മോസ്‌കോ: റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി നിര്‍ത്താന്‍ ഇന്ത്യ സമ്മതിച്ചുവെന്ന യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അവകാശവാദം റഷ്യ തള്ളി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുള്‍പ്പെടെ ഇന്ത്യന്‍ നേതാക്കളില്‍ നിന്നാരില്‍ നിന്നും ഇത്തരമൊരു സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്രോവ് വ്യക്തമാക്കി.
ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങല്‍ അവസാനിപ്പിക്കുമെന്ന് പറഞ്ഞത് ട്രംപ് മാത്രമാണെന്നും മോഡിയോ മറ്റേതെങ്കിലും ഇന്ത്യന്‍ നേതാക്കളോ അത്തരമൊരു തീരുമാനം പൊതുവേദിയില്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും ലാവ്രോവ് പറഞ്ഞു. ഊര്‍ജ സ്ഥിരത ഉറപ്പാക്കുന്നതിന് ന്യൂഡല്‍ഹി പല വിതരണക്കാരില്‍ നിന്നുമുള്ള ക്രൂഡ് ഓയില്‍ വാങ്ങല്‍ തുടരുമെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി മിസ്രി പറഞ്ഞിരുന്നു. ഇന്ത്യയുടെ വാങ്ങല്‍ തീരുമാനങ്ങള്‍ ദേശീയ താത്പര്യത്തെ അടിസ്ഥാനമാക്കിയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍, 1.4 ബില്യണ്‍ ജനങ്ങളുടെ ഊര്‍ജസുരക്ഷ ഉറപ്പാക്കുക സര്‍ക്കാരിന്റെ പ്രധാന മുന്‍ഗണനയാണെന്നും പറഞ്ഞു. ട്രംപ് ഭരണകൂടത്തിന്റെ പുതിയ നടപടികള്‍ക്കിടയിലും ഇന്ത്യ- റഷ്യ നിലവിലുള്ള കരാറുകള്‍ നിലനില്‍ക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യന്‍ എണ്ണ വാങ്ങുന്നുവെന്ന കാരണത്തില്‍ 2025 ഓഗസ്റ്റില്‍ യു എസ് ഇന്ത്യയ്ക്കെതിരെ 25 ശതമാനം അധിക താരിഫ് ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് അത് പിന്‍വലിച്ചെങ്കിലും ഇന്ത്യ വീണ്ടും റഷ്യന്‍ ക്രൂഡ് വാങ്ങുന്നുണ്ടോ എന്നത് നിരീക്ഷിക്കുമെന്ന് വാഷിംഗ്ടണ്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആവശ്യമെങ്കില്‍ താരിഫ് വീണ്ടും ഏര്‍പ്പെടുത്താമെന്നും യു എസ് വ്യക്തമാക്കിയിട്ടുണ്ട്.
വാഷിംഗ്ടണിന്റെ സമീപനത്തെ ലാവ്രോവ് വിമര്‍ശിച്ചു. ഇന്ത്യയെയും മറ്റ് രാജ്യങ്ങളെയും റഷ്യയുമായി വ്യാപാരം നടത്തുന്നതില്‍ നിന്ന് തടയാന്‍ യു എസ് ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ആഗോള സാമ്പത്തിക മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ യു എസ് താരിഫുകള്‍, ഉപരോധങ്ങള്‍, മറ്റ് നിയന്ത്രണ നടപടികള്‍ എന്നിവ പ്രയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയും ഇന്ത്യയും മറ്റ് ബ്രിക്‌സ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നിക്ഷേപ, പ്രതിരോധ സഹകരണങ്ങളില്‍ സ്വാധീനം ചെലുത്താനാണ് വാഷിംഗ്ടണ്‍ ശ്രമിക്കുന്നതെന്നും ലാവ്രോവ് ആരോപിച്ചു. പാശ്ചാത്യ രാജ്യങ്ങള്‍ ആഗോള കാര്യങ്ങളില്‍ ഉണ്ടായിരുന്ന പഴയ മേല്‍ക്കോയ്മ വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്നും ട്രംപ് ഭരണകൂടത്തില്‍ ഈ മത്സരവിരുദ്ധ നീക്കങ്ങള്‍ ശക്തമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂറോപ്പിലെ നോര്‍ഡ് സ്ട്രീം, യുക്രെയ്ന്‍ ഗ്യാസ് ട്രാന്‍സിറ്റ് സംവിധാനം, ടര്‍ക്സ്ട്രീം തുടങ്ങിയ പൈപ്പ്ലൈന്‍ മാര്‍ഗങ്ങളില്‍ നിയന്ത്രണം ചെലുത്താനുള്ള യു എസ് ശ്രമങ്ങളും അദ്ദേഹം പരാമര്‍ശിച്ചു. ന്യായമായ മത്സരത്തിന് വിരുദ്ധമായ താരിഫുകള്‍, ഉപരോധങ്ങള്‍, വ്യാപാര- സമ്പര്‍ക്ക നിയന്ത്രണങ്ങള്‍ എന്നിവ വഴി സാമ്പത്തിക ശക്തി ഏകോപിപ്പിക്കാന്‍ യു എസ് ശ്രമിക്കുന്നുവെന്നതാണ് ഈ തന്ത്രമെന്നും ലാവ്രോവ് ആരോപിച്ചു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് റഷ്യ അന്താരാഷ്ട്ര സാമ്പത്തിക തന്ത്രം രൂപപ്പെടുത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
