കിം കിം കിം കിം കിം കിം കിം... ഉന്നിന് പിന്‍ഗാമി ജു എ

കിം കിം കിം കിം കിം കിം കിം... ഉന്നിന് പിന്‍ഗാമി ജു എ


സിയോള്‍: ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ തന്റെ മകളെ പിന്‍ഗാമിയായി ഔദ്യോഗികമായി തെരഞ്ഞെടുത്തതായി ദക്ഷിണ കൊറിയയുടെ ദേശീയ ഇന്റലിജന്‍സ് സര്‍വീസിന്റെ (എന്‍ ഐ എസ്) കണ്ടെത്തല്‍. ഈ വിവരം എന്‍ ഐ എസ് ദക്ഷിണ കൊറിയന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് കൈമാറി. 

കിം ജോങ് ഉന്നിന്റെ മകള്‍ പതിമൂന്നു വയസ്സുകാരിയായ കിം ജു എ കഴിഞ്ഞ മാസങ്ങളില്‍ പിതാവിനൊപ്പം നിരവധി പ്രധാന പൊതുപരിപാടികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സെപ്റ്റംബറില്‍ ബീജിംഗ് സന്ദര്‍ശിച്ച് ആദ്യ വിദേശ യാത്രയും ജു എ നടത്തിയിരുന്നു. 

കിം ജു എയുടെ  പൊതുപരിപാടികളിലെ സാന്നിധ്യം വര്‍ധിച്ചത് ഉള്‍പ്പെടെയുള്ള വിവിധ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ഈ വിലയിരുത്തലില്‍ എത്തിയതെന്ന് എന്‍ ഐ എസ് വ്യക്തമാക്കി. ഈ മാസം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ജു എ പങ്കെടുക്കുമോയെന്ന് നിരീക്ഷിക്കുമെന്നും ഏജന്‍സി അറിയിച്ചു. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് ഉത്തരകൊറിയയിലെ ഏറ്റവും വലിയ രാഷ്ട്രീയ സമ്മേളനമാണ്.

പാര്‍ട്ടി കോണ്‍ഗ്രസില്‍ വിദേശനയം, യുദ്ധപരിപാടികള്‍, ആണവ അഭിലാഷങ്ങള്‍ തുടങ്ങിയ അടുത്ത അഞ്ചുവര്‍ഷത്തെ മുന്‍ഗണനകള്‍ സംബന്ധിച്ച് പ്യോംഗ്യാങ് കൂടുതല്‍ വിശദാംശങ്ങള്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നേരത്തെ അടുത്ത 'അവകാശിയായി പരിശീലനം ലഭിക്കുന്നു' എന്ന നിലയില്‍ വിശേഷിപ്പിക്കപ്പെട്ടിരുന്ന ജു എ ഇപ്പോള്‍ 'അവകാശി പ്രഖ്യാപനത്തിന്റെ ഘട്ടത്തില്‍'  എത്തിയിരിക്കുകയാണെന്ന് പാര്‍ലമെന്റ് അംഗമായ ലീ സിയോങ്-ക്വന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

കൊറിയന്‍ പീപ്പിള്‍സ് ആര്‍മിയുടെ സ്ഥാപക വാര്‍ഷികം, കുമ്‌സുസാന്‍ സ്മാരക സന്ദര്‍ശനം തുടങ്ങിയ വിവിധ ചടങ്ങുകളില്‍ ജു എയുടെ സാന്നിധ്യവും രാജ്യത്തിന്റെ ചില നയങ്ങളില്‍ ജു എ അഭിപ്രായം പ്രകടിപ്പിക്കുന്നതും ഈ വിലയിരുത്തലിന് അടിസ്ഥാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിം ജോങ് ഉനും ഭാര്യ റി സോള്‍ ജൂവിനും അറിയപ്പെടുന്ന ഏക മകളാണ് ജു എ. കിം ജോങ് ഉന്നിന് ഒരു മൂത്ത മകനുണ്ടെന്നാണ് എന്‍ ഐ എസ് നിഗമനം. എന്നാല്‍ ഉത്തരകൊറിയന്‍ മാധ്യമങ്ങളില്‍ ആ കുട്ടിയെ ഒരിക്കലും അംഗീകരിച്ചിട്ടില്ല.

ജു എയയെ കുറിച്ചുള്ള ആദ്യ വിവരം 2013ല്‍ അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ താരം ഡെന്നിസ് റോഡ്മാന്‍ വെളിപ്പെടുത്തിയതോടെയാണ് പുറത്തുവന്നത്. ഉത്തരകൊറിയ സന്ദര്‍ശനത്തിനിടെ അദ്ദേഹം കുഞ്ഞായ ജു എയെ കൈകളിലെടുത്തിരുന്നു എന്ന് പറഞ്ഞിരുന്നു.

2022-ലാണ് ജു എ ആദ്യമായി ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടത്. ഉത്തരകൊറിയയുടെ പുതിയ ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈല്‍ പരിശോധിക്കുന്ന വേളയില്‍ പിതാവിന്റെ കൈപിടിച്ച് നില്‍ക്കുന്ന ദൃശ്യങ്ങളാണ് പ്രക്ഷേപണം ചെയ്തത്.

