ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്കുള്ള പണമിടപാടുകളില്‍ മുന്‍കൂറായി ഈടാക്കുന്ന ടാക്‌സ് കളക്ടഡ് അറ്റ് സോഴ്‌സ് (ടിസിഎസ് ) നിരക്കുകളില്‍ കേന്ദ്ര ബജറ്റ് കാര്യമായ ഇളവുകള്‍ പ്രഖ്യാപിച്ചു. വിദേശ യാത്ര, വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പണം അയക്കുന്നവര്‍ക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും.
വിദേശ ടൂര്‍ പാക്കേജുകള്‍ക്ക് നിലവിലുണ്ടായിരുന്ന 5 ശതമാനവും 20 ശതമാനവും ടിസിഎസ് നിരക്ക് 2 ശതമാനമായി കുറച്ചു. മിനിമം പരിധി ബാധകമല്ലാത്തതിനാല്‍, വിദേശ യാത്രയ്ക്കായി അയക്കുന്ന മുഴുവന്‍ തുകയ്ക്കും ഈ ഇളവ് ലഭിക്കും.
വിദേശത്ത് പഠിക്കുന്നവര്‍ക്കും ചികിത്സ തേടുന്നവര്‍ക്കും ബജറ്റ് ആശ്വാസം നല്‍കുന്നു. ലിബറലൈസ്ഡ് റിമിറ്റന്‍സ് സ്‌കീം (എല്‍ആര്‍എസ്) പ്രകാരം വിദ്യാഭ്യാസം, ചികിത്സ എന്നീ ആവശ്യങ്ങള്‍ക്കായി ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് അയക്കുന്ന തുകയ്ക്ക് നിലവില്‍ 5 ശതമാനം ടിസിഎസ് ഈടാക്കിയിരുന്നു. ഇത് ഇനി 2 ശതമാനമായി കുറയ്ക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.
വിദേശ ചെലവുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഭാരം കുറയ്ക്കാനും, സാധാരണക്കാര്‍ക്ക് റിമിറ്റന്‍സ് നടപടികള്‍ കൂടുതല്‍ സുഗമമാക്കാനുമാണ് ഈ തീരുമാനമെന്ന് വിലയിരുത്തപ്പെടുന്നു.
വിദേശത്തേക്ക് പണമയക്കല്‍: ടിസിഎസ് വെട്ടിക്കുറച്ച് ബജറ്റ്; യാത്ര, വിദ്യാഭ്യാസം, ചികിത്സയ്ക്ക് ആശ്വാസം
