തെഹ്റാന്‍: ശത്രുക്കള്‍ കീഴടങ്ങും വരെ യുദ്ധം തുടരുമെന്ന് ഇറാന്‍. ഹസ്രത്ത് ഖതം അല്‍-അന്‍ബിയയുടെ സെന്‍ട്രല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ വക്താവ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇറാന്‍ യു എസിനും ഇസ്രയേലിനും മുന്നറിയിപ്പ് നല്‍കിയത്. ഇറാനിലെ സ്ഥിതിഗതികളെക്കുറിച്ചു യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രാജ്യ്‌തെ അഭിസംബോധന ചെയ്തതിനു പിന്നാലെയായിരുന്നു ഇറാന്‍ നിലപാട് വ്യക്തമാക്കിയത്.
ഇറാന്റെ നാവികസേന ഇല്ലാതായെന്നും അവരുടെ വ്യോമസേന തകര്‍ന്നതായും മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കാനുള്ള അവരുടെ കഴിവ് വെട്ടിക്കുറച്ചുവെന്നുമാണ് ട്രംപ് പറഞ്ഞത്. ഇതിനുള്ള മറുപടിയിലാണ് ഇറാന്‍ രൂക്ഷമായി പ്രതികരിച്ചത്.
തങ്ങളുടെ സൈനിക ശക്തിയെയും ഉപകരണങ്ങളെയും കുറിച്ചുള്ള യു എസ് ഇന്റലിജന്‍സ് അപൂര്‍ണമാണെന്നും തങ്ങളുടെ വിപുലമായ, തന്ത്രപരമായ ശേഷികളെ കുറിച്ച് നിങ്ങള്‍ക്ക് ഒന്നും അറിയില്ല എന്നും ഇറാന്‍ വക്താവ് പറഞ്ഞു. ഇറാന്‍ സൈന്യത്തിന്റെ തന്ത്രപരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് അമേരിക്കയ്ക്കും ഇസ്രയേലിനും അറിയാത്ത സ്ഥലത്താണെന്നും അവിടെ ഒരിക്കലും എത്തിച്ചേരാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരം, ഇറാന്റെ യുറേനിയം ശേഖരം പിടിച്ചെടുക്കാന്‍ യു എസ് സൈന്യം പദ്ധതി തയ്യാറാക്കിയതായി റിപ്പോര്‍ട്ടുണ്ട്. ഉയര്‍ന്ന അപകടസാധ്യതയുള്ളതാണ് പദ്ധതിയെന്നും വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
അതീവ സങ്കീര്‍ണമായ ദൗത്യമായിരിക്കുമെന്നാണ് ഉന്നത സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്. ദൗത്യത്തിനായി ആയിരക്കണക്കിന് അമേരിക്കന്‍ സൈനികരെ വിന്യസിക്കാനും തീരുമാനിക്കുന്നുണ്ട്.
മുന്‍പ് യു എസും ഇസ്രയേലും നടത്തിയ വ്യോമാക്രമണങ്ങളെ തുടര്‍ന്ന് ഇറാന്‍ ഭൂരിഭാഗം യുറേനിയവും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുഴിച്ചിട്ടിരിക്കുകയാണെന്ന് വിശ്വസിക്കപ്പെടുന്നുണ്ട്. ഇക്കാര്യം മുന്‍കൂട്ടി കണ്ടുകൊണ്ടാണ് അമേരിക്ക പിടിച്ചെടുക്കല്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ഇറാനില്‍ നിന്ന് 1,000 പൗണ്ടിലധികം റേഡിയോ ആക്ടീവ് വസ്തുക്കള്‍ പിടിച്ചെടുക്കാനാണ് ലക്ഷ്യം. ഒരു പരമ്പരാഗത ആക്രമണം നടത്തിയായിരിക്കില്ല ഈ ദൗത്യം. പകരം വലിയ തോതില്‍ കരയില്‍ ഒരു സൈനിക നീക്കം ഇതിന് ആവശ്യമായി വരുമെന്നാണ് യു എസ് കണക്കുകൂട്ടുന്നത്.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുമെന്ന ആശങ്കകള്‍ക്കിടയില്‍ യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ 'ഇറാനെ ശിലായുഗത്തിലേക്ക് തിരികെ അയയ്ക്കും' എന്ന പരാമര്‍ശത്തോട് ചൈന ശക്തമായി പ്രതികരിച്ചു. 'സൈനിക മാര്‍ഗങ്ങള്‍ കൊണ്ട് ഒരു പ്രശ്‌നവും അടിസ്ഥാനപരമായി പരിഹരിക്കാന്‍ കഴിയില്ലെന്നും സംഘര്‍ഷം രൂക്ഷമാകുന്നത് ഒരു കക്ഷിയുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നില്ലെന്നും' ചൈനീസ് വിദേശകാര്യ മന്ത്രി മാവോ നിങ് പറഞ്ഞു.
