ഫ്‌ളോറിഡ: രണ്ടു വ്യത്യസ്ത സ്ഥലങ്ങളിലായി ആറുപേരെ വെടിവെച്ച് കൊന്ന സംഭവത്തിൽ 51കാരനായ റസ്സൽ കോട് എന്നയാളെ പൊലീസ് പ്രതിയായി തിരിച്ചറിഞ്ഞു. തുടർന്ന് ഇയാളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. സംഭവം സംസ്ഥാനത്തെ ഫോർട്ട് ലോഡർഡെയിലും സാരസോട്ട കൗണ്ടിയിലുമാണ് ഉണ്ടായത്.
ചൊവ്വാഴ്ച ഉച്ചയോടെ സാരസോട്ട കൗണ്ടിയിലെ ഗേറ്റഡ് കമ്മ്യൂണിറ്റിയായ ആംബർലിയയിലെ ഒരു വസതിയിൽ വെടിവെയ്പ്പുണ്ടായെന്ന വിവരത്തെ തുടർന്ന് ഷെരിഫ് ഡെപ്യൂട്ടികൾ സ്ഥലത്തെത്തി. വീടിന് പുറത്ത് വാതിലിന് സമീപം ഒരാളെ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. വീടിനകത്ത് രണ്ട് സ്ത്രീകളെയും ഒരു പുരുഷനും കൂടി മരിച്ച നിലയിൽ കണ്ടെത്തി. പിന്നീട് പ്രതിയായ കോടിനെയും വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാൾ സ്വയം വെടിവെച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
സിസിടിവി ദൃശ്യങ്ങളിൽ ചൊവ്വാഴ്ച രാവിലെ 11ഓടെ കോടിന്റെ വാഹനം പ്രദേശത്ത് പ്രവേശിക്കുന്നതായി കാണപ്പെട്ടു. അതിന് പിന്നാലെ വെടിവെയ്പ്പിന്റെ ശബ്ദം സമീപവാസിയുടെ റിംഗ് ക്യാമറയിൽ പതിഞ്ഞതായും അധികൃതർ പറഞ്ഞു. പിന്നീട് പ്രദേശത്ത് എത്തിയ മറ്റൊരാളെയും വെടിയേറ്റ് വീണ നിലയിൽ കണ്ടെത്തി. നാട്ടുകാർ സിപിആർ നൽകുന്നതിനിടെയാണ് പൊലീസ് സ്ഥലത്തെത്തിയത്.
അതേ ദിവസം ഉച്ചയ്ക്ക് ശേഷം, സാരസോട്ടയിൽനിന്ന് 200 മൈൽ അകലെയുള്ള ഫോർട്ട് ലോഡർഡെയിലെ വിക്ടോറിയ പാർക്ക് മേഖലയിലെ ഒരു വീട്ടിൽ ക്ഷേമപരിശോധനയ്‌ക്കെത്തിയ പൊലീസ് രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് രണ്ടു സംഭവങ്ങൾക്കും ബന്ധമുണ്ടെന്ന സംശയം ഉയർന്നത്.
ഫോർട്ട് ലോഡർഡെയിൽ കൊല്ലപ്പെട്ടവർ ലാരിസ ബ്ല്യൂഡയ (46), ബെൻ അസിവോവ് (18) എന്നിവരാണെന്ന് പൊലീസ് വ്യക്തമാക്കി. സാരസോട്ടയിൽ കൊല്ലപ്പെട്ടവർ ഒൽഗ ഗ്രെയ്‌നർട്ട് (49), ഫ്‌ളോറിറ്റ സ്റ്റോളിയാർ (66), അനറ്റോളി ഇയോഫെ (61), യാരോസ്ലാവ് ബ്ല്യൂഡോയ് (39) എന്നിവരാണ്.
ഫോർട്ട് ലോഡർഡെയിലെ താമസക്കാരനായിരുന്നു കോട്. അവിടെ കൊല്ലപ്പെട്ട ലാരിസ ബ്ല്യൂഡയയുമായി മുമ്പ് പ്രണയബന്ധമുണ്ടായിരുന്നുവെന്ന് ഷെരിഫ് ഓഫീസ് അറിയിച്ചു. ഫോർട്ട് ലോഡർഡെയിലെ ഇരകൾക്ക് സാരസോട്ടയിലെ ഇരകളുമായി ബന്ധമുണ്ടായിരുന്നുവെന്നും അധികൃതർ പറഞ്ഞു. എന്നാൽ അതിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
സംഭവങ്ങളുടെ പ്രേരണ വ്യക്തമല്ലെന്നും അന്വേഷണം തുടരുകയാണെന്നും സാരസോട്ട കൗണ്ടി ഷെരിഫ് ഓഫീസ് അറിയിച്ചു. പ്രതിക്കെതിരെ മുൻപ് മാനസികാരോഗ്യ പ്രശ്‌നങ്ങളോ അക്രമചരിത്രമോ രേഖപ്പെടുത്തിയിട്ടില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഫ്‌ളോറിഡയിൽ ആറുപേരെ വെടിവെച്ചു കൊന്നയാൾ ആത്മഹത്യ ചെയ്തു
