ലണ്ടൻ സ്‌കൂളിൽ 'അല്ലാഹു അക്ബർ' വിളിച്ച് 13കാരന്റെ ആക്രമണം, കുത്തേറ്റ് രണ്ട് വിദ്യാർഥികൾ ഗുരുതരാവസ്ഥയിൽ

ലണ്ടൻ സ്‌കൂളിൽ 'അല്ലാഹു അക്ബർ' വിളിച്ച് 13കാരന്റെ ആക്രമണം, കുത്തേറ്റ് രണ്ട് വിദ്യാർഥികൾ ഗുരുതരാവസ്ഥയിൽ


ലണ്ടൻ: വടക്കുപടിഞ്ഞാറൻ ലണ്ടനിലെ ബ്രെന്റിൽ സ്ഥിതിചെയ്യുന്ന കിംഗ്‌സ്ബറി ഹൈസ്‌കൂളിൽ 13കാരൻ നടത്തിയ കത്തിക്കുത്ത് ആക്രമണത്തിൽ രണ്ട് വിദ്യാർഥികൾ ഗുരുതരാവസ്ഥയിൽ. ചൊവ്വാഴ്ച ഉച്ചയ്ക്ക് നടന്ന സംഭവത്തിൽ 12ഉം 13ഉം വയസ്സുള്ള വിദ്യാർഥികൾക്കാണ് കുത്തേറ്റത്. ആക്രമണസമയത്ത് പ്രതി 'അല്ലാഹു അക്ബർ' എന്ന് വിളിച്ചുകൊണ്ടിരുന്നുവെന്നു സാക്ഷികളെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സ്‌കൂളിലെ വിദ്യാർഥിയല്ലാത്ത 13കാരനാണ് കത്തിയുമായി സ്‌കൂളിൽ കയറി ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. ആദ്യം 13കാരനെ കഴുത്തിലും പിന്നിലും കുത്തിയ പ്രതി, പിന്നാലെ 12കാരനെയും ആക്രമിച്ചു. മറ്റു വിദ്യാർഥികൾ ഭീതിയോടെ നോക്കി നിൽക്കുന്നതിനിടെയാണ് സംഭവം നടന്നത്.

ആക്രമണത്തിനു ശേഷം പ്രതി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. മണിക്കൂറിനകം സമീപ പ്രദേശത്ത് ഒളിച്ചിരുന്ന ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കത്തിയും പൊലീസ് കണ്ടെടുത്തതായി അറിയിച്ചു. കൊലപാതകശ്രമക്കുറ്റം ചുമത്തി ഇയാളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ്.

പ്രതി പ്രായപൂർത്തിയാകാത്തയാളായതിനാൽ തിരിച്ചറിയൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആശയപരമായ പ്രേരണയുണ്ടോയെന്ന് പരിശോധിക്കുന്നതിനായി കൗണ്ടർ ടെററിസം വിഭാഗം അന്വേഷണത്തിൽ ചേർന്നിട്ടുണ്ട്. എന്നാൽ സംഭവം ഔദ്യോഗികമായി ഭീകരാക്രമണമെന്നു പ്രഖ്യാപിച്ചിട്ടില്ല.

സംഭവത്തെ തുടർന്ന് സ്‌കൂളിലെ നിരവധി വിദ്യാർഥികളെ മണിക്കൂറുകളോളം ക്യാമ്പസിൽ നിർത്തി പൊലീസ് ചോദ്യം ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.

ഗുരുതരമായി പരിക്കേറ്റ വിദ്യാർഥികൾ ആശുപത്രിയിൽ ജീവൻ രക്ഷാപ്രവർത്തനത്തിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

'ആക്രമണത്തിന് പിന്നിലെ പ്രേരണയെക്കുറിച്ച് തുറന്ന മനസ്സോടെ അന്വേഷണം തുടരുകയാണ്. അടിയന്തര അന്വേഷണത്തിനൊടുവിൽ പ്രതിയെ അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ ഉപയോഗിച്ച ആയുധവും കണ്ടെത്തിയിട്ടുണ്ട്,' എന്ന് ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ടന്റ് ലൂക്ക് വില്യംസ് വ്യക്തമാക്കി.