ന്യൂഡല്‍ഹി: ലാഭകരമായ വിലയ്ക്ക് ക്രൂഡ് ഓയില്‍ നല്‍കുന്ന ആരില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുമെന്നു കേന്ദ്ര സര്‍ക്കാര്‍. റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ ഒരിക്കലും ഒരു രാജ്യത്തിന്റേയും അനുമതിയെ ആശ്രയിച്ചിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ചെന്ന യുഎസിന്റെ പ്രസ്താവനയ്ക്കാണു കേന്ദ്രത്തിന്റെ മറുപടി.
എല്ലാ പ്രതിസന്ധികള്‍ക്കുമിടയിലും ഇന്ത്യയ്ക്കുള്ള എണ്ണ വിതരണം സുരക്ഷിതവും സുസ്ഥിരവുമാണ്. ഇന്ത്യ അതിന്റെ എണ്ണ സ്രോതസ് 27 രാജ്യങ്ങളില്‍ നിന്നു 40 രാജ്യങ്ങളിലേക്കാക്കി ഉയര്‍ത്തി. ഇതുവഴി വ്യത്യസ്ത വിതരണ വഴികളും ഉറപ്പാക്കി. ദേശീയ താത്പര്യം മുന്‍നിര്‍ത്തി എവിടെയാണോ താങ്ങാവുന്ന വിലയ്ക്ക് എണ്ണ ലഭിക്കുന്നത്, അവിടെ നിന്ന് ഇന്ത്യ എണ്ണ വാങ്ങും. ഇന്ത്യ ഇപ്പോഴും റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇത്തരം ഇടപാടുകള്‍ നടത്താന്‍ നമുക്കാരുടെയും അനുമതി ആവശ്യമില്ല. ഫെബ്രുവരിയിലും നമ്മള്‍ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്തു. റഷ്യ ഇപ്പോഴും ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ദാതാവാണെന്നും കേന്ദ്രം വിശദീകരിച്ചു.
വ്യാപാരക്കരാറിന്റെ ഭാഗമായി റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാന്‍ ഇന്ത്യ സമ്മതിച്ചെന്ന് യു എസ് അവകാശപ്പെട്ടിരുന്നു. എന്നാല്‍, കരാറുമായി ബന്ധപ്പെട്ട സംയുക്ത പ്രസ്താവനയില്‍ ഇതേക്കുറിച്ചു പരാമര്‍ശമുണ്ടായിരുന്നില്ല. പ്രധാനമന്ത്രി യു എസിനു കീഴടങ്ങിയെന്നു പ്രതിപക്ഷം ആരോപണമുയര്‍ത്തിയെങ്കിലും സര്‍ക്കാര്‍ പ്രതികരിച്ചിരുന്നില്ല. ഇതിനിടെയാണ് ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ 30 ദിവസത്തേക്ക് ഇന്ത്യയ്ക്ക് ഇളവു നല്‍കിയെന്നു യു എസ് പറഞ്ഞത്.
