അബുദാബി: യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പശ്ചിമേഷ്യയില്‍ യുദ്ധമുണ്ടാക്കി; മക്കള്‍ അത് മുതലെടുത്ത് ആയുധക്കച്ചവടത്തിനിറങ്ങി.
ഇറാനുമായുള്ള സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ പ്രതിരോധം ശക്തമാക്കാന്‍ ശ്രമിക്കുന്ന യു എ ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പ്രതിരോധ ഡ്രോണുകള്‍ വില്‍ക്കാന്‍ ട്രംപിന്റെ മക്കള്‍ക്ക് പങ്കാളിത്തമുള്ള പവര്‍അസ് എന്ന ഡ്രോണ്‍ കമ്പനിയാണ് രംഗത്തുള്ളത്.
ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ ആവശ്യം വര്‍ധിച്ചതോടെയാണ് ഫ്‌ളോറിഡ ആസ്ഥാനമായ പവര്‍അസ് അബുദാബിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്.
ഇറാന്‍ ഉപയോഗിക്കുന്ന കുറഞ്ഞ ചെലവിലുള്ള ഡ്രോണുകളെ വെടിവെച്ചിടാന്‍ നിലവില്‍ അമേരിക്കയും സഖ്യകക്ഷികളും കോടിക്കണക്കിന് ഡോളര്‍ വിലയുള്ള മിസൈലുകളാണ് ഉപയോഗിക്കുന്നത്. ഈ സാമ്പത്തിക നഷ്ടം പരിഹരിക്കാന്‍ കുറഞ്ഞ ചെലവില്‍ ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങള്‍ വികസിപ്പിക്കുകയാണ് പവര്‍അസ് ചെയ്യുന്നത്. അടുത്തിടെ ഇവര്‍ പുറത്തിറക്കിയ 'ഗാര്‍ഡിയന്‍-1' എന്ന ഇന്റര്‍സെപ്റ്റര്‍ ഇറാന്റെ 'ഷഹീദ്-136' ഡ്രോണുകളെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ്.
ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍, എറിക് ട്രംപ് എന്നിവര്‍ക്ക് ഈ കമ്പനിയില്‍ വന്‍ നിക്ഷേപമാണുള്ളത്. ഇവരുടെ ഉടമസ്ഥതയിലുള്ള 'അമേരിക്കന്‍ വെഞ്ചേഴ്‌സ്' എന്ന ഫണ്ട് വഴി ഏകദേശം 100 കോടി ഡോളറാണ് വിവിധ ഡ്രോണ്‍ കമ്പനികളിലായി നിക്ഷേപിച്ചിരിക്കുന്നത്. അതോടൊപ്പം പവര്‍അസ് കമ്പനി ഒരു ഗോള്‍ഫ് കോഴ്‌സ് കമ്പനിയുമായി ലയിച്ച് നാസ്ഡാക് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനും പദ്ധതിയിടുന്നുണ്ട്. അമേരിക്കന്‍ മുന്‍ സൈനിക മേധാവി ജനറല്‍ ചാള്‍സ് ക്യു ബ്രൗണ്‍ ഉള്‍പ്പെടെയുള്ളവര്‍ കമ്പനിയുടെ ഉപദേശകരായി പ്രവര്‍ത്തിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
ട്രംപിന്റെ മക്കള്‍ നേരിട്ട് ആയുധക്കച്ചവടത്തില്‍ ഇടപെടുന്നത് അമേരിക്കയില്‍ വലിയ രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷാ താത്പര്യങ്ങളെക്കാള്‍ ഉപരി സ്വന്തം കുടുംബത്തിന്റെ സാമ്പത്തിക താത്പര്യങ്ങള്‍ സംരക്ഷിക്കാനാണോ ട്രംപ് ശ്രമിക്കുന്നതെന്ന് സെനറ്റര്‍ എലിസബത്ത് വാറന്‍ ഉള്‍പ്പെടെയുള്ളവര്‍ ചോദ്യം ഉയര്‍ത്തുന്നു. സര്‍ക്കാര്‍ കരാറുകള്‍ ട്രംപിന്റെ മക്കളുടെ കമ്പനികള്‍ക്ക് അനധികൃതമായി ലഭിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
