ന്യൂഡല്‍ഹി: എപ്‌സ്‌റ്റൈന്‍ ഫയലുകളുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി. ജെഫ്രി എപ്‌സ്‌റ്റൈനുമായി നടത്തിയ കൂടിക്കാഴ്ച ഔദ്യോഗിക നിലയില്‍ ഇന്റര്‍നാഷണല്‍ പീസ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിനിധി സംഘത്തിന്റെ ഭാഗമായിട്ടായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പുരി വിശദീകരണം നല്‍കിയത്.
എപ്‌സ്‌റ്റൈനുമായുള്ള ഇടപെടല്‍ പൂര്‍ണമായും ഔദ്യോഗികവും പ്രൊഫഷണല്‍ സ്വഭാവമുള്ളതുമായിരുന്നുവെന്നും അമേരിക്കന്‍ ധനകാര്യ വിദഗ്ധനെതിരെ ഉയര്‍ന്ന കുറ്റാരോപണങ്ങളുമായി അതിന് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിനിധി സംഘത്തിന്റെ ഭാഗമായി മൂന്നോ നാലോ തവണയാണ് താന്‍ അദ്ദേഹത്തെ കണ്ടതെന്നും അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെട്ട കുറ്റകൃത്യങ്ങളുമായി തങ്ങളുടെ കൂടിക്കാഴ്ചകള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നുമാണ് പുരിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
കേസുമായി ബന്ധപ്പെട്ട മൂന്ന് മില്യണ്‍ രേഖകള്‍ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടിട്ടുണ്ടെന്നും അതില്‍ ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാണെന്നും മന്ത്രി പറഞ്ഞു.
എപ്‌സ്‌റ്റൈന്‍ ഫയലുകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ അവ ഗുരുതരമായ ക്രിമിനല്‍ കുറ്റാരോപണങ്ങളുമായി ബന്ധപ്പെട്ടതാണ് എന്നത് രാഹുല്‍ ഗാന്ധി മനസ്സിലാക്കണമെന്ന് പുരി പറഞ്ഞു. എപ്‌സ്‌റ്റൈന്‍ ഒരു ദ്വീപ് സ്വന്തമാക്കി ആളുകളെ അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കായി അവിടെ കൊണ്ടുപോയെന്ന ആരോപണങ്ങളും പീഡോഫിലിയ ഉള്‍പ്പെടെയുള്ള കുറ്റങ്ങളും ഫയലുകളില്‍ പരാമര്‍ശിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അധികാരസ്ഥാനങ്ങളില്‍ ഇരുന്നവര്‍ക്കെതിരെ ഇരകള്‍ കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ തന്റെ കൂടിക്കാഴ്ചകള്‍ക്ക് ഇത്തരം വിഷയങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
