ഓസ്ലോ: നോര്‍വെയുടെ മുന്‍ പ്രധാനമന്ത്രി തോര്‍ബ്യോണ്‍ യാഗ്ലാന്റിനെതിരെ ഗുരുതര അഴിമതി കുറ്റം ചുമത്തിയതായി നോര്‍വേ പൊലീസ് അറിയിച്ചു. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് നടപടി.
യാഗ്ലാന്‍ഡിന്റെ ഉടമസ്ഥതയിലുള്ള നിരവധി സ്വത്തുക്കളില്‍ തിരച്ചില്‍ നടത്തിയതായും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. മുന്‍ പ്രധാനമന്ത്രി അന്വേഷണത്തില്‍ സഹകരിക്കുന്നുവെന്നും എല്ലാ കുറ്റാരോപണങ്ങളും നിഷേധിക്കുന്നുവെന്നും അദ്ദേഹത്തിന്റെ നിയമ ഏജന്‍സി വിവരം നല്‍കി. വീടുകളിലും വിശ്രമകേന്ദ്രങ്ങളിലുമുള്ള തിരച്ചില്‍ ഇത്തരത്തിലുള്ള അന്വേഷണങ്ങളില്‍ സാധാരണ നടപടിയാണെന്നും അഭിഭാഷകര്‍ കൂട്ടിച്ചേര്‍ത്തു.
നോര്‍വേയിലെ സാമ്പത്തിക, പരിസ്ഥിതി കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സിയായ ഒകോക്രിം യാഗ്ലാന്‍ഡിനെ ചോദ്യം ചെയ്യുമെന്ന് രാജ്യത്തെ പൊതുമാധ്യമമായ എന്‍ആര്‍കെ റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തിന്റെ പദവിയുമായി ബന്ധപ്പെട്ട് സമ്മാനങ്ങള്‍, യാത്രകള്‍, വായ്പകള്‍ എന്നിവ ലഭിച്ചിട്ടുണ്ടോ എന്നതാണ് അന്വേഷണ വിധേയമാക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
തിരച്ചിലിന്റെ സ്വാഭാവിക ഫലമായി യാഗ്ലാന്‍ഡിന് ഇപ്പോള്‍ ഔപചാരികമായി പ്രതി പദവി ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനായ ആന്‍ഡേഴ്സ് ബ്രോസ്‌വീറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കേസ് സമഗ്രമായി അന്വേഷിക്കപ്പെടുന്നതിനായി യാഗ്ലാന്‍ഡ് സഹകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അടുത്ത ഘട്ടമായി അദ്ദേഹം ഒകോക്രിം മുമ്പാകെ ഹാജരായി മൊഴി നല്‍കുമെന്നും പറഞ്ഞു.
1996 മുതല്‍ 1997 വരെ നോര്‍വെയുടെ പ്രധാനമന്ത്രിയായിരുന്ന യാഗ്ലാന്‍ഡ് എപ്സ്റ്റീന്‍ സംബന്ധിച്ച യാതൊരു തെറ്റും ചെയ്തിട്ടില്ലെന്ന് പറഞ്ഞു. അദ്ദേഹം പിന്നീട് നോര്‍വേയുടെ വിദേശകാര്യ മന്ത്രിയായും യൂറോപ്യന്‍ കൗണ്‍സിലിന്റെ സെക്രട്ടറി ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഇതിനിടെ, എപ്സ്റ്റീനുമായുണ്ടായിരുന്ന മുന്‍പരിചയം പശ്ചാത്തലമാക്കി നോര്‍വേയുടെ രാജകുടുംബവും വിവാദത്തില്‍ പെട്ടിരിക്കുകയാണ്. ഭാവി റാണിയായേക്കാവുന്ന ക്രൗണ്‍ പ്രിന്‍സസിന്റെ യോഗ്യതയെ കുറിച്ച് വിമര്‍ശകര്‍ ചോദ്യം ഉയര്‍ത്തുന്നു. ക്രൗണ്‍ പ്രിന്‍സസ് മെറ്റെ-മാരിറ്റ് എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളെ ശക്തമായി തള്ളിക്കളയുന്നതായും അദ്ദേഹം എങ്ങനെയൊരു വ്യക്തിയാണെന്ന് നേരത്തേ മനസ്സിലാക്കാത്തതില്‍ ഖേദിക്കുന്നുവെന്നും കഴിഞ്ഞ ആഴ്ച നോര്‍വേയുടെ കൊട്ടാരം അറിയിച്ചു.
