വാഷിംഗ്ടൺ: ലൈംഗിക കുറ്റകേസിൽ ആരോപണവിധേയനായ ജെഫ്രി എപ്സ്റ്റീന്റെ പെരുമാറ്റത്തെക്കുറിച്ച് 'എല്ലാവർക്കും അറിയാമായിരുന്നു' എന്ന് ഡോണൾഡ് ട്രംപ് 2006ൽ പറഞ്ഞതായി മുൻ ഫ്‌ളോറിഡ പോലീസ് മേധാവി വെളിപ്പെടുത്തിയതായി റിപ്പോർട്ട്. എപ്സ്റ്റീൻ ഫയലുകളുടെ ഭാഗമായി പുറത്തുവിട്ട എഫ്ബിഐ രേഖയിലാണ് ഈ വിവരം ഉൾപ്പെട്ടിരിക്കുന്നത്.
2019ൽ എഫ്ബിഐ നടത്തിയ ചോദ്യംചെയ്യലിന്റെ രേഖ അനുസരിച്ച്, എപ്സ്റ്റീനിനെതിരെ പാം ബീച്ച് പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ട്രംപ് ഫോൺ വിളിച്ചെന്നും 'നിങ്ങൾ അവനെ തടയുന്നത് നല്ല കാര്യമാണ്, അവൻ ഇങ്ങനെ ചെയ്യുന്നതായി എല്ലാവർക്കും അറിയാമായിരുന്നു' എന്ന് പറഞ്ഞതായും മുൻ പോലീസ് ചീഫ് വ്യക്തമാക്കി. രേഖയിൽ പേര് മറച്ചുവെച്ചിട്ടുണ്ടെങ്കിലും, അന്നത്തെ പാം ബീച്ച് പോലീസ് മേധാവിയായ മൈക്കൽ റൈറ്ററാണ് ആ വ്യക്തിയെന്ന് മയാമി ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു.
എഫ്ബിഐ രേഖ പ്രകാരം, ട്രംപ് എപ്സ്റ്റീനിനെ തന്റെ മാർഎലാഗോ ക്ലബ്ബിൽനിന്ന് പുറത്താക്കിയതായും, ന്യൂയോർക്കിൽ പലർക്കും ഇയാളുടെ പ്രവൃത്തികൾ വെറുപ്പുളവാക്കുന്നതായി അറിയാമായിരുന്നുവെന്നും റൈറ്റർ പറഞ്ഞു. ഗിസ്ലെയ്ൻ മാക്‌സ് വെൽ എപ്സ്റ്റീന്റെ 'ഓപ്പറേറ്റീവ്' ആണെന്നും അവളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ട്രംപ് പറഞ്ഞതായും രേഖയിൽ പറയുന്നു.
എപ്സ്റ്റീനുമായി ബന്ധപ്പെട്ട് തെറ്റായ പ്രവർത്തനങ്ങളൊന്നും തനിക്കില്ലെന്നും, അദ്ദേഹത്തിന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും ട്രംപ് സ്ഥിരമായി നിഷേധിച്ചിട്ടുണ്ട്. എന്നാൽ ഈ വെളിപ്പെടുത്തൽ, ട്രംപിന് എപ്സ്റ്റീന്റെ പ്രവർത്തനങ്ങളെക്കുറിച്ച് എത്രമാത്രം അറിയാമായിരുന്നുവെന്ന ചോദ്യങ്ങൾ വീണ്ടും ശക്തമാക്കുകയാണ്.
ഇക്കാര്യത്തിൽ 20 വർഷം മുൻപ് ട്രംപ് നിയമസംരക്ഷണ ഏജൻസികളെ ബന്ധപ്പെട്ടു എന്നതിന് തെളിവുകളില്ലെന്ന് യുഎസ് നീതിവകുപ്പ് അറിയിച്ചു. അത്തരമൊരു ഫോൺകോൾ നടന്നിട്ടുണ്ടാകാമോ ഇല്ലയോ എന്ന് വ്യക്തമല്ലെന്നും, ട്രംപ് ആദ്യം മുതൽ പറഞ്ഞ നിലപാടുകളോട് ഇത് പൊരുത്തപ്പെടുന്നതാണെന്നും വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചു.
എപ്സ്റ്റീനുവേണ്ടി കുരുക്കുവലയമൊരുക്കിയെന്ന കേസിൽ 20 വർഷം തടവ് ശിക്ഷ അനുഭവിക്കുന്ന ഗിസ്ലെയ്ൻ മാക്‌സ് വെൽ കോൺഗ്രസ് സമിതിക്ക് മുന്നിൽ മൊഴി നൽകാൻ വിസമ്മതിച്ചതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തൽ പുറത്തുവരുന്നത്.
'എപ്സ്റ്റീനെക്കുറിച്ച് എല്ലാവർക്കും അറിയാം'; 2006ൽ ട്രംപ് പറഞ്ഞെന്ന് വെളിപ്പെടുത്തി മുൻ പൊലീസ് ഓഫീസർ
