'ആകാംക്ഷയും ദീർഘവീക്ഷണവും നിറഞ്ഞ ബജറ്റ്'; കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി

'ആകാംക്ഷയും ദീർഘവീക്ഷണവും നിറഞ്ഞ ബജറ്റ്'; കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി


ന്യൂഡൽഹി: കേന്ദ്ര ബജറ്റ് 2026നെ 'റീഫോം എക്‌സ്പ്രസിന്റെ' റോഡ്മാപ്പെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വികസിത ഭാരത് 2047 എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയ്ക്ക് ശക്തമായ അടിത്തറയിടുന്നതാണ് ഈ ബജറ്റെന്നും അദ്ദേഹം പറഞ്ഞു. ധനമന്ത്രി നിർമല സീതാരാമൻ തുടർച്ചയായി ഒൻപതാം തവണ ബജറ്റ് അവതരിപ്പിച്ചതിലൂടെ ചരിത്ര നേട്ടം കൈവരിച്ചുവെന്നും പ്രധാനമന്ത്രി അഭിനന്ദിച്ചു.

ബജറ്റിലെ ദീർഘവീക്ഷണമുള്ള പരിഷ്‌കാരങ്ങൾ ഇന്ത്യയിലെ കഴിവുറ്റതും ധൈര്യവുമുള്ള യുവതലമുറയ്ക്ക് 'തുറന്ന ആകാശം' ഒരുക്കുമെന്ന് മോഡി പറഞ്ഞു. ധനക്കമ്മി കുറയ്ക്കാനും പണപ്പെരുപ്പം നിയന്ത്രിക്കാനും ഒരേസമയം മൂലധന ചെലവും വളർച്ചയും ഉറപ്പാക്കുന്നതാണ് ബജറ്റിന്റെ മുഖ്യ സവിശേഷതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥ എന്ന നിലയിൽ തൃപ്തിപ്പെടാനല്ല ഇന്ത്യ. ഏറ്റവും വേഗം മൂന്നാമത്തെ വലിയ ആഗോള സമ്പദ്‌വ്യവസ്ഥയാകുകയാണ് 140 കോടി ജനങ്ങളുടെ ലക്ഷ്യം,' പ്രധാനമന്ത്രി പറഞ്ഞു. വിശ്വസനീയമായ ജനാധിപത്യ പങ്കാളിയെന്ന നിലയിലും ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളുടെ വിതരണക്കാരനെന്ന നിലയിലും ഇന്ത്യയുടെ ആഗോള പങ്ക് വർധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ ഒപ്പുവച്ച പുതിയ വ്യാപാര കരാറുകളുടെ പരമാവധി പ്രയോജനം യുവാക്കൾക്കും ചെറുകിടഇടത്തരം സംരംഭങ്ങൾക്കും ലഭിക്കുന്ന തരത്തിലാണ് ബജറ്റിലെ നടപടികളെന്നും പ്രധാനമന്ത്രി പറഞ്ഞു. 'മദർ ഓഫ് ഓൾ ഡീൽസ്' എന്നറിയപ്പെടുന്ന വ്യാപാര കരാറുകൾ രാജ്യത്തെ വളർച്ചയ്ക്ക് വേഗം നൽകുമെന്നും അദ്ദേഹം വിലയിരുത്തി.

വിനോദസഞ്ചാര മേഖലയ്ക്ക്, പ്രത്യേകിച്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക്, ബജറ്റിൽ പ്രത്യേക പ്രാധാന്യം നൽകിയതായും പ്രധാനമന്ത്രി വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളെ ശക്തിപ്പെടുത്തുന്നതിലൂടെ സമതുലിതവും സമഗ്രവുമായ വികസനത്തിനുള്ള അടിത്തറ ബജറ്റ് ഒരുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതിവേഗ റെയിൽ ഇടനാഴികളുടെ നിർമ്മാണം, ടയർ2, ടയർ3 നഗരങ്ങളുടെ വളർച്ചയ്ക്ക് പ്രത്യേക ശ്രദ്ധ, അടിസ്ഥാന സൗകര്യ വികസനത്തിലെ വൻ പദ്ധതികൾ എന്നിവ സംസ്ഥാനങ്ങളുടെ വികസനത്തിന് കരുത്തേകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.