എപ്സ്റ്റീൻ കേസിൽ പുതിയ വെളിപ്പെടുത്തൽ; പ്രിൻസ് ആൻഡ്രുവിനെതിരെ രണ്ടാമത്തെ സ്ത്രീയുടെ ആരോപണം

എപ്സ്റ്റീൻ കേസിൽ പുതിയ വെളിപ്പെടുത്തൽ; പ്രിൻസ് ആൻഡ്രുവിനെതിരെ രണ്ടാമത്തെ സ്ത്രീയുടെ ആരോപണം


ലണ്ടൻ : ജെഫ്രി എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾ വീണ്ടും ബ്രിട്ടീഷ് രാജകുടുംബത്തെ ലക്ഷ്യമിടുന്നു. എപ്സ്റ്റീൻ തന്റെ നിർദേശപ്രകാരം തന്നെ യുകെയിലേക്ക് അയച്ച്, അന്നത്തെ പ്രിൻസ് ആൻഡ്രുവുമായി ലൈംഗികബന്ധത്തിന് നിർബന്ധിതയാക്കിയെന്ന ഗുരുതര ആരോപണവുമായി രണ്ടാമത്തെ സ്ത്രീ രംഗത്തെത്തിയിരിക്കുകയാണ്. യുവതിയുടെ അഭിഭാഷകൻ ബ്രാഡ് എഡ്വേഡ്‌സാണ് ഇക്കാര്യം ബി.ബി.സിയോട് വെളിപ്പെടുത്തിയത്.

2010ൽ, ആൻഡ്രുവിന്റെ വിൻസർ എസ്റ്റേറ്റിലെ റോയൽ ലോഡ്ജിലായിരുന്നു സംഭവം നടന്നതെന്നാണു ആരോപണം. അന്ന് ഇരുപതുകളുടെ പ്രായത്തിലായിരുന്ന യുവതി ബ്രിട്ടീഷ് പൗരയല്ല. ആൻഡ്രുവിനൊപ്പം രാത്രി കഴിച്ചതിനു പിന്നാലെ, ബക്കിംഗ്ഹാം പാലസ് സന്ദർശനത്തിനും ചായസമ്മേളനത്തിനും അവസരം ലഭിച്ചുവെന്നുമാണ് യുവതിയുടെ മൊഴി.

ഈ ആരോപണം സംബന്ധിച്ച് പ്രിൻസ് ആൻഡ്രുവിന്റെ പ്രതികരണം ലഭിച്ചിട്ടില്ല. യുവതിയുടെ തിരിച്ചറിയൽ പുറത്താകുമെന്നതിനാൽ, അവർ ബക്കിംഗ്ഹാം പാലസ് സന്ദർശിച്ചതായി സ്ഥിരീകരിക്കാനും മാധ്യമങ്ങൾക്ക് കഴിഞ്ഞിട്ടില്ല.

രാജകീയ വസതിയിൽ നടന്നതായി പറയുന്ന ലൈംഗികബന്ധത്തെക്കുറിച്ചുള്ള ആരോപണം, ഒരു എപ്സ്റ്റീൻ അതിജീവിതയിൽ നിന്ന് ആദ്യമായാണ് ഉയരുന്നത്. ലോകമെമ്പാടുമുള്ള 200ലധികം എപ്സ്റ്റീൻ ഇരകളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകനാണ് എഡ്വേഡ്‌സ്. മുൻപ്, വിർജീനിയ ജിയുഫ്രെ എന്ന യുവതി, 17ാം വയസ്സിൽ 2001ൽ ലണ്ടനിലേക്ക് കൊണ്ടുവന്ന് ആൻഡ്രുവുമായി ലൈംഗികബന്ധത്തിന് നിർബന്ധിതയാക്കിയെന്ന ആരോപണം ഉന്നയിച്ചിരുന്നു. ആ കേസിൽ 2022ൽ ധാരണയിലെത്തിയിരുന്നുവെങ്കിലും, ജിയുഫ്രെ കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തു.

പുതിയ കേസിൽ, സംഭവത്തിനു മുൻപ് യുവതിയുമായി ആൻഡ്രുവിന് ആശയവിനിമയം ഉണ്ടായിരുന്നുവെന്ന രേഖകൾ ഉണ്ടെന്ന അവകാശവാദവും അഭിഭാഷകൻ ഉന്നയിക്കുന്നു. എന്നാൽ, ആൻഡ്രുവിന്റെ നിയമോപദേശകരുമായി ഉണ്ടായിരുന്ന ബന്ധം, അദ്ദേഹത്തിന്റെ രാജകീയ പദവികളും ബഹുമതികളും നീക്കം ചെയ്തതിനു ശേഷം നിലച്ചതായും എഡ്വേഡ്‌സ് പറയുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ്, ജിയുഫ്രെയുടെ മരണാനന്തര ആത്മകഥ പുറത്തുവന്നതിനെ തുടർന്ന്, ആൻഡ്രുവിന്റെ എല്ലാ രാജകീയ പദവികളും ഔദ്യോഗിക ബഹുമതികളും നീക്കം ചെയ്തത്. റോയൽ ലോഡ്ജ് ഒഴിയേണ്ടി വരുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഈ നടപടികൾ ഇരകൾക്ക് നീതി ലഭിക്കുന്നതിന് സഹായകരമല്ലെന്നും, മറിച്ച് നഷ്ടപരിഹാരത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ അവസരമൊരുക്കുന്നുവെന്നും അഭിഭാഷകൻ വിമർശിച്ചു.

എപ്സ്റ്റീൻ നിരവധി സ്ത്രീകളെ വാണിജ്യവിമാനങ്ങളിലൂടെയും സ്വകാര്യ ജെറ്റുകളിലൂടെയും യുകെയിലേക്ക് കടത്തിയെന്ന ബി.ബി.സി അന്വേഷണ റിപ്പോർട്ടും ഈ പശ്ചാത്തലത്തിൽ വീണ്ടും ശ്രദ്ധ നേടുന്നു. അതേസമയം, രാജകുടുംബം പുറത്തിറക്കിയ പ്രസ്താവനയിൽ, 'എല്ലാ തരത്തിലുള്ള പീഡനത്തിന്റെയും ഇരകളോടും അതിജീവിതരോടും രാജകുടുംബത്തിന്റെ ആഴത്തിലുള്ള അനുഭാവം തുടരുന്നു' എന്ന നിലപാടാണ് ആവർത്തിച്ചത്.

പുതിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ, പ്രിൻസ് ആൻഡ്രുവിനെതിരെ സിവിൽ കേസ് ഫയൽ ചെയ്യാനുള്ള സാധ്യതയും അഭിഭാഷകൻ പരിശോധിച്ചുവരികയാണ്. ആരോപണങ്ങൾ ശക്തമാകുന്നുണ്ടെങ്കിലും, അവയെല്ലാം ആൻഡ്രു ഇതുവരെ പൂർണമായി നിഷേധിച്ചുവരികയാണ്. സ്ഥിരീകരണവും നിഷേധവും തുടരുന്ന  ഈ ഘട്ടത്തിൽ, എപ്സ്റ്റീൻ കേസിന്റെ അന്താരാഷ്ട്ര പ്രത്യാഘാതങ്ങളും തുടരുകയാണ്.