ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ ഫാക്ട് ഷീറ്റില്‍ മാറ്റം വരുത്തി വൈറ്റ് ഹൗസ്

ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ ഫാക്ട് ഷീറ്റില്‍ മാറ്റം വരുത്തി വൈറ്റ് ഹൗസ്


വാഷിംഗ്ടണ്‍: ഇന്ത്യ- അമേരിക്ക വ്യാപാര കരാറിനെക്കുറിച്ചുള്ള ഫാക്ട് ഷീറ്റില്‍ വൈറ്റ് ഹൗസ് നിര്‍ണായക മാറ്റങ്ങള്‍ വരുത്തി. നേരത്തെ ഉണ്ടായിരുന്ന പയര്‍വര്‍ഗങ്ങള്‍ എന്ന പരാമര്‍ശം പുതിയ പതിപ്പില്‍ ഒഴിവാക്കി. കൂടാതെ, ഇന്ത്യ 500 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള അമേരിക്കന്‍ ഉത്പന്നങ്ങള്‍ വാങ്ങുമെന്ന പരാമര്‍ശം 'വാങ്ങാന്‍ ഉദ്ദേശിക്കുന്നു' എന്ന മൃദുവായ ഭാഷയിലേക്കും മാറ്റി.

കാര്‍ഷിക ഇറക്കുമതികളുമായി ബന്ധപ്പെട്ടും പത്യേകിച്ച് പയര്‍ വര്‍ഗങ്ങള്‍ ഇന്ത്യയിലെ കര്‍ഷക മേഖലയുമായി നേരിട്ട് ബന്ധപ്പെട്ടതിനാലും ഈ മാറ്റങ്ങള്‍ ശ്രദ്ധേയമാണെന്ന് വിലയിരുത്തപ്പെടുന്നു.

ചൊവ്വാഴ്ച പുറത്തിറക്കിയ ഫാക്ട് ഷീറ്റില്‍ ചില പയര്‍വര്‍ഗങ്ങള്‍ ഉള്‍പ്പെടെ അമേരിക്കന്‍ കാര്‍ഷിക ഉത്പന്നങ്ങളില്‍ ഇന്ത്യ തീരുവ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ പുതുക്കിയ പതിപ്പില്‍ പയര്‍വര്‍ഗങ്ങളെ കുറിച്ച് യാതൊരു പരാമര്‍ശവുമില്ല. പകരം ഇന്ത്യ കൂടുതല്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ വാങ്ങാനും 500 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള യു എസ് എനര്‍ജി, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി, കല്‍ക്കരി തുടങ്ങിയ ഉത്പന്നങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നു എന്നാണ് പറയുന്നത്.

ഫെബ്രുവരി 9നാണ് യു എസും ഇന്ത്യയും ചരിത്രപരമായ വ്യാപാര കരാര്‍ പ്രഖ്യാപിക്കുന്നു എന്ന ഫാക്ട് ഷീറ്റ് വൈറ്റ് ഹൗസ് പുറത്തിറക്കിയത്.

പയര്‍വര്‍ഗങ്ങളുടെ പരാമര്‍ശം ഒഴിവാക്കിയെങ്കിലും മറ്റ് കാര്‍ഷിക ഉത്പന്നങ്ങളെക്കുറിച്ചുള്ള വാചകങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. 

2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ പയര്‍വര്‍ഗ ഇറക്കുമതി ബില്‍ 46 ശതമാനം ഉയര്‍ന്ന് 5.48 ബില്യണ്‍ ഡോളറായി. 2023-24ല്‍ ഇത് 3.75 ബില്യണ്‍ ഡോളറായിരുന്നു. എന്നിരുന്നാലും, 2024-25ല്‍ ആകെ ഇറക്കുമതിയില്‍ യു എസിന്റെ പങ്ക് 89.65 മില്യണ്‍ ഡോളര്‍ മാത്രമായിരുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍, ഇന്ത്യ യു എസില്‍ നിന്ന് 78 മില്യണ്‍ ഡോളര്‍ മൂല്യമുള്ള മസൂര്‍ പരിപ്പ് ഇറക്കുമതി ചെയ്തു. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ കാനഡ (466 മില്യണ്‍ ഡോളര്‍)യും ഓസ്‌ട്രേലിയ (328 മില്യണ്‍ ഡോളര്‍)യും മുന്‍നിര വിതരണക്കാരായിരുന്നു.

മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 2024-25ല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്തത് തുവര പരിപ്പാണ് 1285.40 മില്യണ്‍ ഡോളര്‍. തുടര്‍ന്ന് ബെംഗാള്‍ ഗ്രാം (1,116.64 മില്യണ്‍ ഡോളര്‍), യെല്ലോ പീസ് (960.58 മില്യണ്‍ ഡോളര്‍), മസൂര്‍ പരിപ്പ് (916.03 മില്യണ്‍ ഡോളര്‍) എന്നിവയാണ്.

നയപരമായി, തുവരയും ഉഴുന്നും 2026 മാര്‍ച്ച് 31 വരെ തീരുവയില്ലാതെ ഇറക്കുമതി ചെയ്യാന്‍ അനുമതിയുണ്ട്. എന്നാല്‍ 2025 നവംബര്‍ 1 മുതല്‍ യെല്ലോ പീസിന് 30 ശതമാനം തീരുവ ഈടാക്കുന്നു. യു എസില്‍ നിന്ന് പ്രധാനമായും ഇറക്കുമതി ചെയ്യുന്ന മസൂര്‍ പരിപ്പിന് നിലവില്‍ 10 ശതമാനം ഇറക്കുമതി തീരുവ നിലവിലുണ്ട്.