കൊച്ചി: ഇറാന്‍- ഇസ്രായേല്‍- യു എസ് സംഘര്‍ഷത്തിനിടെ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട ഇറാന്‍ യുദ്ധക്കപ്പല്‍ ഐ ആര്‍ ഐ എസ് ലവാന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച രണ്ട് മാധ്യമ പ്രവര്‍ത്തകരും ബോട്ട് ഡ്രൈവറും അറസ്റ്റില്‍. റിപ്പബ്ലിക്ക് ടി വി റിപ്പോര്‍ട്ടര്‍ സി ജി ശങ്കര്‍, ക്യാമറാമാന്‍ എസ് മണി, ബോട്ട് ഡ്രൈവര്‍ പി വിജയകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.
തുറമുഖത്തിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന സി ഐ എസ് എഫാണ് മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇവരെ ഹാര്‍ബര്‍ പൊലീസിന് കൈമാറുകയായിരുന്നു. ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാല്‍ കേരള തീരത്ത് നങ്കൂരമിട്ട കപ്പലുകളുടെ ചിത്രങ്ങളെടുക്കരുതെന്ന് എറണാകുളം ഡി സി പി അറിയിച്ചു.
മാര്‍ച്ച് നാലിനാണ് ഐ ആര്‍ ഐ എസ് ലവാന്‍ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടത്. ഫെബ്രുവരി 28നാണ് കപ്പല്‍ നങ്കൂരമിടുന്നതുമായി ബന്ധപ്പെട്ട് ഇറാനിയന്‍ അധികൃതര്‍ ഇന്ത്യയെ സമീപിച്ചത്. അടിയന്തരമായ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നങ്കൂരമിടാന്‍ അനുവദിക്കണമെന്നായിരുന്നു ഇറാന്‍ ആവശ്യപ്പെട്ടത്. മാര്‍ച്ച് ഒന്നിനാണ് ഇന്ത്യ അനുമതി നല്‍കിയത്. തുടര്‍ന്നാണ് മാര്‍ച്ച് നാലിന് ഇറാനിയന്‍ കപ്പല്‍ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടത്.
