അമേരിക്ക പാക്കിസ്ഥാനെ ടോയ് ലെറ്റ് പേപ്പർപോലെ ഉപയോഗിച്ചതിനുശേഷം വലിച്ചെറിഞ്ഞു; അഫ്ഗാൻ യുദ്ധങ്ങളിൽ പങ്കെടുത്തത് വലിയ പിഴവ്: ഖവാജ അസിഫിന്റെ തുറന്നുപറച്ചിൽ

അമേരിക്ക പാക്കിസ്ഥാനെ  ടോയ് ലെറ്റ് പേപ്പർപോലെ ഉപയോഗിച്ചതിനുശേഷം വലിച്ചെറിഞ്ഞു; അഫ്ഗാൻ യുദ്ധങ്ങളിൽ പങ്കെടുത്തത് വലിയ പിഴവ്: ഖവാജ അസിഫിന്റെ തുറന്നുപറച്ചിൽ


ഇസ്ലാമാബാദ്: അമേരിക്ക പാകിസ്ഥാനെ തങ്ങളുടെ തന്ത്രപരമായ ലക്ഷ്യങ്ങൾക്കായി ഉപയോഗിച്ച് പിന്നീട് 'ടോയ്‌ലറ്റ് പേപ്പറുപോലെ തള്ളിക്കളഞ്ഞു'വെന്ന് പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖവാജ അസിഫ് ദേശീയ അസംബ്ലിയിൽ തുറന്നുപറഞ്ഞു. അഫ്ഗാൻ യുദ്ധങ്ങളിൽ പങ്കെടുത്തത് രാജ്യത്തിന്റെ വലിയ പിഴവായിരുന്നുവെന്നും അതിന്റെ പ്രതിഫലനമാണ് ഇന്നത്തെ ഭീകരവാദമെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിലാണ് അസിഫ് പാകിസ്ഥാന്റെ മുൻകാല രാഷ്ട്രീയസൈനിക തീരുമാനങ്ങളെക്കുറിച്ച് കടുത്ത ആത്മപരിശോധന നടത്തിയത്. അമേരിക്കയുമായി 1999ന് ശേഷം, പ്രത്യേകിച്ച് 2001 സെപ്തംബർ 11 ആക്രമണങ്ങൾക്കുശേഷം രൂപപ്പെട്ട കൂട്ടുകെട്ട് രാജ്യത്തിന് വൻ നഷ്ടമുണ്ടാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

'പാകിസ്ഥാനെ ഒരു ആവശ്യത്തിനായി ഉപയോഗിച്ചു. ലക്ഷ്യം നിറവേറ്റിയതിന് ശേഷം ടോയ്‌ലറ്റ് പേപ്പറിനേക്കാൾ മോശമായി തള്ളിക്കളഞ്ഞു,' എന്നാണ് അസിഫ് ആരോപിച്ചത്.

അമേരിക്ക നയിച്ച അഫ്ഗാൻ യുദ്ധത്തിൽ പാകിസ്ഥാൻ വീണ്ടും പങ്കാളിയായത് രാജ്യത്തെ ദീർഘകാല പ്രതിസന്ധിയിലേക്ക് തള്ളിയതായും അദ്ദേഹം പറഞ്ഞു. താലിബാനെതിരായ നിലപാട് സ്വീകരിച്ചതോടെ രാജ്യത്തിനകത്ത് അതിക്രമം, മതാചാര ചൂഷണം, സാമ്പത്തിക ബുദ്ധിമുട്ട് തുടങ്ങിയവ വർധിച്ചതായും അദ്ദേഹം വ്യക്തമാക്കി. അമേരിക്ക മേഖല വിട്ടുപോയെങ്കിലും പാകിസ്ഥാൻ ഇന്നും അതിന്റെ പ്രത്യാഘാതങ്ങളോട് പോരാടുകയാണെന്നും അസിഫ് കൂട്ടിച്ചേർത്തു.

അഫ്ഗാൻ യുദ്ധങ്ങളിൽ പങ്കെടുത്തത് മതപരമായ ബാധ്യതയെന്ന പേരിലാണ് ന്യായീകരിച്ചതെന്ന് പറഞ്ഞ അസിഫ്, അത് തെറ്റിദ്ധാരണയാണെന്നും ഗുരുതരമായ ദോഷഫലങ്ങൾ ഉണ്ടാക്കിയെന്നും പറഞ്ഞു. മുൻ സൈനിക ഭരണാധികാരികളായ സിയാഉൽഹഖും പെർവേസ് മുഷറഫും 'ഇസ്ലാമിനുവേണ്ടിയല്ല, ഒരു മഹാശക്തിയെ പ്രസാദിപ്പിക്കാനാണ്' അഫ്ഗാൻ യുദ്ധത്തിൽ ചേർന്നതെന്ന് അദ്ദേഹം ആരോപിച്ചു.

'നമ്മുടെ ചരിത്രം നാം നിഷേധിക്കുന്നു. മുൻ ഭരണാധികാരികൾ ചെയ്ത പിഴവുകളുടെ തിരിച്ചടിയാണ് ഇന്നത്തെ ഭീകരവാദം,' അസിഫ് പറഞ്ഞു. ആ നഷ്ടങ്ങൾക്ക് പകരംവെക്കാനാകില്ലെന്നും അവ 'മാറ്റാനാവാത്ത പിഴവുകൾ' ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുദ്ധങ്ങളെ ന്യായീകരിക്കുന്ന തരത്തിൽ വിദ്യാഭ്യാസ സംവിധാനത്തിൽ ആശയപരമായ മാറ്റങ്ങൾ കൊണ്ടുവന്നതായും അതിന്റെ സ്വാധീനം ഇന്നും നിലനിൽക്കുന്നതായും പ്രതിരോധമന്ത്രി ചൂണ്ടിക്കാട്ടി.