ടെഹ്‌റാനിലെ മെഹ്രാബാദ് വിമാനത്താവളത്തിൽ ശക്തമായ ആക്രമണം; ഇറാന്റെ പുതിയ നേതാവിനെ കുറിച്ച് ട്രംപിന്റെ പ്രസ്താവന വിവാദം

ടെഹ്‌റാനിലെ മെഹ്രാബാദ് വിമാനത്താവളത്തിൽ ശക്തമായ ആക്രമണം; ഇറാന്റെ പുതിയ നേതാവിനെ കുറിച്ച് ട്രംപിന്റെ പ്രസ്താവന വിവാദം


ടെഹ്‌റാൻ:  ഇസ്രയേൽ-അമേരിക്ക ആക്രമണങ്ങൾ തുടരുന്നതിനിടെ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ പ്രധാന ആഭ്യന്തര വിമാനത്താവളമായ മെഹ്രാബാദ് എയർപോർട്ടിൽ ശക്തമായ സ്‌ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. വിമാനത്താവളത്തിൽ നിന്നുള്ള ദൃശ്യങ്ങളിൽ കത്തുന്ന വിമാനങ്ങളും കനത്ത പുക ഉയരുന്നതും കാണുന്നുവെന്ന് സാക്ഷികൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോകൾ സൂചിപ്പിക്കുന്നു.

ഇറാനിലെ ഏറ്റവും തിരക്കേറിയ ആഭ്യന്തര വിമാനത്താവളമായ മെഹ്രാബാദിൽ നിരവധി വിമാനങ്ങൾ പാർക്ക് ചെയ്തിരുന്നുവെന്ന് വെള്ളിയാഴ്ച എടുത്ത ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നു. വിമാനത്താവളത്തിന്റെ ചില ഭാഗങ്ങൾ ആക്രമിക്കപ്പെട്ടതായി ഇറാൻ സർക്കാർ മാധ്യമങ്ങളും സ്ഥിരീകരിച്ചു.

ഇസ്രയേൽ സൈന്യം ഇറാനിൽ വ്യാപകമായ പുതിയ ആക്രമണങ്ങൾ ആരംഭിച്ചതായി നേരത്തെ അറിയിച്ചിരുന്നു. മാർച്ച് 4ന് മെഹ്രാബാദ് വിമാനത്താവളത്തിലും ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. അന്നത്തെ ആക്രമണത്തിൽ ഇസ്രയേൽ വ്യോമസേനയ്ക്ക് ഭീഷണിയായിരുന്ന പ്രതിരോധ സംവിധാനങ്ങളും ഹെലികോപ്റ്റർ നിർമ്മാണ വിഭാഗവും തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. ഇപ്പോഴത്തെ ആക്രമണത്തിൽ വിമാനത്താവളത്തിലെ ഏത് ഭാഗങ്ങളാണ് ബാധിച്ചതെന്നത് വ്യക്തമല്ലെങ്കിലും സാക്ഷികൾ പറയുന്നതനുസരിച്ച് ഈ ആക്രമണം മുൻപത്തേതിനേക്കാൾ ശക്തമാണ്.

അതേസമയം ഇറാനിലെ രാഷ്ട്രീയ ഭാവിയെക്കുറിച്ചും അനിശ്ചിതത്വം തുടരുകയാണ്. ഇറാന്റെ പരമോന്നത നേതാവായ അയത്തൊല്ലാഹ് അലി ഖമേനിയും നിരവധി മതസൈനിക നേതാക്കളും കൊല്ലപ്പെട്ട സാഹചര്യത്തിൽ പുതിയ നേതാവിനെ തിരഞ്ഞെടുക്കേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.

ഇതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാന്റെ അടുത്ത ഭരണാധികാരി ആരാകണമെന്ന കാര്യത്തിൽ തനിക്കു സ്വാധീനം വേണമെന്ന സൂചന നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ അമേരിക്കയെ 'മഹാ ശത്രു'യായി കാണുന്ന ഇറാനിലെ മതാധിഷ്ഠിത ഭരണകൂടം ഇത്തരമൊരു നിലപാട് അംഗീകരിക്കുമോ എന്നത് അനിശ്ചിതമാണ്.

ഇറാനിലെ ഭരണകൂടത്തിൽ പരിഷ്‌കരണവാദികളും കടുത്ത നിലപാട് സ്വീകരിക്കുന്ന വിഭാഗങ്ങളും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഭരണസംവിധാനം നിലനിർത്തുക എന്ന ലക്ഷ്യത്തിൽ അവർ ഒറ്റക്കെട്ടാണ്. പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനുള്ള അധികാരം 88 മുതിർന്ന മതപണ്ഡിതന്മാർ ഉൾപ്പെടുന്ന അസംബ്ലി ഓഫ് എക്‌സ്‌പേർട്‌സിനാണ്. നിലവിലെ സാഹചര്യത്തിൽ ഒരാളെ തിരഞ്ഞെടുക്കുന്നതിനു പകരം നേതാക്കളുടെ കൗൺസിൽ രൂപീകരിക്കാനുള്ള സാധ്യതയും റിപ്പോർട്ടുകളിൽ പറയുന്നു.

അതേസമയം പുതിയ നേതാവായി ആരെയെങ്കിലും പ്രഖ്യാപിച്ചാൽ അയാളുംം ആക്രമണ ലക്ഷ്യമാകുമെന്ന മുന്നറിയിപ്പ് ഇസ്രയേൽ നൽകിയതോടെ പ്രഖ്യാപനം വൈകാനിടയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.