ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനുള്ള 40ഓളം രാജ്യങ്ങളുടെ യോഗത്തില്‍ ഇന്ത്യയും പങ്കെടുത്തു. വ്യാഴാഴ്ച നടന്ന വെര്‍ച്വല്‍ യോഗത്തില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പങ്കെടുത്തു.
എല്‍ പി ജി, എല്‍ എന്‍ ജി, മറ്റ് ഉത്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ കൊണ്ടുപോകുന്ന കപ്പലുകള്‍ക്ക് തടസ്സമില്ലാത്ത ഗതാഗതവും സുരക്ഷിതമായ ഗതാഗതവും എങ്ങനെ സാധ്യമാക്കാമെന്ന് കാണാന്‍ ഇറാനുമായും മറ്റ് രാജ്യങ്ങളുമായും ഞങ്ങള്‍ ബന്ധപ്പെട്ടതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടത്തിയ സംഭാഷണത്തിലൂടെ ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമായി കടക്കാന്‍ ആറ് ഇന്ത്യന്‍ കപ്പലുകള്‍ക്ക് കഴിഞ്ഞതായും ബന്ധപ്പെട്ട കക്ഷികളുമായി തങ്ങള്‍ തുടര്‍ന്നും ബന്ധം പുലര്‍ത്തുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു.
പധാന ജലപാതയിലൂടെയുള്ള തടസ്സമില്ലാത്ത കപ്പല്‍ ഗതാഗതം ഇന്ത്യയ്ക്ക് പ്രധാനമാണ്. കാരണം രാജ്യം ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ ഏകദേശം 40 ശതമാനവും ദ്രവീകൃത പ്രകൃതിവാതകത്തിന്റെ (എല്‍ എന്‍ ജി) 50 ശതമാനവും ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ (എല്‍ പി ജി) 80 ശതമാനത്തിലധികവും ഹോര്‍മുസ് വഴിയിലൂടെയാണ് ഒഴുകുന്നത്.
ദിനംപ്രതി സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇറാനില്‍ നിന്ന് 1,200ലധികം ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം നേരത്തെ പറഞ്ഞിരുന്നു.
അര്‍മേനിയ, അസര്‍ബൈജാന്‍ വഴിയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ പുരോഗമിക്കുന്നതെന്നും കേന്ദ്രം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ടെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ മന്ത്രിതല സമ്മേളനത്തില്‍ പറഞ്ഞു.
ഏകദേശം 1,200 ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിച്ചതില്‍ 845 പേര്‍ വിദ്യാര്‍ഥികളാണ്. 996 പേരെ അര്‍മേനിയയിലേക്കും 204 പേരെ അസര്‍ബൈജാനിലേക്കും മാറ്റിയതായും അവിടെ നിന്ന് വിദേശകാര്യ മന്ത്രാലയം അവരെ സഹായിക്കുന്നതായും ജയ്സ്വാള്‍ പറഞ്ഞു.
