വാഷിംഗ്ടണ്‍: ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) ടെക്‌സാസിലെ എല്‍ പാസോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനങ്ങളുടെ വരവും പോക്കും 10 ദിവസത്തേക്ക് താത്ക്കാലികമായി നിരോധിച്ചു. സുരക്ഷാ കാരണങ്ങളാണ് തീരുമാനത്തിന് കാരണം. നിരോധനം ഫെബ്രുവരി 11ന് പുലര്‍ച്ചെ 1:30ന് ആരംഭിച്ച് ഫെബ്രുവരി 21 വരെ തുടരുമെന്ന് എഫ് എ എ പുറത്തിറക്കിയ ഔദ്യോഗിക നോട്ടീസ് ടു എയര്‍മെന്‍ (നോട്ടം) പറയുന്നു. എന്നാല്‍ ഇത് എല്‍ പാസോയുടെ ആകാശമേഖല മാത്രമല്ല സാന്താ തെരേസ, ന്യൂ മെക്‌സിക്കോയിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്ക് കൂടി വ്യാപിക്കും.
നോട്ടം അനുസരിച്ച് നിര്‍ദ്ദേശിച്ച ആകാശമേഖലയില്‍ പൈലറ്റുമാര്‍ക്ക് വിമാനങ്ങള്‍ ഓപ്പറേറ്റ് ചെയ്യാന്‍ അനുമതിയില്ല. എല്‍ പാസോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ഈ താldക്കാലിക അടച്ചുപൂട്ടല്‍ സ്ഥിരീകരിച്ചു. ഇത് കമേഴ്‌സ്യല്‍, കാര്‍ഗോ, പ്രൈവറ്റ് വിമാനങ്ങള്‍ക്കെല്ലാം ബാധകമാണെന്ന് അറിയിച്ചു. യാത്രക്കാരോട് വിമാന കമ്പനികളുമായി നേരിട്ട് ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാന്‍ ശിപാര്‍ശ ചെയ്തു.
എല്‍ പാസോയില്‍ സര്‍വീസ് ചെയ്യുന്ന എല്ലാ എയര്‍ലൈന്‍സ് കമ്പനികള്‍ക്കും ഈ ഉത്തരവ് ബാധകമാണ്.
ഫ്‌ളൈറ്റ് കണക്ഷന്‍സ് ഡേറ്റ അനുസരിച്ച് ഫെബ്രുവരിയില്‍ ഏകദേശം 1,299 വിമാനങ്ങളാണ് എയര്‍പോര്‍ട്ടില്‍ എത്താന്‍ നിശ്ചയിച്ചിരുന്നത്. ദിവസേന ശരാശരി 46 യാത്രകളാണുണ്ടായിരുന്നത്.
ഡെല്‍റ്റാ എയര്‍ലൈന്‍സ്, അമേരിക്കന്‍ എയര്‍ലൈന്‍സ്, സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ്, യുണൈറ്റഡ് എയര്‍ലൈന്‍സ് തുടങ്ങിയവയാണ് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍.
എല്‍ പാസോ ആകാശമേഖല താത്ക്കാലികമായി അടച്ചു പൂട്ടുന്ന തീരുമാനം അത്ഭുതപ്പെടുത്തുന്നതാണെന്ന് ടെക്‌സാസിന്റെ സ്റ്റേറ്റ് പ്രതിനിധി വിന്‍സന്റ് പെറെസ് പറഞ്ഞു.
