ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങള്‍ വ്യക്തമായി അടയാളപ്പെടുത്തണമെന്ന് നിര്‍ബന്ധമാക്കുന്ന പ്രധാനപ്പെട്ട നിയമഭേദഗതികള്‍ ഇന്ത്യ അവതരിപ്പിച്ചു. ചിത്രങ്ങള്‍, വീഡിയോകള്‍, ഓഡിയോ എന്നിവ ഉള്‍പ്പെടെ എ ഐ വഴി മാറ്റം വരുത്തിയ എല്ലാ ഉള്ളടക്കങ്ങളിലും അതിന്റെ ഉത്ഭവം വ്യക്തമാക്കുന്ന ദൃശ്യമായ ലേബലുകളോ എംബെഡഡ് മെറ്റാ ഡേറ്റയോ ഉണ്ടായിരിക്കണം എന്നതാണ് പുതിയ നിയമം. യഥാര്‍ഥവും എ ഐ മാറ്റം വരുത്തിയതുമായ ഉള്ളടക്കങ്ങള്‍ ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി റൂള്‍സ് 2021 കരട് ഭേദഗതികള്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം ആണ് നിര്‍ദേശിച്ചത്. ലേബലിംഗ് മാത്രമല്ല നിയമവിരുദ്ധമോ തെറ്റിദ്ധരിപ്പിക്കുന്നതോ ലൈംഗിക ചൂഷണപരമായതോ ആയ എ ഐ ഉള്ളടക്കം വൈറലാകുന്നതിന് മുമ്പ് തന്നെ കണ്ടെത്തി തടയാന്‍ കഴിയുന്ന ഓട്ടോമേറ്റഡ് ഉപകരണങ്ങള്‍ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കണമെന്നും ഭേദഗതികള്‍ നിര്‍ദ്ദേശിക്കുന്നു. ഇത്തരം ഉള്ളടക്കം കണ്ടെത്തിയാല്‍ അത് മൂന്നു മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്നും വ്യവസ്ഥയുണ്ട്.
എ ഐ ഉപയോഗിച്ച് സൃഷ്ടിച്ച എല്ലാ ഉള്ളടക്കങ്ങളിലും നീക്കം ചെയ്യാനോ മറയ്ക്കാനോ കഴിയാത്ത വ്യക്തമായ എ ഐ ലേബലോ എംബെഡഡ് മെറ്റാഡേറ്റയോ ഉണ്ടായിരിക്കണം.
ചിത്രങ്ങളില്‍ ലേബല്‍ കുറഞ്ഞത് 10 ശതമാനം ഭാഗം മൂടണം; ഓഡിയോയും വീഡിയോയും ആയാല്‍ ക്ലിപ്പിന്റെ ആദ്യ 10 ശതമാനം ഭാഗത്തിനുള്ളില്‍ ലേബല്‍ ദൃശ്യമാകണം.
ഉപയോക്താക്കള്‍ അപ്ലോഡ് ചെയ്യുന്ന ഉള്ളടക്കം എ ഐ സൃഷ്ടിച്ചതാണോയെന്ന് സ്ഥിരീകരിക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ പ്രോംപ്റ്റ് നല്‍കുകയും സ്വന്തം ഉപകരണങ്ങള്‍ ഉപയോഗിച്ച് അത് പരിശോധിക്കുകയും വേണം.
നിയമവിരുദ്ധമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ എ ഐ ഉള്ളടക്കം കണ്ടെത്തി പ്രചരിക്കുന്നത് തടയാന്‍ ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ നിര്‍ബന്ധമാണ്.
ഈ നിയമങ്ങള്‍ ലംഘിച്ചാല്‍ ലഭിക്കുന്ന ശിക്ഷകളെക്കുറിച്ച് ഉപയോക്താക്കള്‍ക്ക് ത്രൈമാസ ഓര്‍മ്മിപ്പിക്കല്‍ നല്‍കണം. ഇതിന്റെ പശ്ചാത്തലത്തില്‍ എ ഐ ഉപയോഗിച്ച് തയ്യാറാക്കിയ എല്ലാ പ്രചാരണ സാമഗ്രികളിലും ലേബല്‍ നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് നിര്‍ദേശിച്ചിട്ടുണ്ട്.
ജനാധിപത്യ പ്രക്രിയയില്‍ എ ഐ സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങള്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള ആശങ്കയും ഡിജിറ്റല്‍ ഇടങ്ങളില്‍ കൂടുതല്‍ സുതാര്യത ആവശ്യമാണെന്ന ബോധ്യവുമാണ് ഈ നടപടിയിലൂടെ പ്രതിഫലിക്കുന്നത്.
