ഇസ്ലാമാബാദ്: ഇറാന്-അമേരിക്ക സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള പാകിസ്ഥാന്റെ ശ്രമം പരാജയപ്പെട്ടുവെന്ന വാര്‍ത്തകള്‍ ശക്തമാകുന്നതിനിടെ, അവയെ തള്ളി പാകിസ്ഥാന് രംഗത്ത്. റിപ്പോര്‍ട്ടുകള്‍ ' അടിസ്ഥാനരഹിതവും കല്പ്പിതവുമാണ് ' എന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.
മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് പാകിസ്ഥാന് വിദേശകാര്യ വക്താവ് താഹിര്‍ ആന്ഡ്രബി പറഞ്ഞു. ഔദ്യോഗിക ഉറവിടങ്ങളെന്ന പേരില്‍ പുറത്തുവന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച വിദേശകാര്യ മന്ത്രാലയത്തില്‍ നടന്ന ഒരു രഹസ്യ യോഗത്തിലെ ചര്‍ച്ചകളെ തെറ്റായി അവതരിപ്പിച്ചതാണ് വിവാദത്തിന് കാരണമായതെന്നും അദ്ദേഹം വിശദീകരിച്ചു. സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ മാധ്യമങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഇതിനിടെ, ദി വോള്‍ സ്ട്രീറ്റ് ജേര്‍ണല്‍, ഡാണ് എന്നിവ ഉള്‍പ്പെടെയുള്ള ചില മാധ്യമങ്ങള്‍, വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള സന്ദേശങ്ങള്‍ കൈമാറിയെങ്കിലും ഇറാന്റെ വ്യക്തമായ പ്രതികരണം ലഭിക്കാത്തതിനാല്‍ ചര്‍ച്ചകള്‍ മുന്നോട്ട് പോകുന്നില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇറാന് അമേരിക്കയുടെ നേതൃത്വത്തിലുള്ള ഏതൊരു പ്രതിനിധിസംഘത്തോടും ചര്ച്ചയ്ക്കൊരുങ്ങിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചു. പാകിസ്ഥാനും ചൈനയും ചര്‍ച്ചകള്‍ക്ക് ഇറാനെ പ്രോത്സാഹിപ്പിച്ചെങ്കിലും ഇതുവരെ തയ്യാറാണെന്ന സൂചന ടെഹ്റാന് നല്‍കിയിട്ടില്ലെന്നാണ് വിവരങ്ങള്‍.
അതേസമയം, പാകിസ്ഥാന് ഇപ്പോഴും ഇടപെടല്‍ തുടരുകയാണെന്നും ഇറാന് പ്രസിഡന്റ് മസൂദ് പെഷസ്കിയാന്, വിദേശകാര്യമന്ത്രി അബ്ബാസ് അരാഘ്ചി എന്നിവരുമായി ബന്ധം തുടരുന്നതായും അധികൃതര്‍ അറിയിച്ചു.
ഫെബ്രുവരി 28ന് ഇറാനില്‍ യുഎസ്-ഇസ്രയേല്‍ സംയുക്ത ആക്രമണം നടന്നതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. ഇറാന് സുപ്രീം ലീഡര്‍ ആയത്തുള്ള അലു ഖമനെയി അടക്കമുള്ള പ്രമുഖര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തിരിച്ചടികള്‍ ഗള്‍ഫ് മേഖലയിലാകെ വ്യാപിച്ചു.
സൗദി അറേബ്യയുമായി ബന്ധപ്പെട്ട സുരക്ഷാ ബാധ്യതകളും പരിഗണിച്ച് പാകിസ്ഥാന് സമാധാന ശ്രമം ശക്തമാക്കിയെങ്കിലും ഇതുവരെ വെടിനിര്‍ത്തല്‍ ഉറപ്പാക്കാന്‍ സാധിച്ചിട്ടില്ല. എന്നിരുന്നാലും, നേരിട്ട് സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കപ്പെടാതിരിക്കാന്‍ ഇസ്ലാമാബാദ് ശ്രമിക്കുന്നതായി വിലയിരുത്തപ്പെടുന്നു.
ഇറാന്-അമേരിക്ക യുദ്ധം : സമാധാന ശ്രമം തകര്‍ന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് പാകിസ്ഥാന്