അതിന് ശേഷം രാജ്യത്തെ മാധ്യമങ്ങളില്‍ പതിവായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഏകാധിപതിയായ പിതാവിന്റെ ഇമേജിനെ മൃദുവാക്കുന്നതില്‍ ജു എയുടെ സാന്നിധ്യം സഹായിച്ചുവെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്. ചൈനയിലെ വലിയ സൈനിക പരേഡില്‍ പങ്കെടുക്കാന്‍ ബീജിങിലെത്തിയപ്പോള്‍  പിതാവിന്റെ ആര്‍മര്‍ഡ് ട്രെയിനില്‍ നിന്ന് ബീജിങ് റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങുന്ന ദൃശ്യങ്ങളും ശ്രദ്ധ നേടിയിരുന്നു.

സാധാരണ സഹപ്രായക്കാര്‍ക്ക് അനുവദിക്കാത്ത നീണ്ട മുടിയും ഭൂരിഭാഗം ജനങ്ങള്‍ക്ക് കൈവരിക്കാനാവാത്ത ഡിസൈനര്‍ വസ്ത്രങ്ങളും ധരിച്ചാണ് ജു എ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത്.

പൊതുപരിപാടികളില്‍ ജു എ വഹിക്കുന്ന പങ്ക് അവര്‍ നയപരമായ നിര്‍ദേശങ്ങള്‍ നല്‍കുന്ന നിലയിലേക്ക് ഉയര്‍ന്നതും പ്രായോഗികമായി രണ്ടാമത്തെ ഉയര്‍ന്ന നേതാവായി പരിഗണിക്കപ്പെടുന്നതും സൂചിപ്പിക്കുന്നതായി പാര്‍ലമെന്റിലെ മറ്റൊരു അംഗം പാര്‍ക്ക് സണ്‍-വോണ്‍ പറഞ്ഞു. 

കിം കുടുംബത്തിലെ മൂന്നു തലമുറകളിലായി അധികാരം കൈമാറപ്പെട്ട ഉത്തര കൊറിയയില്‍ കിം ജോങ് ഉന്‍ അധികാരം ജു എയ്ക്ക് കൈമാറുമെന്നതാണ് വ്യാപകമായ വിശ്വാസം.

സമീപകാലങ്ങളില്‍ ജു എ പിതാവിനെ പിന്തുടരുന്നതിന് പകരം ഒപ്പം നടക്കുകയും ഉന്നിനേക്കാള്‍ ഉയരം കൂടിയതായി ദൃശ്യങ്ങളില്‍ കാണുകയും ചെയ്യുന്നുണ്ട്. രാജ്യത്തെ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങള്‍ക്ക് വലിയ പ്രതീകാത്മക പ്രാധാന്യമുള്ള ഉത്തര കൊറിയയില്‍ കിം ജോങ് ഉന്നിനെ പോലെ മറ്റൊരാളും പ്രധാനമായി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് അപൂര്‍വമാണ്.

എങ്കിലും ശക്തമായ പുരുഷാധിപത്യ സ്വഭാവമുള്ള സമൂഹമായ ഉത്തരകൊറിയയില്‍ മകള്‍ അവകാശിയായി തെരഞ്ഞെടുക്കപ്പെടുന്നത് ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. വിശകലന രംഗത്തുള്ള പലരും നേരത്തെ വനിതാ നേതാവിന്റെ സാധ്യത തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് ഭരണകൂടത്തില്‍ ഉയര്‍ന്ന സ്ഥാനവും സ്വാധീനവും വഹിക്കുന്നതു വനിതാ അധികാരത്തിന് ഉദാഹരണമായി കാണപ്പെടുന്നുണ്ട്. 

ഇതിനുപുറമെ, താരതമ്യേന യുവാവും ആരോഗ്യവാനുമായി തോന്നുന്ന കിം ജോങ് ഉന്‍ ഇത്തരത്തില്‍ ചെറുപ്പക്കാരിയായ മകളെ ഇതിനകം അവകാശിയായി പ്രഖ്യാപിക്കുന്നത് എന്തുകൊണ്ടാണെന്നതും ചോദ്യമാണ്.

ജു എയുടെ അധികാരാവകാശം ഉത്തരകൊറിയയില്‍ എന്തുതരം മാറ്റങ്ങള്‍ വരുത്തുമെന്നത് വ്യക്തമല്ല. പാശ്ചാത്യ വിദ്യാഭ്യാസം നേടിയ യുവാവായ കിം ജോങ് ഉന്‍ അധികാരം ഏറ്റെടുക്കുമ്പോള്‍ രാജ്യത്തെ തുറന്നുകൊടുക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. 

കൗമാരക്കാരിയായ ജു എ ഭാവിയില്‍ രാജ്യത്തെ ഏതു ദിശയിലേക്കാണ് നയിക്കുകയെന്നതും കാത്തിരുന്ന് കാണേണ്ടതുണ്ട്.