കുറഞ്ഞ ചെലവിൽ കാൻസർ ചികിത്സ; റഷ്യയുടെ വാക്‌സിന് അംഗീകാരം നൽകാനൊരുങ്ങി ചൈന

കുറഞ്ഞ ചെലവിൽ കാൻസർ ചികിത്സ; റഷ്യയുടെ വാക്‌സിന് അംഗീകാരം നൽകാനൊരുങ്ങി ചൈന


ബീജിങ്: കാൻസർ ചികിത്സാരംഗത്ത് ശ്രദ്ധേയമായ മുന്നേറ്റമായി വിലയിരുത്തപ്പെടുന്ന റഷ്യൻ വാക്‌സിന് ചൈന അനുമതി നൽകാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. റഷ്യയിലെ ഗമാലേയ നാഷണൽ റിസർച്ച് സെന്റർ വികസിപ്പിച്ച ഈ വാക്‌സിൻ ചൈനയിലെ പ്രമുഖ ബയോടെക് സ്ഥാപനങ്ങളുമായി സഹകരിച്ച് വൻതോതിൽ നിർമ്മിക്കാൻ പദ്ധതിയിടുന്നതായാണ് വിവരം. ഇതിനായി ചൈനീസ് മരുന്ന് നിയന്ത്രണ അതോറിറ്റി പ്രത്യേക അനുമതി നടപടികൾ വേഗത്തിലാക്കിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആഗോള കാൻസർ ചികിത്സാ വിപണിയിൽ വലിയ സ്വാധീനം ചെലുത്താൻ സാധ്യതയുള്ള നീക്കമാണിതെന്ന് വിലയിരുത്തപ്പെടുന്നു. കാൻസർ കോശങ്ങളെ തിരിച്ചറിഞ്ഞ്  ആക്രമിക്കാൻ ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ പ്രാപ്തമാക്കുന്ന രീതിയിലാണ് ഈ വാക്‌സിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കീമോതെറാപ്പി, റേഡിയേഷൻ പോലുള്ള പരമ്പരാഗത ചികിത്സാ രീതികളിൽ നിന്ന് വ്യത്യസ്തമായ ഇമ്യൂണോതെറാപ്പി സമീപനമാണ് ഇതിന്റെ അടിസ്ഥാനമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷി ശക്തിപ്പെടുത്തി ട്യൂമർ വളർച്ച കുറയ്ക്കുകയും രോഗം മടങ്ങിവരുന്നത് തടയുകയും ചെയ്യാനാകുമെന്നാണ് പ്രാരംഭ പഠനങ്ങൾ സൂചിപ്പിച്ചതായി അവകാശപ്പെടുന്നു. ചികിത്സാ സാധ്യതകൾ പരിമിതമായ നിരവധി രോഗികൾക്ക് ഇത് പുതിയ പ്രതീക്ഷയാകാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാൽ വിപുലമായ ക്ലിനിക്കൽ പരീക്ഷണങ്ങളും ദീർഘകാല ഫലങ്ങളും വിലയിരുത്തിയ ശേഷമേ അന്തിമ കാര്യക്ഷമതയും സുരക്ഷയും സംബന്ധിച്ച് വ്യക്തത വരൂവെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

റഷ്യയിൽ വികസിപ്പിച്ച വാക്‌സിൻ ചൈനയിൽ അംഗീകാരം നേടി വ്യാപകമായി വിതരണം ചെയ്യുകയാണെങ്കിൽ, ആഗോള ആരോഗ്യരംഗത്തും വിപണിയിലും പുതിയ സമവാക്യങ്ങൾ രൂപപ്പെടാൻ ഇടയാക്കുമെന്ന് നിരീക്ഷകരുടെ വിലയിരുത്തൽ. ചികിത്സാ ചെലവ് കുറയാനും കൂടുതൽ ആളുകൾക്ക് ആധുനിക ചികിത്സ ലഭ്യമാകാനും ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ.