തിരുവനന്തപുരം: കാസർഗോഡ് കേന്ദ്ര സർവകലാശാലയ്ക്ക് തലസ്ഥാനത്ത് സ്ഥിരം ക്യാമ്പസ് ആരംഭിക്കുന്നതിന് സർക്കാർ ഭൂമി അനുവദിക്കാനുള്ള ഫയൽ ഒരു വർഷമായി അനക്കമറ്റുകിടക്കുന്നതായി ആക്ഷേപം. ഇതോടെ തിരുവനന്തപുരം ക്യാമ്പസ് ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടാകുമോയെന്ന ആശങ്ക ഉയരുന്നു. സെക്രട്ടേറിയറ്റിലെ ഫയൽ മൂവ്‌മെന്റ് രേഖകൾ വിഷയത്തിൽ സർക്കാരിന്റെ താൽപ്പര്യക്കുറവ് സൂചിപ്പിക്കുന്നതായി വിമർശകർ പറയുന്നു.
സിപിഐ മന്ത്രിയായ ജി.ആർ. അനിലിന്റെ നെടുമങ്ങാട് മണ്ഡലത്തിലെ അണ്ടൂർക്കോണത്ത് അഞ്ചേക്കർ സർക്കാർ ഭൂമി പാട്ടത്തിന് വിട്ടുകൊടുക്കണമെന്ന റവന്യൂ വകുപ്പിന്റെ ശുപാർശ ധനവകുപ്പിലേക്ക് അയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അഭിപ്രായം തേടി ഫയൽ കൈമാറുകയായിരുന്നു. ക്യാമ്പസ് അനുവദിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അനുമതി നിർബന്ധമല്ലെന്നിരിക്കെ ധനവകുപ്പ് ഫയൽ അവിടേക്ക് മാറ്റിയതും വിവാദമായി.
2014ൽ ആണ് തിരുവനന്തപുരം നഗരത്തിൽ കേന്ദ്ര സർവകലാശാലയുടെ താൽക്കാലിക ക്യാമ്പസ് പ്രവർത്തനം ആരംഭിച്ചത്. പ്രതിമാസം ഏകദേശം 15 ലക്ഷം രൂപ വാടക നൽകിയാണിപ്പോൾ ക്യാമ്പസ് പ്രവർത്തിക്കുന്നത്. സൗകര്യക്കുറവ് കാരണം നാലുവർഷ ബിരുദ കോഴ്‌സിൽ ഒരു വിഷയം മാത്രമാണ് നിലവിൽ അനുവദിച്ചിട്ടുള്ളത്. സ്ഥിരം ക്യാമ്പസ് നിർമ്മിച്ച് കൂടുതൽ കോഴ്‌സുകൾ ആരംഭിക്കുകയെന്നതാണ് സർവകലാശാലയുടെ ലക്ഷ്യം.
സ്ഥിരം ക്യാമ്പസിനുള്ള ഭൂമി അനുവദിക്കുന്നത് വൈകിയാൽ തിരുവനന്തപുരം ക്യാമ്പസ് ഉപേക്ഷിക്കേണ്ടി വരുമെന്ന് സർവകലാശാല സംസ്ഥാന സർക്കാരിനെ അറിയിച്ചതായും സൂചനയുണ്ട്. അധിക സാമ്പത്തിക ഭാരം കുറയ്ക്കാനും നൂതന പഠനഗവേഷണ കോഴ്‌സുകൾ ആരംഭിക്കാനും സ്ഥിരം ക്യാമ്പസ് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി വൈസ് ചാൻസലർ 2024ൽ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.
ഇതിനിടെ, ഭൂമി അനുവദിക്കൽ നടപടികളിൽ അടിയന്തിര തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ട് 'സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി' രംഗത്തെത്തി. തലസ്ഥാനത്തിന് കേന്ദ്ര സർവകലാശാലയുടെ സ്ഥിരം ക്യാമ്പസ് നഷ്ടപ്പെടാതിരിക്കാനുള്ള ഇടപെടൽ സർക്കാർ നടത്തണമെന്ന് കമ്മിറ്റിയാവശ്യപ്പെട്ടു.
തലസ്ഥാനത്ത് കേന്ദ്ര സർവകലാശാല സ്ഥിരം ക്യാമ്പസ് അനിശ്ചിതത്വത്തിൽ; ഭൂമി അനുവദിക്കൽ ഫയൽ ഒരു വർഷമായി അനങ്ങുന്നില്ല
