സവാന ഗുത്രിയുടെ അമ്മ നാൻസി ഗുത്രിയെ കാണാതായ സംഭവത്തിൽ പിടിയിലായ ആളെ വിട്ടയച്ചു

സവാന ഗുത്രിയുടെ അമ്മ നാൻസി ഗുത്രിയെ കാണാതായ സംഭവത്തിൽ പിടിയിലായ ആളെ വിട്ടയച്ചു


അരിസോണ: 'ടുഡേ' ഷോ അവതാരക സവാന ഗുത്രിയുടെ അമ്മ നാൻസി ഗുത്രി (84)യെ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്ന കേസിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. സംഭവത്തിൽ ഇയാൾ നേരത്തെ തന്നെ നിരീക്ഷണത്തിലുണ്ടായിരുന്നുവെന്നാണ് സൂചന.

ജനുവരി 31നാണ് നാൻസിയെ അവസാനമായി കണ്ടത്. അതിന്റെ പിന്നാലെ ഫെബ്രുവരി 1ന് പുലർച്ചെയോടെ ട്യൂസോണിലെ സ്വന്തം വസതിയിൽനിന്ന് അവരെ തട്ടിക്കൊണ്ടുപോയിരിക്കാമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

കേസിന്റെ ഭാഗമായി ചൊവ്വാഴ്ച വൈകിട്ട് നടത്തിയ ട്രാഫിക് പരിശോധനയ്ക്കിടെയാണ് സംശയിക്കുന്ന ഒരാളെ പൊലീസ് പിടികൂടിയത്. ഇയാൾ പൂർണമായും സഹകരിച്ചിരുന്നുവെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് ട്യൂസോണിൽനിന്ന് ഏകദേശം 60 മൈൽ അകലെയുള്ള റിയോ റിക്കോയിലെ ഇയാളുമായി ബന്ധപ്പെട്ട ഒരു വസതിയും പരിശോധന നടത്തി. പിന്നീട് ഇയാളെ വിട്ടയച്ചു.

അതേ ദിവസം രാവിലെ, നാൻസിയുടെ വീടിന് മുന്നിൽ മുഖംമൂടി ധരിച്ചും ആയുധവുമായി എത്തിയ ഒരാളുടെ ചിത്രങ്ങളും ദൃശ്യങ്ങളും എഫ്ബിഐ പുറത്തുവിട്ടിരുന്നു. ഇയാൾ സുരക്ഷാ ക്യാമറയിൽ ഇടപെടാൻ ശ്രമിക്കുന്നതായാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഇതിന് പിന്നാലെ അന്വേഷണസംഘത്തിന് ആയിരക്കണക്കിന് ഫോൺകോളുകൾ ലഭിച്ചു.

കേസുമായി ബന്ധപ്പെട്ട് 18,000ലധികം കോളുകൾ ലഭിച്ചതായി പിമ കൗണ്ടി ഷെരിഫ് ഓഫിസും എഫ്ബിഐയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. എഫ്ബിഐ ദൃശ്യങ്ങൾ പുറത്തുവിട്ടതിന് ശേഷം മാത്രം 4,000ഓളം പുതിയ വിവരങ്ങൾ ലഭിച്ചു.

അപഹരണവുമായി ബന്ധപ്പെട്ട് വിവിധ മോചനദ്രവ്യ നോട്ടീസുകളും അന്വേഷണ വിധേയമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച അവസാനിച്ച ഒരു സമയപരിധി ഉൾപ്പെടുത്തിയ നോട്ടീസും പരിശോധിച്ചതായി അധികൃതർ അറിയിച്ചു. എന്നാൽ ഇതുവരെ അവയെല്ലാം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

നൂറുകണക്കിന് ഡിറ്റക്ടീവുകളും ഏജന്റുമാരും അന്വേഷണത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. അന്വേഷണം വ്യാപിപ്പിക്കുന്നതിനാൽ പിമ കൗണ്ടി മുഴുവൻ കൂടുതൽ പൊലീസ് സാന്നിധ്യം തുടരുമെന്നും അറിയിച്ചു.