ദുബായ്: കഴിഞ്ഞ വര്‍ഷം ഇസ്രായേലും അമേരിക്കയും ആക്രമിച്ച രണ്ട് ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നതായി ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. പ്ലാനറ്റ് ലാബ്‌സ് പി ബി സി പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങള്‍ പ്രകാരം ഇസ്ഫഹാനും നതാന്‍സും ഉള്‍പ്പെടെയുള്ള ആണവ കേന്ദ്രങ്ങളിലെ കേടുപാടേറ്റ രണ്ട് കെട്ടിടങ്ങള്‍ക്ക് മുകളില്‍ മേല്‍ക്കൂര നിര്‍മിച്ചതായി വ്യക്തമാകുന്നുണ്ട്. ജൂണില്‍ ഇസ്രായേലും ഇറാനും തമ്മില്‍ നടന്ന 12 ദിവസത്തെ യുദ്ധത്തിന് ശേഷം ഇറാന്റെ ആക്രമിക്കപ്പെട്ട ആണവ കേന്ദ്രങ്ങളില്‍ ഉപഗ്രഹങ്ങളില്‍ വ്യക്തമായി കാണുന്ന ആദ്യത്തെ പ്രധാന പ്രവര്‍ത്തനമാണിത്.
ഈ മേല്‍ക്കൂരകള്‍ ഭൂതലത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ഉപഗ്രഹ നിരീക്ഷണത്തില്‍ നിന്ന് മറയ്ക്കുന്നതാണ്. നിലവില്‍, അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഈ കേന്ദ്രങ്ങളില്‍ പ്രവേശനം നിഷേധിച്ചിരിക്കുന്നതിനാല്‍ ഉപഗ്രഹ നിരീക്ഷണമാണ് അവരെ സംബന്ധിച്ചിടത്തോളം ഏക മാര്‍ഗം.
ഇരു കേന്ദ്രങ്ങളിലെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇറാന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജന്‍സിയായ ഐ എ ഇ എയും പ്രതികരിച്ചിട്ടില്ല.
ഇറാനിലെ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തിയതിനെ തുടര്‍ന്ന് സൈനിക നടപടിയുണ്ടാകുമെന്ന് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് തുടര്‍ച്ചയായി ഭീഷണിപ്പെടുത്തുന്നതിനിടയിലാണ് ആണവ കേന്ദ്രങ്ങളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നിരിക്കുന്നത്.
വിദഗ്ധരുടെ വിലയിരുത്തലനുസരിച്ച് പുതിയ മേല്‍ക്കൂരകള്‍ ആണവ കേന്ദ്രങ്ങളുടെ പുനര്‍നിര്‍മാണം ആരംഭിച്ചതിന്റെ സൂചനയല്ല. മറിച്ച്, ആക്രമണത്തില്‍ അവശേഷിച്ച പ്രധാന സാമഗ്രികള്‍ഉയര്‍ന്ന തോതില്‍ സമ്പുഷ്ടമാക്കിയ യുറേനിയം പോലുള്ളവ രക്ഷപ്പെട്ടിട്ടുണ്ടോ എന്ന് വിലയിരുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിരിക്കാമെന്നാണ്. വാഷിംഗ്ടണിലെ ഫൗണ്ടേഷന്‍ ഫോര്‍ ഡിഫന്‍സ് ഓഫ് ഡെമോക്രസീസ് സ്ഥാപനത്തിലെ ഗവേഷക ആന്‍ഡ്രിയ സ്ട്രിക്കര്‍ പറയുന്നത് ഇസ്രായേലോ അമേരിക്കയോ അറിയാതെ എന്തെല്ലാം രക്ഷപ്പെടുത്താനാകുമോ അതിലേക്കാണ് അവരുടെ ശ്രമം എന്നാണ്.
ജൂണിലെ യുദ്ധത്തിന് മുമ്പ് ഇറാന് മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളുണ്ടായിരുന്നു. തങ്ങളുടെ ആണവ പദ്ധതി സമാധാനപരമാണെന്ന് ഇറാന്‍ ദീര്‍ഘകാലമായി അവകാശപ്പെടുന്നുണ്ടെങ്കിലും സമീപകാലത്ത് ആണവായുധം വികസിപ്പിക്കുമെന്ന ഭീഷണിയും ഉയര്‍ന്നിരുന്നു. 2003 വരെ സംഘടിതമായ ആണവായുധ പദ്ധതി ഇറാനില്‍ നിലനിന്നിരുന്നുവെന്നാണ് പാശ്ചാത്യ രാജ്യങ്ങളും ഐ എ ഇ എയും വ്യക്തമാക്കുന്നത്.
തെഹ്‌റാനില്‍ നിന്ന് 220 കിലോമീറ്റര്‍ തെക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന നതാന്‍സ് കേന്ദ്രം ഇറാനിലെ യുറേനിയം സമ്പുഷ്ടീകരണത്തിന്റെ ഭൂരിഭാഗവും നടന്നിരുന്ന സ്ഥലമാണ്. യുദ്ധത്തിന് മുമ്പ്, ഇവിടെ 60 ശതമാനം വരെ യുറേനിയം സമ്പുഷ്ടീകരണം നടത്തിയിരുന്നുവെന്ന് ഐ എ ഇ എ അറിയിച്ചിരുന്നു. ആയുധ നിലവാരമായ 90 ശതമാനത്തിലേക്ക് എത്താന്‍ ഇതില്‍ നിന്ന് ചെറിയ സാങ്കേതിക ചുവടു മാത്രമേ വേണ്ടുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇസ്ഫഹാനിന് സമീപമുള്ള കേന്ദ്രം പ്രധാനമായും സെന്‍ട്രിഫ്യൂജുകളില്‍ ഉപയോഗിക്കുന്ന യുറേനിയം വാതകം ഉത്പാദിപ്പിക്കുന്നതിനായിരുന്നു.
