വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറ്റോർണി ജനറൽ പാം ബോണ്ടിയെ പദവിയിൽ നിന്ന് നീക്കിയതിന് പിന്നാലെ, എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിനെയും പുറത്താകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ ശക്തമാകുന്നു.
മുൻ എഫ്ബിഐ ഏജന്റ് കൈൽ സെറാഫിൻ ഒരു അഭിമുഖത്തിൽ 'ഇന്നുതന്നെ കാഷ് പട്ടേൽ പുറത്താകാനുള്ള സാധ്യത ഉണ്ട്' എന്ന് പറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഭരണകൂടത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ ട്രംപ് ശ്രമിക്കുകയാണെന്നുമാണ് വിലയിരുത്തൽ.
ഇതിനിടെ പട്ടേലിനെതിരെ സമ്മർദ്ദം കൂടുന്നതായും സൂചനയുണ്ട്. ട്രംപിന്റെ 2020 തിരഞ്ഞെടുപ്പ് ഇടപെടൽ അന്വേഷണവുമായി ബന്ധപ്പെട്ട് നടപടി നേരിട്ട മൂന്ന് മുൻ എഫ്ബിഐ ഏജന്റുമാർ കേസ് ഫയൽ ചെയ്തിട്ടുണ്ട്. മൈക്കൽ ബാൾ, ജെമീ ഗർഡമാൻ, ബ്ലെയർ തോൾമാൻ എന്നിവരാണ് കേസ് നൽകിയിരിക്കുന്നത്.
തങ്ങളെ അന്യായമായി പിരിച്ചുവിട്ടുവെന്നും ഇത് പ്രതികാര നടപടിയാണെന്നും ഇവർ ആരോപിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി ഏജന്റുമാരെ പിരിച്ചുവിട്ട നടപടി വിവാദമായിരുന്നു. ട്രംപുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ പങ്കെടുത്തവരെയോ ഭരണകൂട നയങ്ങളോട് യോജിക്കാത്തവരെയോ ലക്ഷ്യമിട്ടാണ് നടപടി നടന്നതെന്ന ആരോപണവുമുണ്ട്.
അതേസമയം, അറ്റോർണി ജനറൽ സ്ഥാനത്തേക്ക് പകരക്കാരനായി ലീ സെൽഡിംപിന്റെ പേരും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ ദേശീയ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡിനെ മാറ്റുന്നതിനെക്കുറിച്ചും ട്രംപ് ചർച്ച നടത്തിയതായി വിവരം ലഭിക്കുന്നു.
ഭരണകൂടത്തിൽ തുടർച്ചയായ മാറ്റങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ, അടുത്ത നീക്കം എന്തായിരിക്കും എന്നതിൽ അനിശ്ചിതത്വം തുടരുകയാണ്.
ട്രംപിന്റെ നീക്കങ്ങൾ തുടരുന്നു: എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലും പുറത്താകുമോ?
