ബംഗ്ലാദേശ് തെരഞ്ഞെടുപ്പിന് ശേഷം യൂനുസിന്റെ വഴിയേത്?

ബംഗ്ലാദേശ് തെരഞ്ഞെടുപ്പിന് ശേഷം യൂനുസിന്റെ വഴിയേത്?


ധാക്ക: വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ ചൂടിൽ 2024ൽ ഷെയ്ഖ് ഹസീന ഭരണത്തിൽ നിന്ന് പുറത്താകുകയും, ഇടക്കാല സർക്കാരിന്റെ മുഖമായി മുഹമ്മദ് യൂനുസ് അധികാരമേൽക്കുകയും ചെയ്തതോടെ പുതിയ അധ്യായത്തിലേക്ക് കടന്ന ബംഗ്ലാദേശിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് രാജ്യത്തിന്റെ രാഷ്ട്രീയ ഭാവി നിർണയിക്കുന്ന നിർണായക ഘട്ടമാണ്. തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയത്തിൽ തുടരാനുള്ള ആഗ്രഹമില്ലെന്ന് യൂനുസ് വ്യക്തമാക്കിയിട്ടുണ്ട്.

'തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിൽ തുടരാൻ ഞാനോ എന്റെ ഉപദേഷ്ടാക്കളോ ആഗ്രഹിക്കുന്നില്ല,' എന്നാണ് യൂനുസ് പലവട്ടം ആവർത്തിച്ചത്. അതിലൂടെ കക്ഷി രാഷ്ട്രീയത്തിൽ നിന്ന് അകന്നു നിൽക്കുന്ന ഒരു 'കരുതൽ നേതാവ്' എന്ന നിലപാട് അദ്ദേഹം ഉറപ്പിക്കുകയാണ്.

2006ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ യൂനുസ്, ഗ്രാമീൺ ബാങ്ക് സ്ഥാപിച്ച് ദരിദ്രർക്കുള്ള ചെറുകിട വായ്പ പദ്ധതികൾ വഴി സാമൂഹിക-സാമ്പത്തിക മാറ്റത്തിന് നേതൃത്വം നൽകിയ വ്യക്തിയാണ്. 'ദാരിദ്ര്യം മനുഷ്യാവകാശങ്ങളുടെ നിഷേധമാണ്' എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. ചെറുവായ്പകൾ ദരിദ്രരെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുമെന്നാണ് യൂനുസ് വിശ്വസിക്കുന്നത്.

വിദ്യാർത്ഥി കലാപത്തെ തുടർന്ന് ഹസീന ഇന്ത്യയിൽ അഭയം തേടിയതോടെ അവരുടെ രാഷ്ട്രീയ പ്രസ്ഥാനമായ അവാമി ലീഗ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കപ്പെട്ടിരിക്കുകയാണ്. രാജ്യത്ത് രാഷ്ട്രീയ തർക്കങ്ങളും സാമൂഹിക സംഘർഷങ്ങളും ഉയർന്നിരിക്കെ, നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് നടത്തുക എന്ന വലിയ വെല്ലുവിളിയാണ് യൂനുസിന് മുന്നിൽ.

ഈയിടെ അന്തരിച്ച മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനും ബിഎൻപി നേതാവുമായ താരിഖ് റഹ്മാൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മുന്നിട്ടിറങ്ങുമ്പോൾ, എതിർഭാഗത്ത് ജമാഅത്തെ ഇസ്ലാമിയും ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നു.  വിലക്കപ്പെട്ട അവാമി ലീഗ് തെരഞ്ഞെടുപ്പ് ഷെഡ്യൂളിനെ 'നിയമവിരുദ്ധം' എന്ന് ആരോപിച്ച് വിമർശനമുന്നയിച്ചിട്ടുണ്ട്.

രാജ്യം വീണ്ടും ഏകാധിപത്യത്തിലേക്ക് വഴുതിപ്പോകാതിരിക്കാൻ ഭരണപരിഷ്‌കാര ചാർട്ടർ കൊണ്ടുവന്നതായി യൂനുസ് അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ജനഹിതപരിശോധന (റഫറണ്ടം) തെരഞ്ഞെടുപ്പ് ദിവസത്തോടൊപ്പം നടത്താനാണ് തീരുമാനം. 'അതെ എന്ന് വോട്ട് ചെയ്താൽ പുതിയ ബംഗ്ലാദേശിന്റെ വാതിൽ തുറക്കും,' എന്നാണ് അദ്ദേഹത്തിന്റെ ആഹ്വാനം.

തിരഞ്ഞെടുപ്പ് കാലയളവിൽ അക്രമങ്ങൾ ഒഴിവാക്കാൻ ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കുമെന്ന് യൂനുസ് വ്യക്തമാക്കിയിട്ടുണ്ട്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് തെരഞ്ഞെടുപ്പ് തകർക്കാൻ ഉള്ള ആഭ്യന്തരബാഹ്യ ശ്രമങ്ങളെ കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേസമയം, ഹസീന ഇന്ത്യയിൽ നിന്ന് നടത്തിയ പ്രസംഗത്തിൽ മനുഷ്യാവകാശ ലംഘനങ്ങളും ന്യൂനപക്ഷങ്ങളോടുള്ള അതിക്രമങ്ങളും ആരോപിച്ച് യൂനുസ് സർക്കാരിനെതിരെ ശക്തമായ വിമർശനം നടത്തിയിട്ടുണ്ട്.

ഈ തെരഞ്ഞെടുപ്പ് യൂനുസിന്റെ വ്യക്തിഗത ഭാവിയെക്കാൾ ഏറെ, ബംഗ്ലാദേശിന്റെ ജനാധിപത്യ ഭാവിയെ നിർണയിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്. സ്ഥിരതയുള്ള ഭരണത്തിലേക്കുള്ള മാറ്റം വിജയകരമായി കൈകാര്യം ചെയ്യുമോ, അല്ലെങ്കിൽ രാഷ്ട്രീയ അസ്ഥിരത തുടരുമോ എന്നത് ജനവിധി വ്യക്തമാക്കും.

കരുതൽ പ്രധാനമന്ത്രിയായ യൂനുസ് തന്റെ വാഗ്ദാനപ്രകാരം തെരഞ്ഞെടുപ്പിന് ശേഷം പടിയിറങ്ങുമോ എന്നത് കാലം തെളിയിക്കും. എന്നാൽ ഈ തിരഞ്ഞെടുപ്പ് ബംഗ്ലാദേശിന്റെ ചരിത്രത്തിൽ നിർണായക വഴിത്തിരിവായി രേഖപ്പെടുത്തപ്പെടും.