മൂന്നാമത്തെ കേന്ദ്രമായ ഫോഡോ തലസ്ഥാനത്തിന്റെ തെക്കുപടിഞ്ഞാറായി മലനിരകള്‍ക്കടിയില്‍ സ്ഥിതി ചെയ്യുന്ന ശക്തമായി സംരക്ഷിക്കപ്പെട്ട സമ്പുഷ്ടീകരണ കേന്ദ്രമാണ്.
കഴിഞ്ഞ വര്‍ഷത്തെ യുദ്ധത്തിനിടെ ആദ്യം ഇസ്രായേല്‍ ഈ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ആക്രമണം നടത്തി. തുടര്‍ന്ന് അമേരിക്ക ബങ്കര്‍-ബസ്റ്റര്‍ ബോംബുകളും ടോമഹാക് ക്രൂസ് മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്തി. ഇതോടെ ഇറാന്റെ ആണവ പദ്ധതി ഗൗരവമായി തകര്‍ന്നതായി വൈറ്റ് ഹൗസ് വിലയിരുത്തിയിരുന്നുവെങ്കിലും നാശനഷ്ടത്തിന്റെ കൃത്യമായ വിശദാംശങ്ങള്‍ ഇതുവരെ പരസ്യമായിട്ടില്ല. ആക്രമണങ്ങള്‍ക്ക് ശേഷം ഐ എ ഇ എ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഈ കേന്ദ്രങ്ങളില്‍ പ്രവേശനം അനുവദിച്ചിട്ടില്ല.
നതാന്‍സിലെ ഭൂതല സമ്പുഷ്ടീകരണ കെട്ടിടം ജൂണ്‍ 13-ന് ഇസ്രായേല്‍ ആക്രമിച്ചതോടെ പ്രവര്‍ത്തനരഹിതമായതായി ഐ എ ഇ എ ഡയറക്ടര്‍ ജനറല്‍ റാഫേല്‍ മരിയാനോ ഗ്രോസ്സി വ്യക്തമാക്കിയിരുന്നു. ജൂണ്‍ 22-ന് അമേരിക്ക നടത്തിയ തുടര്‍ ആക്രമണത്തില്‍ ഭൂഗര്‍ഭ സൗകര്യങ്ങളും വലിയ തോതില്‍ തകര്‍ന്നതായാണ് വിലയിരുത്തല്‍.
ഉപഗ്രഹ ചിത്രങ്ങള്‍ പ്രകാരം, ഡിസംബര്‍ മുതല്‍ നതാന്‍സില്‍ കേടുപാടേറ്റ കെട്ടിടത്തിന് മുകളില്‍ മേല്‍ക്കൂര നിര്‍മാണം ആരംഭിക്കുകയും മാസാവസാനം അത് പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ വൈദ്യുതി സംവിധാനം ഇപ്പോഴും തകര്‍ന്ന നിലയിലാണ്.
നതാന്‍സിന് സമീപമുള്ള പിക്കാക്സ് മൗണ്ടന്‍ എന്നറിയപ്പെടുന്ന പ്രദേശത്ത് 2023 മുതല്‍ ആരംഭിച്ച ഭൂഗര്‍ഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തുടരുന്നതായി ഉപഗ്രഹങ്ങള്‍ കാണിക്കുന്നു. ഇവിടെ പുതിയ ഭൂഗര്‍ഭ ആണവ കേന്ദ്രം നിര്‍മിക്കുകയാണെന്ന സംശയവുമുണ്ട്.
ഇസ്ഫഹാനിലും സമാനമായ മേല്‍ക്കൂര നിര്‍മാണം ജനുവരി ആദ്യം പൂര്‍ത്തിയായി. അതേസമയം, സമീപമുള്ള മലനിരയിലെ രണ്ട് തുരങ്കങ്ങള്‍ മണ്ണിട്ട് അടച്ചതായും മൂന്നാമത്തെ തുരങ്കം സുരക്ഷാ നടപടികളോടെ തുറന്നതായും ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു.
ഉപഗ്രഹ നിരീക്ഷണം ഒഴിവാക്കി അവശേഷിക്കുന്ന സാമഗ്രികള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കങ്ങള്‍ എന്ന വിലയിരുത്തലാണ് വാഷിംഗ്ടണിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റിയിലെ ഗവേഷക സാറാ ബര്‍ക്കാര്‍ഡ് നടത്തുന്നത്.
ജെയിന്‍സ് എന്ന ഓപ്പണ്‍-സോഴ്സ് ഇന്റലിജന്‍സ് സ്ഥാപനത്തിലെ വിദഗ്ധന്‍ ഷോണ്‍ ഒ'കോണറും ഇത് പുനര്‍നിര്‍മാണമല്ല മറിച്ച് പ്രവര്‍ത്തനങ്ങള്‍ മറയ്ക്കാനുള്ള ശ്രമമാണെന്ന അഭിപ്രായം പങ്കുവച്ചു.
യുദ്ധത്തിന് ശേഷം ഇറാന്‍ തങ്ങളുടെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയും പുനഃസ്ഥാപിക്കുന്നതായും തെഹ്‌റാനിന് സമീപമുള്ള പാര്‍ച്ചിന്‍ സൈനിക സമുച്ചയത്തില്‍ ഉള്‍പ്പെടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. താലേഘാന്‍-2 എന്നറിയപ്പെടുന്ന കേന്ദ്രത്തില്‍ അടുത്തിടെ നടന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
