'പഴയ ലോകക്രമം അവസാനിച്ചു'; മ്യൂണിക് വേദിയിൽ യൂറോപ്പിനും അമേരിക്കയ്ക്കും ഒരേ സ്വരം

'പഴയ ലോകക്രമം അവസാനിച്ചു'; മ്യൂണിക് വേദിയിൽ യൂറോപ്പിനും അമേരിക്കയ്ക്കും ഒരേ സ്വരം


മ്യൂണിക്: അന്താരാഷ്ട്ര ലോകക്രമം ഇനി പഴയ രൂപത്തിൽ നിലനിൽക്കില്ലെന്ന കാര്യത്തിൽ യൂറോപ്പും അമേരിക്കയും ഒരേ അഭിപ്രായത്തിലാണെന്ന് ഫ്രെഡറിക് മെർസും മാർക്കോ റൂബിയോയും വ്യക്തമാക്കി. മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസ് വേദിയിൽ നടത്തിയ പ്രസംഗങ്ങളിലൂടെയാണ് ഇരുവരും നിലപാട് വ്യക്തമാക്കിയത്.

'അന്താരാഷ്ട്ര അവകാശങ്ങളും നിയമങ്ങളും അടിസ്ഥാനമാക്കിയിരുന്ന പഴയ ലോകക്രമം ഇനി നിലനിൽക്കുന്നില്ല' എന്ന് ജർമൻ ചാൻസലർ മെർസ് പറഞ്ഞു. ശക്തരാജ്യങ്ങൾ നിയമങ്ങളെ അവഗണിക്കുന്ന സാഹചര്യത്തിൽ യൂറോപ്പിന്റെ സ്വാതന്ത്ര്യം സ്വാഭാവികമായി ലഭിക്കുന്ന ഒന്നല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. റഷ്യയുടെ യുക്രെയിൻ ആക്രമണം ശക്തമായി അപലപിച്ച മെർസ്, യൂറോപ്പ് സ്വന്തം പ്രതിരോധ ശേഷി വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ താരിഫ് നയം, കാലാവസ്ഥാ കരാർ ഉപേക്ഷിക്കൽ, സാംസ്‌കാരിക നിലപാടുകൾ എന്നിവയ്‌ക്കെതിരെ മെർസ് തുറന്നടിച്ചു. 'താരിഫുകളും സംരക്ഷണവാദവും ഞങ്ങളുടെ വഴിയല്ല; സ്വതന്ത്ര വ്യാപാരമാണ് യൂറോപ്പിന്റെ നിലപാട്' എന്ന പ്രസ്താവന സമ്മേളനത്തിൽ കൈയ്യടി നേടി.

അതേസമയം, 'പഴയ ലോകം കഴിഞ്ഞു, പുതിയ ഭൗമരാഷ്ട്രീയ കാലഘട്ടത്തിലാണ് നാം ഇപ്പോളെന്നും സമ്മേളനത്തിലേക്ക് പുറപ്പെടുംമുമ്പ് റൂബിയോയും പറഞ്ഞു. യൂറോപ്പുമായുള്ള ബന്ധത്തിന് അമേരിക്ക വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും, സുതാര്യതയോടെയാണ് മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

നേറ്റോ വിഷയത്തിലും മെർസ് ശക്തമായ സന്ദേശം നൽകി. നേറ്റോ യൂറോപ്പിന് മാത്രമല്ല, അമേരിക്കയ്ക്കും തന്ത്രപരമായ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനത്തിനിടയിൽ മെർസും റൂബിയോയും കൂടിക്കാഴ്ച നടത്തി. യുക്രെയിൻ യുദ്ധം, റഷ്യയുമായുള്ള ചർച്ചകൾ, ഇറാൻ, വ്യാപാരം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി.

മെർസ് യുക്രെയിൻ പ്രസിഡന്റ് വോളോദിമിർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുട്ടിനെ സമ്മർദത്തിലാക്കാൻ കഴിയുക അമേരിക്കയ്ക്കു മാത്രമാണെന്ന് സെലെൻസ്‌കി വ്യക്തമാക്കി.

ട്രാൻസ് -അറ്റ്‌ലാന്റിക് ബന്ധങ്ങളിൽ ഭിന്നതകൾ നിലനിൽക്കുമ്പോഴും, മാറിയ ലോകക്രമം അംഗീകരിക്കേണ്ടതിന്റെ ആവശ്യകതയിൽ യൂറോപ്പും അമേരിക്കയും ഒരേ നിലപാടിലേക്കാണ് എത്തുന്നതെന്ന് മ്യൂണിക് സമ്മേളനം വ്യക്തമാക്കുന്നു.