‍ സമിതിയില്‍ പല അഭിപ്രായങ്ങളാണുള്ളത്.
ജൂലൈയില്‍ സി എന്‍ ബി സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഫെഡിന്റെ നയങ്ങള്‍ ഏറെക്കാലമായി ശരിയല്ലെന്ന് വാര്‍ഷ് അഭിപ്രായപ്പെട്ടിരുന്നു.
2006-ല്‍ താന്‍ ഫെഡില്‍ ചേര്‍ന്ന കാലത്തെ കേന്ദ്രബാങ്കും ഇപ്പോത്തെ കേന്ദ്രബാങ്കും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2021- 22 കാലഘട്ടത്തില്‍ വിലക്കയറ്റത്തിന് വഴിവെച്ചതോടെ കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മാക്രോ സാമ്പത്തിക നയ പിഴവാണ് ഫെഡ് വരുത്തിയതെന്നും അത് രാജ്യത്ത് വിഭജനമുണ്ടാക്കിയെന്നും വാര്‍ഷ് വിമര്‍ശിക്കുന്നു.
ട്രംപിന്റെ അതൃപ്തി പവലിന്റെ പുറത്താക്കലില്‍ കലാശിക്കുമെന്ന് കരുതിയിരുന്നുവെങ്കിലും നിയമപരമായി അതിന് സാധിക്കില്ലെന്ന് ജെറോം പവല്‍ വ്യക്തമാക്കിയിരുന്നു. പവലിന്റെ പിരിച്ചുവിടല്‍ എത്രയും വേഗം നടക്കണമെന്ന രീതിയില്‍ ട്രംപ് തന്റെ ട്രൂത്ത് സോഷ്യലില്‍ 2025 ഏപ്രിലിലാണ് കമന്റിട്ടത്. നിലവില്‍ ചുമതലയിലുള്ള ഫെഡ് ചെയര്‍മാനെ യുക്തമായ കാരണമില്ലാതെ പുറത്താക്കാനാകില്ലെന്നായിരുന്നു നിയമ വിദഗ്ധരുടേയും അഭിപ്രായം. എന്നാല്‍ പവലിനെ പുറത്താക്കണമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ലാത്ത ട്രംപ് ശക്തമായും ചില സമയങ്ങളില്‍ മിതമായ രീതിയിലുമെല്ലാം ഇക്കാര്യം പല തവണ ആവര്‍ത്തിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പിന്മുറക്കാരനെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കാലാവധി പൂര്‍ത്തിയാകുന്നതുവരെ പവലിന് പിടിച്ചു നില്‍ക്കാന്‍ സാധിക്കണമെന്നുമില്ല.
റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ 2025 ജൂലായ് 16ന് പവലിനെ ഫെഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട കത്ത് തയ്യാറാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യം ട്രംപ് നിഷേധിക്കുകയാണ് ചെയ്തത്.
