മൂന്ന് വർഷത്തിൽ 692 മില്യന്‍ ഡോളര്‍ വരെ പ്രതിഫലം: ഗൂഗിൾ മാതൃകമ്പനി തലവൻ സുന്ദർ പിച്ചായിക്ക് പുതിയ പദ്ധതി

മൂന്ന് വർഷത്തിൽ 692 മില്യന്‍  ഡോളര്‍ വരെ  പ്രതിഫലം: ഗൂഗിൾ മാതൃകമ്പനി തലവൻ സുന്ദർ പിച്ചായിക്ക് പുതിയ  പദ്ധതി


ഗൂഗിൾ മാതൃകമ്പനിയായ ആൽഫബെറ്റ് കമ്പനിയുടെ സി.ഇ.ഒ സുന്ദർ പിച്ചായിക്ക് മൂന്ന് വർഷത്തിനുള്ളിൽ പരമാവധി 692 മില്യന്‍ ഡോളര്‍ വരെ ലഭിക്കാവുന്ന പുതിയ ശമ്പള പാക്കേജിന് അംഗീകാരം ലഭിച്ചു. ഓഹരി മേൽനോട്ട സ്ഥാപനമായ യു.എസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷന് (എസ്.ഇ.സി) സമർപ്പിച്ച രേഖകളിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്.
മൂന്ന് വർഷത്തെ പ്രകടനകാലയളവിനെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ പ്രതിഫല പദ്ധതി. കൂടുതലും കമ്പനി ഓഹരികളുമായി ബന്ധപ്പെട്ട ഇൻസെന്റീവുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രത്യേകിച്ച് കമ്പനിയുടെ പുതിയ സംരംഭങ്ങളുടെ വളർച്ചയും മൂല്യവും കണക്കിലെടുത്താണ് പ്രധാന ഭാഗം നിശ്ചയിച്ചിരിക്കുന്നത്.

സ്വയം നിയന്ത്രിത വാഹന സാങ്കേതികവിദ്യ വികസിപ്പിക്കുന്ന വേമോ എന്ന കമ്പനിയുടെ വളർച്ചയെ ആശ്രയിച്ചാണ് ഏറ്റവും വലിയ ഇൻസെന്റീവ്. അടുത്ത മൂന്ന് വർഷത്തിനിടെ വേമോയുടെ മൂല്യം ഉയരുന്ന രീതിയെ ആശ്രയിച്ച് പിച്ചായിക്ക് പരമാവധി ഏകദേശം 260 മില്യന്‍ ഡോളര്‍ വരെ  ലഭിക്കാം.

2009ൽ ഗൂഗിളിനുള്ളിലെ ഗവേഷണ പദ്ധതിയായി തുടങ്ങിയതാണ് വേമോ. പിന്നീട് സ്വയം നിയന്ത്രിത വാഹന സേവനമായി വളർന്നു. ഡ്രൈവർ ഇല്ലാതെ പ്രവർത്തിക്കുന്ന വാഹനങ്ങൾ ഇതിനകം ഇരുപത് കോടി മൈലിലധികം ദൂരം സഞ്ചരിച്ചതായി കമ്പനി അറിയിച്ചു. 2026ൽ ഡാലസ്, ഹ്യൂസ്റ്റൺ, സാൻ ആന്റോണിയോ, ഓർലാന്റോ തുടങ്ങിയ നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിച്ചിട്ടുണ്ട്.

ഡ്രോൺ വഴി സാധനങ്ങൾ എത്തിക്കുന്ന 'വിംഗ്' എന്ന കമ്പനിയുടെ വളർച്ചയുമായി ബന്ധപ്പെട്ടും പിച്ചായിക്ക് പ്രോത്സാഹനം ലഭിക്കും. ഈ വിഭാഗത്തിൽ പരമാവധി ഏകദേശം 88 മില്ല്യൺ ഡോളർ വരെ ലഭിക്കാമെന്നാണ് കണക്കാക്കുന്നത്. 2012ൽ ആരംഭിച്ച ഈ പദ്ധതി പിന്നീട് സ്വതന്ത്ര കമ്പനിയായിത്തീർന്നു. 2027ഓടെ 270ൽ അധികം വ്യാപാര കേന്ദ്രങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാൻ വലിയ വ്യാപാര ശൃംഖലയുമായി സഹകരിക്കാൻ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്.

ഇതുകൂടാതെ മാതൃകമ്പനിയുടെ ഓഹരി പ്രകടനവും പ്രതിഫലത്തിന്റെ മറ്റൊരു പ്രധാന ഘടകമാണ്. അടുത്ത മൂന്ന് വർഷത്തിനിടെ പ്രധാന ഓഹരി സൂചികയിലെ മറ്റു വലിയ കമ്പനികളെക്കാൾ മികച്ച നേട്ടം കൈവരിച്ചാൽ പിച്ചായിക്ക് ഏകദേശം 242 മില്ല്യൺ ഡോളർ വരെ ലഭിക്കാവുന്ന ഓഹരി ഇൻസെന്റീവും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മൂന്ന് വർഷം മുഴുവൻ കമ്പനിയോടൊപ്പം തുടരുകയാണെങ്കിൽ ലഭിക്കുന്ന ഏകദേശം 83.5മില്ല്യൺ ഡോളർ വരെ ലഭിക്കാവുന്ന മറ്റൊരു ഓഹരി ഇൻസെന്റീവും അനുവദിച്ചിട്ടുണ്ട്.

അതേസമയം പിച്ചായിയുടെ അടിസ്ഥാന വാർഷിക ശമ്പളം മാറ്റമില്ലാതെ വർഷംതോറും ഏകദേശം   1.87 മില്ല്യൺ ഡോളർ ആയിരിക്കും. സാങ്കേതിക മേഖലയിൽ സാധാരണമായ രീതിയിൽ, കമ്പനിയുടെ വളർച്ചയും ഓഹരി പ്രകടനവും അടിസ്ഥാനമാക്കിയുള്ള പ്രോത്സാഹനങ്ങളാണ് അദ്ദേഹത്തിന്റെ വരുമാനത്തിലെ പ്രധാന പങ്കും. എല്ലാ ലക്ഷ്യങ്ങളും പൂർത്തിയായാൽ മൂന്ന് വർഷത്തിനുള്ളിൽ ആകെ പ്രതിഫലം ഏകദേശം 692 മില്യന്‍വരെ എത്താനിടയുണ്ട്.