ഓപ്പറേഷൻ സിന്ദൂരിന് ശേഷം പ്രതിരോധം ശക്തമാക്കി: 288 എസ്400 മിസൈലുകൾക്ക് അനുമതി

ഓപ്പറേഷൻ സിന്ദൂരിന് ശേഷം പ്രതിരോധം ശക്തമാക്കി: 288 എസ്400 മിസൈലുകൾക്ക് അനുമതി


ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിനിടെ ഉപയോഗിച്ച എസ്400 വ്യോമ പ്രതിരോധ മിസൈലുകളുടെ സംഭരണം വർധിപ്പിക്കുന്നതിനായി റഷ്യയിൽ നിന്ന് 288 എസ്400 മിസൈലുകൾ വാങ്ങുന്നതിന് കേന്ദ്ര സർക്കാർ അനുമതി നൽകി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ പ്രതിരോധ സമാഹരണ കൗൺസിലാണ് (ഡിഎസി) ഏകദേശം 10,000 കോടി രൂപ ചെലവിൽ മിസൈലുകൾ വാങ്ങുന്നതിനുള്ള 'അക്‌സപ്റ്റൻസ് ഓഫ് നെസസിറ്റി' (AoN) അംഗീകരിച്ചത്.

120 ഹ്രസ്വദൂര മിസൈലുകളും 168 ദീർഘദൂര മിസൈലുകളും ഉൾപ്പെടുന്നതാണ് വാങ്ങൽ. അടിയന്തര നടപടിക്രമം (ഫാസ്റ്റ് ട്രാക്ക് പ്രൊസീജർ) വഴിയായിരിക്കും ഇടപാട്. നേരത്തെ കരാറിലുളള രണ്ട് എസ്400 സംവിധാനങ്ങൾ ഈ വർഷം ജൂണിലും നവംബറിലും ഇന്ത്യയ്ക്ക് ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.

ഇന്ത്യൻ വ്യോമസേന അഞ്ച് എസ്400 സംവിധാനങ്ങൾ കൂടി വാങ്ങുന്നതിനുള്ള സാധ്യതകളും പരിശോധിക്കുകയാണ്. ഡ്രോണുകളെയും 'കാമികാസെ' ആക്രമണങ്ങളെയും പ്രതിരോധിക്കാൻ ഫലപ്രദമായ പാൻറ്റ്‌സിർ ഹ്രസ്വദൂര മിസൈൽ സംവിധാനവും ഇതോടൊപ്പം ഉൾപ്പെടുത്താനാണ് ആലോചന. എസ്400-ഉം പാൻറ്റ്‌സിറും സംയോജിപ്പിച്ച് ഇരട്ടതല വ്യോമ പ്രതിരോധ സംവിധാനം ഒരുക്കാനാകും.

മെയ് 2025ലെ ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങളും ഡ്രോണുകളും മുന്നറിയിപ്പ് വിമാനങ്ങളും തകർക്കുന്നതിൽ എസ്400 നിർണായക പങ്കുവഹിച്ചിരുന്നു. പാകിസ്ഥാനിലെ പഞ്ചാബിൽ 314 കിലോമീറ്റർ അകലെയുള്ള വിമാനത്തെ എസ്400 മിസൈൽ ഉപയോഗിച്ച് ഇന്ത്യ തകർത്തതോടെ, പാകിസ്ഥാൻ തങ്ങളുടെ യുദ്ധവിമാനങ്ങൾ പടിഞ്ഞാറൻ മേഖലകളിലെ വ്യോമതാവളങ്ങളിലേക്ക് മാറ്റിയിരുന്നു.

ഇതിനിടെ, സേനകളുടെ വിവിധ ആവശ്യങ്ങൾക്കായി ഏകദേശം 3.60 ലക്ഷം കോടി രൂപയുടെ ആയുധ സമാഹരണ നിർദേശങ്ങൾക്കും ഡിഎസി അനുമതി നൽകി. വ്യോമസേനയ്ക്ക് മൾട്ടിറോൾ ഫൈറ്റർ വിമാനങ്ങൾ, റാഫേൽ, ദീർഘദൂര ആക്രമണ മിസൈലുകൾ എന്നിവയും സൈന്യത്തിനും നാവികസേനയ്ക്കുമായി വിവിധ ഉപകരണങ്ങളും ഇതിൽ ഉൾപ്പെടുന്നു.

രാജ്യത്തിന്റെ പ്രതിരോധ ശേഷി കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നിർണായക നീക്കമായാണ് ഈ തീരുമാനങ്ങളെ പ്രതിരോധ വൃത്തങ്ങൾ വിലയിരുത്തുന്നത്.