വാഷിംഗ്ടൺ: ഏകദേശം 90 വർഷമായി അമേരിക്കൻ പ്രസിഡന്റുമാരുടെ അംഗീകാര റേറ്റിംഗ് അളന്ന് പ്രസിദ്ധീകരിച്ചിരുന്ന ഗ്യാലപ്പ് ഓർഗനൈസേഷൻ ഈ പതിപ്പ് ഇനി തുടരില്ല. കമ്പനിയുടെ തന്ത്രപരമായ ദിശാമാറ്റത്തിന്റെ ഭാഗമായാണ് തീരുമാനം. വ്യക്തികളും സമൂഹങ്ങളും നേരിടുന്ന വിഷയങ്ങൾ, നയപരമായ സമീപനങ്ങൾ എന്നിവയെക്കുറിച്ചുള്ള സർവേകൾക്ക് കൂടുതൽ ഊന്നൽ നൽകാനാണ് ഗാലപ്പ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വക്താവ് ജസ്റ്റിൻ മക്കാർത്തി അറിയിച്ചു.
ഫ്രാങ്ക്‌ളിൻ ഡി റൂസ് വെൽറ്റ് പ്രസിഡന്റായിരുന്ന കാലം മുതൽ ആരംഭിച്ച പ്രസിഡന്റിന്റെ അംഗീകാര റേറ്റിംഗ്, വർഷങ്ങളായി അമേരിക്കൻ പൊതുഅഭിപ്രായത്തിന്റെ വിശ്വാസയോഗ്യമായ സൂചികയായി കണക്കാക്കപ്പെട്ടിരുന്നു. 2015ൽ തെരഞ്ഞെടുപ്പ് കാലത്തെ 'ഹോഴ്‌സ് റേസ്' പോളിംഗ് നിർത്തിവച്ചതുപോലെ, വിഭവങ്ങൾ പുതുതായി വിനിയോഗിക്കാനുള്ള തീരുമാനത്തിന്റെ തുടർച്ചയാണിതെന്നും ഗാലപ്പ് വ്യക്തമാക്കി. ലോകത്തെ ഏകദേശം 140 രാജ്യങ്ങളിലെ പൊതുഅഭിപ്രായം അളക്കുന്ന വാർഷിക 'ഗാലപ്പ് വേൾഡ് പോൾ' തുടരുമെന്നും അറിയിച്ചു.
ഇന്ന് അനവധി സർവേകൾ വിപണിയിൽ നിറഞ്ഞ സാഹചര്യത്തിൽ, ഒരൊറ്റ പോളിന് വേറിട്ടു നിലകൊള്ളുക പ്രയാസകരമാണെന്നും ഗാലപ്പ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ, 88 വർഷത്തെ തുടർച്ചയായ ഡേറ്റ നൽകുന്ന ചരിത്രപരമായ പശ്ചാത്തലം ഗാലപ്പിനെ മറ്റ് സർവേകളിൽനിന്ന് വേറിട്ടുനിർത്തിയിരുന്നു. ലൈവ് ഇന്റർവ്യൂവുകളിലൂടെ ടെലിഫോൺ മാർഗം നടത്തുന്ന സർവേ രീതിയും ഗാലപ്പിന്റെ വിശ്വാസ്യതയ്ക്ക് ആധാരമായിരുന്നു.
മാധ്യമങ്ങൾക്കെതിരേ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്ന കാലഘട്ടത്തിലാണ് ഗാലപ്പിന്റെ തീരുമാനം വരുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് അയോവ സംസ്ഥാനത്ത് കമല ഹാരിസ് മുന്നിൽ എന്ന് കാണിച്ച സർവേ പ്രസിദ്ധീകരിച്ചതിന് പിന്നാലെ, പോളിസ്റ്റ് ജെ. ആൻ സെൽസറിനെയും ദ ഡെസ് മോയ്ൻസ് രജിസ്റ്ററി നെയും ട്രംപ് വിമർശിക്കുകയും കേസ് ഫയൽ ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് അയോവയിൽ ട്രംപ് 13 ശതമാന പോയിന്റ് വ്യത്യാസത്തിൽ ജയിച്ചു.
ഡിസംബർ 2025ൽ പ്രസിദ്ധീകരിച്ച ഗാലപ്പിന്റെ അവസാന പ്രസിഡൻഷ്യൽ അംഗീകാര റേറ്റിംഗിൽ ട്രംപിന് 36 ശതമാനം മാത്രമായിരുന്നു ലഭിച്ചത്. ഇത് അദ്ദേഹത്തിന്റെ പ്രസിഡന്റു പദവിയിലെ ഏറ്റവും താഴ്ന്ന നിലകളിലൊന്നായി കണക്കാക്കപ്പെടുന്നു.
പ്രസിഡന്റിന്റെ അംഗീകാര റേറ്റിംഗ് ഇനി അളക്കില്ല; 90 വർഷത്തെ അഭിപ്രായ സർവേ പാരമ്പര്യം അവസാനിപ്പിച്ച് ഗാലപ്പ്
