ലുലു റിട്ടെയിൽ 1785 കോടി രൂപയുടെ വാർഷിക ലാഭവിഹിതം പ്രഖ്യാപിച്ചു

ലുലു റിട്ടെയിൽ 1785 കോടി രൂപയുടെ വാർഷിക ലാഭവിഹിതം പ്രഖ്യാപിച്ചു


അബുദാബി: 2025 സാമ്പത്തിക വർഷത്തിൽ 71,585 കോടി രൂപയുടെ റെക്കോർഡ് വരുമാനം നേടി ലുലു റിട്ടെയിൽ നിക്ഷേപകർക്ക് മികച്ച നേട്ടം ഉറപ്പാക്കി. ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിലേക്കായി 887.58 കോടി രൂപയുടെ ലാഭവിഹിതം പ്രഖ്യാപിച്ചതോടെ, 2025 വർഷത്തിൽ നിക്ഷേപകർക്ക് നൽകിയ ആകെ ലാഭവിഹിതം 1,785 കോടി രൂപയായി ഉയർന്നു.

അതേസമയം, ഈ കാലയളവിലെ അറ്റാദായം 1,856 കോടി രൂപയായി വർധിച്ചതായും കമ്പനി അറിയിച്ചു. വിപുലമായ വികസന പദ്ധതികളും ഇ കൊമേഴ്‌സ് മേഖലയിലെ ശക്തമായ വളർച്ചയും ലുലുവിന്റെ മികച്ച സാമ്പത്തിക നേട്ടങ്ങൾക്ക് കരുത്തായി. 2025 വർഷം മാത്രം 20 പുതിയ സ്റ്റോറുകൾ തുറന്ന ലുലു, 2026 മുതൽ 2028 വരെ 50 പുതിയ സ്റ്റോറുകൾ കൂടി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

ദീർഘകാലാടിസ്ഥാനമാക്കിയുള്ള സുസ്ഥിര വളർച്ചാ നയങ്ങളാണ് ലുലു പിന്തുടരുന്നതെന്നും, ഇതുവഴി നിക്ഷേപകർക്ക് ഏറ്റവും മികച്ച നേട്ടം നൽകാൻ കഴിയുമെന്നും എംഎ യൂസുഫ് അലി വ്യക്തമാക്കി. ഇകൊമേഴ്‌സ് മേഖലയിലും പ്രൈവറ്റ് ലേബൽ ഉൽപ്പന്നങ്ങളിലും ശക്തമായ മുന്നേറ്റമാണ് ലുലു രേഖപ്പെടുത്തിയത്. ഓൺലൈൻ വിൽപ്പനയിൽ മാത്രം 38.6 ശതമാനം അധിക വളർച്ച കൈവരിച്ച കമ്പനി, മൊത്തത്തിൽ 51.8 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ഓൺലൈൻ ഉപഭോക്താക്കളുടെ സാന്നിധ്യം 7.3 ശതമാനം ഉയർന്നപ്പോൾ, പ്രൈവറ്റ് ലേബൽ വിഭാഗം 29.8 ശതമാനം വളർച്ചയും നേടി. ഇതിന് പുറമെ, ലുലുവിന്റെ 'ഹാപ്പിനെസ്' ലോയൽറ്റി പ്രോഗ്രാമിലേക്കുള്ള ഉപഭോക്തൃ പങ്കാളിത്തത്തിലും വൻ വർധനയുണ്ടായി. നിലവിൽ 8.4 മില്യൺ ഉപഭോക്താക്കൾ ലോയൽറ്റി അംഗങ്ങളായിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.