ഇറാൻ യുദ്ധം കടുക്കുന്നു: അമേരിക്കയ്ക്ക് വലിയ തിരിച്ചടി: രണ്ട് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നു, ഒരുപൈലറ്റിനെ രക്ഷിച്ചു; മറ്റൊരാളെ കാണാതായി

ഇറാൻ യുദ്ധം കടുക്കുന്നു: അമേരിക്കയ്ക്ക് വലിയ തിരിച്ചടി:  രണ്ട് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നു, ഒരുപൈലറ്റിനെ രക്ഷിച്ചു; മറ്റൊരാളെ കാണാതായി


ടെഹ്‌റാൻ: ഇറാനുമായുള്ള യുദ്ധം ശക്തമാകുന്നതിനിടെ, അമേരിക്കയ്ക്ക് വലിയ തിരിച്ചടി. വെള്ളിയാഴ്ച (ഏപ്രിൽ 4, 2026) ഇറാൻ നടത്തിയ ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനിക വിമാനങ്ങൾ തകർന്നതായി റിപ്പോർട്ട്.

ഒരു യുദ്ധവിമാനം ഇറാന്റെ ഭൂപ്രദേശത്ത് വെടിവെച്ചുതകർത്തതായാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. അതിലെ ഒരു സൈനികനെ രക്ഷപ്പെടുത്തിയെങ്കിലും, മറ്റൊരാളുടെ വിവരം ലഭ്യമല്ല. കാണാതായ സൈനികനെ കണ്ടെത്താൻ തിരച്ചിൽ ശക്തമായി തുടരുകയാണ്.

ഇതിനിടെ, ഒരു A10 ആക്രമണവിമാനം പെർഷ്യൻ ഗൾഫിൽ തകർന്നുവെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. എന്നാൽ ഇത് ഇറാൻ വെടിവെച്ചതാണോ അപകടമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

യുദ്ധം ആരംഭിച്ചിട്ട് ഏകദേശം അഞ്ച് ആഴ്ചകൾക്ക് ശേഷമാണ് ആദ്യമായി അമേരിക്കൻ വിമാനങ്ങൾ തകർന്നത്. ഇത് സംഘർഷത്തിന്റെ പുതിയ ഘട്ടമെന്ന വിലയിരുത്തലുണ്ട്.

എന്നാൽ പുതിയ  സംഭവങ്ങൾ ചർച്ചകളെ ബാധിക്കില്ലെന്നും 'ഇത് യുദ്ധമാണ്' എന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്  പ്രതികരിച്ചുകൊണ്ട് വ്യക്തമാക്കി.

ഇതിനിടെ, ഇറാൻ ഗൾഫ് മേഖലയിലുടനീളം ആക്രമണം ശക്തമാക്കിയിട്ടുണ്ട്. കുവൈത്തിലെ എണ്ണശുദ്ധീകരണശാലക്കും ജലശുദ്ധീകരണ പ്ലാന്റിനും കേടുപാടുകൾ സംഭവിച്ചു. സൗദി അറേബ്യയും മറ്റ് ഗൾഫ് രാജ്യങ്ങളും ഇറാൻ ഡ്രോണുകളും മിസൈലുകളും തടഞ്ഞതായി അറിയിച്ചു.

ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം തുടരുന്ന ഇറാൻ, ലോകത്തെ എണ്ണവിതരണത്തെയും വിപണികളെയും ബാധിച്ചിരിക്കുകയാണ്. ഇതോടെ ആഗോള സാമ്പത്തിക മേഖലയിൽ ആശങ്ക ഉയർന്നിരിക്കുകയാണ്.

യുദ്ധം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദം ശക്തമായിരിക്കെ, യു.എൻ സുരക്ഷാസമിതി വിഷയത്തിൽ ചർച്ച നടത്താനിരിക്കുകയാണ്.