വാഷിംഗ്ടണ്‍: കൂടുതല്‍ സമയം നല്‍കിയാല്‍ അമേരിക്കയ്ക്ക് ഹോര്‍മുസ് കടലിടുക്ക് തുറക്കാനാവുമെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസ് 1.5 ട്രില്യണ്‍ ഡോളറിന്റെ വന്‍ പ്രതിരോധ ബജറ്റ് നിര്‍ദ്ദേശത്തിനിടയിലാണ് ട്രംപിന്റെ പരാമര്‍ശം. ഹോര്‍മുസ് തുറക്കുന്നത് ലോകത്തിന് ആവേശം നല്‍കുമെന്നും ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു.
എങ്കിലും, ഹോര്‍മുസ് കടലിടുക്കിലെ ഇറാനിയന്‍ നിയന്ത്രണം വാഷിംഗ്ടണ്‍ എങ്ങനെ അവസാനിപ്പിക്കുമെന്നോ അദ്ദേഹം ഏത് എണ്ണ സ്രോതസ്സുകളെക്കുറിച്ചാണ് പരാമര്‍ശിക്കുന്നതെന്നോ പോസ്റ്റില്‍ വിശദീകരിച്ചിട്ടില്ല.
വൈറ്റ് ഹൗസ് റെക്കോര്‍ഡ് പ്രതിരോധ ബജറ്റാണ് നിര്‍ദ്ദേശിക്കുന്നത്. ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട വന്‍ ചെലവുകള്‍ ചൂണ്ടിക്കാട്ടി അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് റെക്കോര്‍ഡ് 1.5 ട്രില്യണ്‍ യു എസ് പ്രതിരോധ ബജറ്റ് ആവശ്യപ്പെട്ട് വൈറ്റ് ഹൗസ് നിയമനിര്‍മ്മാതാക്കള്‍ക്ക് ചെലവ് നിര്‍ദ്ദേശം അയച്ചു.
രണ്ടാം ലോക മഹായുദ്ധത്തിനുശേഷം പെന്റഗണ്‍ ചെലവില്‍ വര്‍ഷം തോറും ഉണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനവാണ് ഈ നിര്‍ദ്ദേശമെന്ന് യു എസ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ അംഗീകാരം ആവശ്യമാണ്.
2026ലെ മൊത്തം വിഭവ നിലവാരത്തില്‍ നിന്ന് 445 ബില്യണ്‍ ഡോളര്‍ അല്ലെങ്കില്‍ 42 ശതമാനം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.
ഇറാനെതിരായ ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി നിലനിര്‍ത്താന്‍ പെന്റഗണ്‍ 200 ബില്യണ്‍ ഡോളറിന്റെ അടിയന്തര അനുബന്ധ ധനസഹായം തേടുന്നുണ്ടെന്ന് മാര്‍ച്ച് 19ന് യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സ്ഥിരീകരിച്ചു. പെന്റഗണ്‍ ബ്രീഫിംഗില്‍ സംസാരിച്ച ഹെഗ്സെത്ത് ഈ നിര്‍ദ്ദേശത്തെ ന്യായീകരിച്ചു. 'ദുഷ്ടന്മാരെ കൊല്ലാന്‍ പണം ആവശ്യമാണ്' എന്നാണ് ഹെഗ്‌സെത്ത് പറഞ്ഞത്. കൂടാതെ യു എസിന്റെ യുദ്ധോപകരണങ്ങള്‍ വര്‍ധിപ്പിക്കണ്ടതിന്റെ അടിയന്തര ആവശ്യകത ഊന്നിപ്പറഞ്ഞു.
സംഘര്‍ഷത്തിന്റെ ആദ്യ ആറ് ദിവസങ്ങളില്‍ മാത്രം ഏകദേശം 12.7 ബില്യണ്‍ ഡോളറാണ് യു എസിന് ചെലവാവയത്.
