കേന്ദ്ര ബജറ്റ് ഇന്ന്; നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്നത് ഒൻപതാമത് ബജറ്റ്

കേന്ദ്ര ബജറ്റ് ഇന്ന്; നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്നത് ഒൻപതാമത് ബജറ്റ്


ന്യൂഡൽഹി: രാജ്യത്തിന്റെ സാമ്പത്തിക ദിശ നിർണയിക്കുന്ന കേന്ദ്ര ബജറ്റ് 2026-27 ഇന്ന് ലോക്‌സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിലെ നിർണായക ദിനമായ ഫെബ്രുവരി 1 നാണ് ധനമന്ത്രി തന്റെ ഒൻപതാമത്തെ ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കുന്നത്.

വരുമാന - ചെലവു കണക്കുകൾ, നികുതി നയം, സാമ്പത്തിക പരിഷ്‌കാരങ്ങൾ, വികസന പദ്ധതികൾ എന്നിവയാണ് ബജറ്റിന്റെ മുഖ്യ ആകർഷണം. കഴിഞ്ഞ വ്യാഴാഴ്ച (ജനുവരി 29) അവതരിപ്പിച്ച സാമ്പത്തിക സർവേയോടെയാണ് ബജറ്റ് നടപടികൾക്ക് ഔപചാരിക തുടക്കമായത്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ സ്ഥിരതയുള്ള വളർച്ച പാതയിലാണെന്ന് സർവേ വിലയിരുത്തിയെങ്കിലും, ആഗോള അനിശ്ചിതത്വങ്ങളും ആഭ്യന്തര തൊഴിൽ സൃഷ്ടിയും പ്രധാന വെല്ലുവിളികളായി ചൂണ്ടിക്കാട്ടി.

ഇന്നത്തെ ബജറ്റിൽ മൂലധന ചെലവ് വർധിപ്പിക്കൽ, അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക വളർച്ചയ്ക്ക് ഉത്തേജനം നൽകുന്ന നടപടികൾ എന്നിവയ്ക്ക് മുൻതൂക്കം നൽകുമെന്നാണ് പ്രതീക്ഷ. വരുമാന നികുതി സ്ലാബുകളിലുണ്ടാകാവുന്ന മാറ്റങ്ങൾ, ധനക്കമ്മി ലക്ഷ്യങ്ങൾ, കടം എടുക്കൽ പദ്ധതികൾ തുടങ്ങിയവ വിപണികളും നികുതിദായകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

അടിസ്ഥാന സൗകര്യ വികസനം, പ്രതിരോധ മേഖല, പുനരുപയോഗ ഊർജം, കൃഷി, സൂക്ഷ്മ-ചെറു-ഇടത്തരം സംരംഭങ്ങൾ (MSME), ഡിജിറ്റൽ സാങ്കേതികവിദ്യ എന്നിവയ്ക്ക് പ്രത്യേക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നതാണ് വ്യവസായ ലോകത്തിന്റെ പ്രതീക്ഷ.

രാജ്യത്തിന്റെ സാമ്പത്തിക ഭാവി നിർണയിക്കുന്ന പ്രഖ്യാപനങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ പാർലമെന്റും വിപണികളും ഇന്ന് ഉറ്റുനോക്കുകയാണ്.