മുംബൈ: ശ്രീനാരായണ ഗുരുദേവന്റെ സന്യാസ പരമ്പരയിലേക്ക് അമേരിക്കയില്‍ നിന്നുള്ള ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥനും ജോണ്‍ ഹോപ്ക്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറും 35 വര്‍ഷക്കാലം ലോകമാകെ ജംബോ ഫ്‌ളൈറ്റ് ഉള്‍പ്പെടെ വിമാനങ്ങള്‍ പറത്തിയിട്ടുമുള്ള പ്രൊഫ. ബ്രൂസ് റസ്സല്‍ തന്റെ ശിഷ്യ എഡ്രിയാനൊപ്പം മുംബൈ നെറൂള്‍ ഗുരുദേവഗിരിയിലുള്ള ഗുരുദേവ ക്ഷേത്രത്തില്‍ വച്ച് സന്യാസ ദീക്ഷ സ്വീകരിച്ചു. പ്രൊഫ. ബ്രൂസ് റസല്‍ സ്വാമി ബ്രഹ്മാനന്ദ എന്നും എഡ്രിയന്‍ സ്വാമിനി ചിന്മയിദേവി എന്നും നാമകരണം ചെയ്യപ്പെട്ടു. അമേരിക്കയിലെ ശിവഗിരി ആശ്രമം ഓഫ് നോര്‍ത്ത് അമേരിക്ക ആശ്രമ അധിപന്‍ സ്വാമി ഗുരുപ്രസാദ് ഇരുവര്‍ക്കും സന്യാസദീക്ഷ നല്‍കി. ശിവഗിരി മഠം മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി ബോധിതീര്‍ത്ഥ, ശിവഗിരി ബ്രഹ്മവിദ്യാലയം ആചാര്യന്‍ സ്വാമി നിത്യസ്വരൂപാനന്ദ, സ്വാമി ശങ്കരാനന്ദ, സ്വാമി സംവിധാനന്ദ, സിംഗപ്പൂരില്‍ നിന്നും രമണിസിദ്ധ മാതാജി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
ശിവഗിരി ആശ്രമം ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡണ്ടും ആലുംമൂട്ടില്‍ തറവാടിന്റെ കാരണവരുമായ ഡോ. ശിവദാസന്‍ മാധവന്‍ ചാന്നാര്‍, ശ്രീനാരായണ മന്ദിര്‍ സമിതി മുംബൈ ഭാരവാഹികളായ ഡോ. എം ഐ ദാമോദരന്‍, ഒ കെ പ്രസാദ്, എസ് ചന്ദ്രബാബു, എന്‍ മോഹന്‍ദാസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
