ഇറാൻ ചർച്ചയ്ക്ക് തയ്യാറെന്ന് ട്രംപ്; പാലങ്ങൾ തകർത്തതായും വൈദ്യുതി നിലയങ്ങൾ ആക്രമിക്കുമെന്നും മുന്നറിയിപ്പ്

ഇറാൻ ചർച്ചയ്ക്ക് തയ്യാറെന്ന് ട്രംപ്; പാലങ്ങൾ തകർത്തതായും വൈദ്യുതി നിലയങ്ങൾ ആക്രമിക്കുമെന്നും മുന്നറിയിപ്പ്


വാഷിംഗ്ടൺ : ഇറാൻ ചർച്ചയ്ക്ക് തയ്യാറാണെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. അമേരിക്കൻ സൈന്യം ഇറാനിലെ പ്രധാന പാലങ്ങൾ തകർത്തതിനെ തുടർന്നാണ് അവർ കരാർ തേടുന്നതെന്ന് ട്രംപ് പറഞ്ഞു.

'ഇന്നലെ രാത്രി അവരുടെ മൂന്ന് പ്രധാന പാലങ്ങൾ ഞങ്ങൾ തകർത്തു. അതിനാൽ അവർക്ക് ചർച്ചയ്ക്ക് വരാതിരിക്കാനാവില്ല,' എന്നാണ് ഒരു അഭിമുഖത്തിൽ ട്രംപ് പറഞ്ഞത്. ഇറാനിലെ സൈനിക നടപടികൾ അവസാനഘട്ടത്തിലാണെന്നും അടുത്ത രണ്ട് മുതൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ കൂടുതൽ ശക്തമായ ആക്രമണങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇതിനൊപ്പം ഇറാനിലെ വൈദ്യുതി നിലയങ്ങളും ആക്രമിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. 'നമ്മുടെ സൈന്യം ലോകത്തിലെ ഏറ്റവും ശക്തമാണ്. ഇനി ബാക്കിയുള്ള കേന്ദ്രങ്ങൾ നശിപ്പിക്കാൻ തയ്യാറാണ്,' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

ഇതിനുമുമ്പ് ഇറാനെ 'ശിലായുഗത്തിലേക്ക്' തിരികെ കൊണ്ടുപോകുമെന്ന തരത്തിലുള്ള കടുത്ത മുന്നറിയിപ്പും ട്രംപ് നൽകിയിരുന്നു. കരാർ ചെയ്യാൻ വൈകിയാൽ രാജ്യത്തിന് വലിയ നഷ്ടമുണ്ടാകുമെന്നും അദ്ദേഹം ആവർത്തിച്ചു.

ഇസ്രയേലിന്റെ പങ്കിനെക്കുറിച്ച് ചോദിച്ചപ്പോൾ, അമേരിക്ക നടപടി അവസാനിപ്പിക്കുന്നതോടെ അവരും നിർത്തുമെന്നു ട്രംപ് പറഞ്ഞു. 'ഞാൻ നിർത്തുമ്പോൾ അവരും നിർത്തും. പ്രകോപനം ഉണ്ടെങ്കിൽ മാത്രമേ അവർ തുടരുകയുള്ളു,' എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

യുദ്ധം രൂക്ഷമാകുന്നതിനിടെ ട്രംപിന്റെ പ്രസ്താവനകൾ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ആശങ്കയ്ക്കിടയാക്കുകയാണ്.