യുദ്ധം നിയന്ത്രിക്കാന്‍ സൗദി അറേബ്യ ഇറാനുമായി ബന്ധം ശക്തമാക്കുന്നെന്ന് റിപ്പോര്‍ട്ട്

യുദ്ധം നിയന്ത്രിക്കാന്‍ സൗദി അറേബ്യ ഇറാനുമായി ബന്ധം ശക്തമാക്കുന്നെന്ന് റിപ്പോര്‍ട്ട്


വാഷിംഗ്ടണ്‍: മിഡില്‍ ഈസ്റ്റിലെ യുദ്ധം നിയന്ത്രിക്കാന്‍ സൗദി അറേബ്യ ശ്രമിക്കുന്നതായും ഇറാനുമായുള്ള ബന്ധം ശക്തമാക്കുന്നതുമായും ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട്. ചില യൂറോപ്യന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  

സൗദി ഉദ്യോഗസ്ഥര്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇറാനുമായി ഡിപ്ലോമാറ്റിക് ബാക്ക്-ചാനല്‍ വഴി അടിയന്തരമായി ചര്‍ച്ചകള്‍ നടത്തുകയാണെന്നും സംഘര്‍ഷം കൂടുതല്‍ വഷളാകുന്നത് തടയുകയാണ് ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചില യൂറോപ്യന്‍ രാജ്യങ്ങളും മറ്റ് പ്രാദേശിക രാജ്യങ്ങളും ഈ ശ്രമത്തെ പിന്തുണക്കുന്നതായും അറിയിച്ചു.

ഇതുവരെ നടന്ന സൗദി- ഇറാന്‍ ചര്‍ച്ചകളില്‍ സുരക്ഷാ ഉദ്യോഗസ്ഥരും ഡിപ്ലോമാറ്റിക് ഉദ്യോഗസ്ഥരും പങ്കെടുത്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഉയര്‍ന്ന തലത്തിലുള്ള നേതാക്കള്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടോ എന്നത് വ്യക്തമല്ല.

യു എസ്- ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ ഇതുവരെ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇറാന്‍ ഇസ്രായേലിനെയും അമേരിക്കന്‍ സൈനിക ലക്ഷ്യങ്ങളെയും ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതിനൊപ്പം ഗള്‍ഫ് അറബ് രാജ്യങ്ങളിലേക്കും നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകളും ആയിരക്കണക്കിന് ഡ്രോണുകളും പ്രയോഗിച്ചിട്ടുണ്ട്.

ഈ ആക്രമണങ്ങള്‍ എനര്‍ജി അടിസ്ഥാന സൗകര്യങ്ങള്‍, സിവിലിയന്‍ കേന്ദ്രങ്ങള്‍, അമേരിക്കന്‍ സൈനിക താവളങ്ങള്‍ എന്നിവയെ ലക്ഷ്യമിട്ടാണ് നടന്നത്. ഗള്‍ഫ് നേതാക്കള്‍ യുദ്ധം അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നതാണ് ഇറാന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തല്‍.

ഇതിനിടെ ബെഞ്ചമിന്‍ നെതന്യാഹു ഈ ആഴ്ച യു എ ഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ഫോണ്‍ സംഭാഷണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഹോര്‍മുസ് കടലിടുക്കിലൂടെ ലോകത്തിലെ ഏകദേശം 20 ശതമാനം എണ്ണയും ഗ്യാസും കടന്നുപോകുന്നു. എന്നാല്‍ ഇറാന്‍ ആക്രമണങ്ങള്‍ ശക്തമായതോടെ ഈ പാതയില്‍ ഗതാഗതം വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്.

എ എഫ് പി വിശകലനം ചെയ്ത ഡേറ്റ പ്രകാരം ഈ ആഴ്ച ഒമ്പത് ടാങ്കറുകള്‍ മാത്രമാണ് ഈ കടല്‍പാത കടന്നുപോയത്. പല കപ്പലുകളും സുരക്ഷാ കാരണങ്ങളാല്‍ യാത്ര നിര്‍ത്തിയിട്ടുണ്ട്.

ഗള്‍ഫ് മേഖലയിലെ അമേരിക്കയുടെ സഖ്യരാജ്യങ്ങള്‍ യുദ്ധത്തിന് മുമ്പ് മതിയായ മുന്നറിയിപ്പ് ലഭിച്ചില്ല എന്ന പരാതിയും ഉന്നയിച്ചിട്ടുണ്ട്. ഫെബ്രുവരി 28ന് ഇറാനെതിരേ നടന്ന ആദ്യ ആക്രമണത്തെക്കുറിച്ച് മുന്‍കൂട്ടി അറിയിച്ചില്ലെന്ന് ചില ഉദ്യോഗസ്ഥര്‍ ആരോപിച്ചു.

അമേരിക്ക പ്രധാനമായി ഇസ്രായേലിനെയും സ്വന്തം സൈനികരെയും സംരക്ഷിക്കാന്‍ ശ്രദ്ധിക്കുകയാണെന്നും ഗള്‍ഫ് രാജ്യങ്ങള്‍ സ്വയം പ്രതിരോധം നടത്തേണ്ടിവരുന്ന സ്ഥിതി ഉണ്ടായതായുമുള്ള ശക്തമായ പരാതിയും ഗള്‍ഫ് രാജ്യങ്ങളുടെ ഭാഗത്തു നിന്നും ഉയരുന്നുണ്ട്. മിസൈല്‍ പ്രതിരോധത്തിനുള്ള ഇന്റര്‍സെപ്റ്റര്‍ ആയുധ ശേഖരം വേഗത്തില്‍ കുറയുന്നുവെന്ന ആശങ്കയും ഗള്‍ഫ് രാജ്യങ്ങള്‍ക്കുണ്ട്. 

യുദ്ധം ആരംഭിച്ചതിനുശേഷം ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കായി 380-ലധികം മിസൈലുകളും 1,480-ലധികം ഡ്രോണുകളും പ്രയോഗിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ ആക്രമണങ്ങളില്‍ കുറഞ്ഞത് 13 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ഡൊണള്‍ഡ് ട്രംപ് നേതൃത്വത്തിലുള്ള അമേരിക്കന്‍ ഭരണകൂടം ഇറാന്റെ ആക്രമണ ശേഷി 90 ശതമാനം വരെ കുറഞ്ഞിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്.