ഇറാനിൽ 12 വയസ്സ് മുതലുള്ള കുട്ടികളെ സൈനിക സേവനത്തിന് ചേർക്കുന്നതായി ആരോപിച്ച് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണൽ രംഗത്ത്. ഇത്തരം നടപടികൾ അന്താരാഷ്ട്ര നിയമപ്രകാരം യുദ്ധക്കുറ്റമാണെന്നും സംഘടന മുന്നറിയിപ്പ് നൽകി.
ഇറാൻ സേനാ നിയന്ത്രണത്തിലുള്ള ബസിജ് സേനയിലേക്കാണ് കുട്ടികളെ ചേർക്കുന്നതെന്നാണ് റിപ്പോർട്ട്. 'ഹോംലാൻഡ് ഡിഫെൻഡിംഗ് കോംബാറ്റന്റ്‌സ് ഫോർ ഇറാൻ' എന്ന പേരിൽ മാർച്ച് 26ന് പുറത്തിറക്കിയ ആഹ്വാനം 12 വയസ്സ് മുതൽ ഉള്ളവർക്കും തുറന്നതായിരുന്നുവെന്ന് ആംനസ്റ്റി വ്യക്തമാക്കി.
സാക്ഷിമൊഴികളും ദൃശ്യങ്ങളുമനുസരിച്ച്, ആയുധങ്ങളുമായി ചെക്ക്‌പോസ്റ്റുകളിലും പട്രോളിംഗിലും കുട്ടികളെ വിന്യസിച്ചിരിക്കുന്നതിന്റെ തെളിവുകളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ചിലർ എ.കെ47 തോക്കുകളുമായി പ്രവർത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങൾക്കിടെ ബസിജ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയതോടെ, കുട്ടികളെ ഇത്തരം മേഖലകളിൽ വിന്യസിക്കുന്നത് ജീവന് ഭീഷണിയാണെന്നും ആംനസ്റ്റി ചൂണ്ടിക്കാട്ടി.
15 വയസ്സിന് താഴെയുള്ള കുട്ടികളെ സൈന്യത്തിലേക്ക് ചേർക്കുന്നതും യുദ്ധപ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നതും അന്താരാഷ്ട്ര നിയമലംഘനമാണെന്നും ഇത് യുദ്ധക്കുറ്റമായി കണക്കാക്കപ്പെടുമെന്നും സംഘടന വ്യക്തമാക്കി.
ടെഹ്രാൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ കുട്ടികൾ ആയുധങ്ങളുമായി ചെക്ക്‌പോസ്റ്റുകളിൽ നിൽക്കുന്നതിന്റെ ദൃശ്യങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു സംഭവത്തിൽ, ചെക്ക്‌പോസ്റ്റിൽ ഉണ്ടായ ആക്രമണത്തിൽ 11 വയസുകാരൻ കൊല്ലപ്പെട്ടതായും ആംനസ്റ്റി പറയുന്നു.
കുട്ടികളെ സൈനിക പ്രവർത്തനങ്ങളിലേക്ക് ഉൾപ്പെടുത്തുന്ന പ്രവണത ആശങ്കാജനകമാണെന്നും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടു.
കുട്ടികളെ സൈനികരാക്കുന്നത് യുദ്ധക്കുറ്റം: ഇറാനെതിരെ ഗുരുതര ആരോപണവുമായി ആംനസ്റ്റി
