ഇന്ത്യയ്ക്ക് വെനിസ്വേലന്‍ ക്രൂഡ് വാഗ്ദാനം ചെയ്ത് യു എസ്

ഇന്ത്യയ്ക്ക് വെനിസ്വേലന്‍ ക്രൂഡ് വാഗ്ദാനം ചെയ്ത് യു എസ്


ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി കുറയ്ക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നതിനിടെ അതിന് പകരമായി വെനിസ്വേലയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വാങ്ങല്‍ പുന:രാരംഭിക്കാന്‍ ഇന്ത്യയ്ക്ക് അനുമതി നല്‍കാമെന്ന് അമേരിക്ക അറിയിച്ചതായി സ്രോതസ്സുകളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 

വെനിസ്വേലന്‍ എണ്ണ വാങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇന്ത്യയ്ക്ക് യു എസ് തീരുവ ചുമത്തിയിരുന്നു. എന്നാല്‍ റഷ്യന്‍ എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിന് സഹായകരമാകുന്ന തരത്തില്‍ വെനിസ്വേലന്‍ ക്രൂഡ് വീണ്ടും ഇന്ത്യയ്ക്ക് ലഭ്യമാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ അമേരിക്ക നടത്തുന്നത്.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് യു എസ് തീരുവ വര്‍ധിപ്പിച്ചതിന് പിന്നാലെ റഷ്യന്‍ ക്രൂഡ് വാങ്ങല്‍ ഗണ്യമായി കുറയ്ക്കാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. 

2025 മാര്‍ച്ചില്‍ വെനിസ്വേലന്‍ എണ്ണ വാങ്ങുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്കെതിരെ യു എസ് ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ജനുവരി 3-ന് യു എസ് സേന മഡൂറോയെ പിടികൂടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വെനിസ്വേലയുടെ എണ്ണ വ്യവസായം നിയന്ത്രിക്കാന്‍ ദീര്‍ഘകാല പദ്ധതികള്‍ക്ക് വാഷിംഗ്ടണ്‍ തുടക്കമിട്ടു.

യുക്രെയ്ന്‍ യുദ്ധത്തിന് ധനസഹായം നല്‍കുന്ന റഷ്യന്‍ എണ്ണ വരുമാനം കുറയ്ക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇന്ത്യയ്ക്ക് വെനിസ്വേലന്‍ ക്രൂഡ് നല്‍കാനുള്ള യു എസ് നീക്കമെന്നും വിലയിരുത്തപ്പെടുന്നു. എന്നാല്‍ ഈ എണ്ണ വിറ്റഴിക്കുന്നത് വിറ്റോള്‍, ട്രാഫിഗുറ പോലുള്ള ട്രേഡിംഗ് സ്ഥാപനങ്ങളിലൂടെയോ അല്ലെങ്കില്‍ വെനിസ്വേലയുടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പി ഡി വി എസ് എ നേരിട്ടോ എന്നതില്‍ വ്യക്തതയില്ല.

വൈറ്റ് ഹൗസും യു എസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റും വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. 

2022-ല്‍ റഷ്യ യുക്രെയ്‌നെ ആക്രമിച്ചതിന് പിന്നാലെ പാശ്ചാത്യ ഉപരോധങ്ങള്‍ മൂലം വില കുറഞ്ഞതോടെ ഇന്ത്യ റഷ്യന്‍ എണ്ണയുടെ പ്രധാന ഉപഭോക്താവായി മാറിയിരുന്നു. എന്നാല്‍ റഷ്യന്‍ എണ്ണ ഇറക്കുമതി കുറയുന്ന സാഹചര്യത്തില്‍ ഇന്ത്യ ക്രൂഡ് ഉറവിടങ്ങള്‍ വൈവിധ്യമാക്കുകയാണെന്ന് കഴിഞ്ഞ ആഴ്ച മന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കിയിരുന്നു.

റോയിറ്റേഴ്സ് വൃത്തങ്ങള്‍ പറയുന്നതനുസരിച്ച് ഇന്ത്യ ഉടന്‍ റഷ്യന്‍ എണ്ണ ഇറക്കുമതി പ്രതിദിനം 10 ലക്ഷം ബാരലില്‍ താഴെയാക്കാനാണ് ലക്ഷ്യമിടുന്നത്. ജനുവരിയില്‍ ഇത് ഏകദേശം 12 ലക്ഷം ബാരലായിരുന്നുവെന്നും ഫെബ്രുവരിയില്‍ 10 ലക്ഷം ബാരലിലേക്കും മാര്‍ച്ചില്‍ 8 ലക്ഷം ബാരലിലേക്കും താഴാന്‍ സാധ്യതയുണ്ടെന്നും ഒരു വൃത്തം വ്യക്തമാക്കി.

അവസാനമായി ഇത് 5 മുതല്‍ 6 ലക്ഷം ബാരല്‍ പ്രതിദിനം വരെ കുറയുമെന്നാണ് കണക്കാക്കുന്നത്. ഇതുവഴി അമേരിക്കയുമായുള്ള വ്യാപാര കരാര്‍ സാധ്യമാകുമെന്ന പ്രതീക്ഷയും ഉയരുന്നുണ്ട്.

റഷ്യന്‍ എണ്ണ വാങ്ങിയതിനെ തുടര്‍ന്ന് ഇന്ത്യയ്ക്ക് യു എസ് ചുമത്തിയ തീരുവകള്‍ ഓഗസ്റ്റില്‍ 50 ശതമാനമായി ഉയര്‍ന്നിരുന്നു. പാശ്ചാത്യ ഉപരോധങ്ങള്‍ സൃഷ്ടിച്ച വെല്ലുവിളികളെ തുടര്‍ന്ന് ഇന്ത്യന്‍ റിഫൈനറികള്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് എണ്ണ വാങ്ങല്‍ വര്‍ധിപ്പിച്ചു.

വ്യാപാര ഡേറ്റ പ്രകാരം ഡിസംബറില്‍ ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇതോടെ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ ഒപെക് രാജ്യങ്ങളുടെ പങ്ക് 11 മാസത്തിനിടയിലെ ഉയര്‍ന്ന നിലയിലെത്തി.

റഷ്യന്‍ എണ്ണ ഇറക്കുമതി കുറയുന്നതിന് പകരമായി മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണ അമേരിക്ക തുടങ്ങിയ മേഖലകളില്‍ നിന്ന് ഇന്ത്യന്‍ റിഫൈനറികള്‍ കൂടുതല്‍ എണ്ണ വാങ്ങുകയാണ്.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഹിന്ദുസ്ഥാന്‍ പെട്രോളിയം, മംഗളൂര്‍ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ്, സ്വകാര്യ സ്ഥാപനമായ എച്ച് പി സി എല്‍ മിത്തല്‍ എനര്‍ജി എന്നിവ റഷ്യന്‍ എണ്ണ വാങ്ങല്‍ ഇതിനകം നിര്‍ത്തിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ റിഫൈനിംഗ് കോംപ്ലക്‌സ് നടത്തുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഫെബ്രുവരി മുതല്‍ പ്രതിദിനം 1.5 ലക്ഷം ബാരല്‍ റഷ്യന്‍ എണ്ണ വാങ്ങുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ തുടങ്ങിയ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളും റഷ്യന്‍ എണ്ണ വാങ്ങല്‍ കുറച്ചതായി ഈ ആഴ്ച നടന്ന ഇന്ത്യ എനര്‍ജി വീക്കില്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.