ബംഗ്ലാദേശിൽ ഭരണ മാറ്റം: തരിഖ് റഹ്മാന്റെ ബിഎൻപിക്ക് വൻ വിജയം

ബംഗ്ലാദേശിൽ ഭരണ മാറ്റം: തരിഖ് റഹ്മാന്റെ ബിഎൻപിക്ക് വൻ വിജയം


ധാക്ക: ബംഗ്ലാദേശിലെ 13ാമത് പൊതുതെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) വൻ വിജയത്തിലേക്ക്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, തരിഖ് റഹ്മാൻ നേതൃത്വം നൽകുന്ന ബിഎൻപി വ്യക്തമായ ഭൂരിപക്ഷം നേടിയതായി ടെലിവിഷൻ ചാനലുകളും പാർട്ടി നേതൃത്വവും അറിയിച്ചു.

പ്രാദേശിക സമയം പുലർച്ചെ 5.30ഓടെ, 300 അംഗ പാർലമെന്റിൽ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ 150 സീറ്റുകൾ ബിഎൻപി കടന്നതായി ചാനലുകൾ പ്രവചിച്ചു. ഡെയിലി സ്റ്റാർ  റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ബിഎൻപിയും സഖ്യകക്ഷികളും ഇതുവരെ 137 സീറ്റുകൾ നേടി. ജമാഅത്തെ ഇസ്‌ലാമിക്ക് 37 സീറ്റുകളാണ് ലഭിച്ചത്. കൂടുതൽ ഫലങ്ങൾ പുറത്തുവരാനുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് ഭരണകൂടം 2024 ഓഗസ്റ്റിൽ തകർന്നതിനെ തുടർന്ന് മുഹമ്മദ് യൂനുസ് നേതൃത്വം നൽകുന്ന ഇടക്കാല സർക്കാർ അധികാരത്തിൽ വന്നിരുന്നു. 18 മാസത്തെ ഇടക്കാല ഭരണത്തിന് ശേഷമാണ് തെരഞ്ഞെടുപ്പ് നടന്നത്. അവാമി ലീഗ് തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത സാഹചര്യത്തിൽ, ബിഎൻപിയും മുൻ സഖ്യകക്ഷിയായ ജമാഅത്തെ ഇസ്‌ലാമിയും തമ്മിലായിരുന്നു മുഖ്യ പോരാട്ടം.

ചിറ്റഗോങ് ഹിൽ ട്രാക്ട്‌സിലെ മൂന്ന് മണ്ഡലങ്ങളും ബിഎൻപി സ്വന്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്. റാംഗമതി, ഖാഗ്രാഛരി, ബന്ദർബാൻ മണ്ഡലങ്ങളിലെ പ്രാഥമിക ഫലങ്ങളാണ് പുറത്തുവന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക ഫലപ്രഖ്യാപനം വൈകുന്നതിനെതിരെ വിമർശനങ്ങൾ ഉയർന്നെങ്കിലും, കമ്മീഷന് 'ഒന്നും മറയ്ക്കാനില്ലെ'ന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എ.എം.എം. നാസിറുദ്ദീൻ വ്യക്തമാക്കി. 42,500 പോളിങ് കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഘട്ടംഘട്ടമായി ലഭിക്കുന്നതിനാലാണ് ഫലപ്രഖ്യാപനത്തിന് സമയം എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക ഫലവെബ്‌സൈറ്റ് ഇപ്പോഴും പ്രവർത്തനക്ഷമമായിട്ടില്ല.

ബിഎൻപി ഭൂരിപക്ഷം നേടിയതായി അവകാശപ്പെട്ട് അടുത്ത സർക്കാർ രൂപീകരിക്കുമെന്ന് പാർട്ടി ഔദ്യോഗികമായി അറിയിച്ചു. വിജയം ആഘോഷിച്ച് റാലികൾ നടത്തില്ലെന്നും, വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം രാജ്യത്തുടനീളം പ്രത്യേക പ്രാർത്ഥനകൾ നടത്തുമെന്നും ബിഎൻപി നേതൃത്വം അറിയിച്ചു.

ബിഎൻപി വിജയിച്ചാൽ പാർട്ടി അധ്യക്ഷയും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയയുടെ മകനായ തരിഖ് റഹ്മാൻ ബംഗ്ലാദേശിന്റെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് നേരത്തെ തന്നെ പാർട്ടി പ്രഖ്യാപിച്ചിരുന്നു.