ഇന്ധന ക്ഷാമത്തിൽ ഞെരുങ്ങി ക്യൂബ; ദൈനംദിന ജീവിതം നിലച്ച നിലയിൽ

ഇന്ധന ക്ഷാമത്തിൽ ഞെരുങ്ങി ക്യൂബ; ദൈനംദിന ജീവിതം നിലച്ച നിലയിൽ


ഹവാന: യുഎസിന്റെ നിയന്ത്രണങ്ങൾ ശക്തമായതോടെ ക്യൂബയിലെ ദൈനംദിന ജീവിതം കടുത്ത പ്രതിസന്ധിയിലായി. രാജ്യത്തേക്കുള്ള എണ്ണ ഇറക്കുമതി തടയുന്ന അമേരിക്കൻ നടപടികളാണ് സ്ഥിതിഗതികൾ ഗുരുതരമാക്കിയതെന്ന് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു. ഈ നീക്കം ക്യൂബയെ മാനവിക ദുരന്തത്തിലേക്ക് തള്ളിവിടുന്നതാണെന്ന ആരോപണവും ഉയരുന്നുണ്ട്.

ഇന്ധന ലഭ്യത കുറഞ്ഞതോടെ പൊതുഗതാഗതം വെട്ടിക്കുറച്ചിരിക്കുകയാണ്. പല മേഖലകളിലുമുള്ള തൊഴിലാളികളെ താൽക്കാലികമായി ഒഴിവാക്കി. സ്‌കൂളുകളിൽ കുട്ടികളെ നേരത്തേ വീട്ടിലേക്ക് അയക്കുകയാണ്. പാൽ, ചിക്കൻ പോലുള്ള അടിസ്ഥാന ഭക്ഷ്യവസ്തുക്കൾ പോലും സാധാരണ ജനങ്ങൾക്ക് കൈവശംവരാത്ത അവസ്ഥയാണ്. പെട്രോൾ പമ്പുകളിൽ നീണ്ട ക്യൂകളും രൂപപ്പെട്ടു.

രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസ്സായ ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. വിദേശ സഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ ഹോട്ടലുകളും അനുബന്ധ സ്ഥാപനങ്ങളും പ്രവർത്തനം പരിമിതപ്പെടുത്തി.

അന്താരാഷ്ട്ര തലത്തിൽ യുഎസ് നടപടികൾക്കെതിരെ വിമർശനം ശക്തമാകുന്നുണ്ടെങ്കിലും പ്രതിസന്ധിക്ക് ഉടൻ പരിഹാരമുണ്ടാകുമെന്ന സൂചനകളില്ല.