എപ്സ്റ്റീൻ ബന്ധം വിവാദമായി: ഗോൾഡ്മാൻ സാക്‌സിന്റെ മുഖ്യ നിയമോപദേഷ്ടാവ് രാജിവെക്കുന്നു

എപ്സ്റ്റീൻ ബന്ധം വിവാദമായി: ഗോൾഡ്മാൻ സാക്‌സിന്റെ മുഖ്യ നിയമോപദേഷ്ടാവ് രാജിവെക്കുന്നു


ന്യൂയോർക്ക് : ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്ന് പുറത്തുവന്ന പുതിയ രേഖകളുടെ പശ്ചാത്തലത്തിൽ, ഗോൾഡ്മാൻ സാക്‌സിന്റെ മുഖ്യ നിയമോപദേഷ്ടാവ് കാതറിൻ റൂംലർ സ്ഥാനമൊഴിയുന്നു. ജൂൺ 30 മുതൽ അവർ പദവി ഒഴിയുമെന്ന് ഗോൾഡ്മാൻ സാക്‌സ് അറിയിച്ചു.

2019ൽ എപ്സ്റ്റീൻ അറസ്റ്റിലായതിനു ശേഷവും റൂംലർ അദ്ദേഹവുമായി അടുത്ത ബന്ധം തുടരുകയായിരുന്നുവെന്ന് കോൺഗ്രസും ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റും പുറത്തുവിട്ട രേഖകൾ വ്യക്തമാക്കുന്നു. ഇതാണ് ബാങ്കിനുള്ളിലും പുറത്തും ശക്തമായ ആശങ്കകൾക്ക് ഇടയാക്കിയത്.

54 വയസ്സുള്ള റൂംലർ വാൾ സ്ട്രീറ്റിലെ പ്രമുഖ അഭിഭാഷകരിലൊരാളായിരുന്നു. എൺറോൺ കേസിൽ പ്രോസിക്യൂട്ടറായി പ്രവർത്തിച്ച അവർ, മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ വൈറ്റ് ഹൗസ് നിയമോപദേഷ്ടാവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒരുകാലത്ത് യുഎസ് അറ്റോർണി ജനറൽ സ്ഥാനത്തേക്കും പരിഗണിക്കപ്പെട്ട വ്യക്തിയാണ് റൂംലർ. ഗോൾഡ്മാൻ സാക്‌സ് സിഇഒ ഡേവിഡ് സോളമന്റെ പ്രധാന ഉപദേഷ്ടാവായും അവർ പ്രവർത്തിച്ചിരുന്നു.

2023ൽ വാൾ സ്ട്രീറ്റ് ജേർണൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് എപ്സ്റ്റീനുമായി റൂംലറുടെ ബന്ധം ആദ്യമായി വിവാദമായത്. 2008ൽ പ്രായപൂർത്തിയാകാത്തയാളെ വേശ്യാവൃത്തിക്ക് ഉപയോഗിച്ചതിന് കുറ്റം സമ്മതിച്ച ശേഷവും, എപ്സ്റ്റീൻ ശക്തരായ പലരുമായി അടുത്ത ബന്ധം തുടരുകയായിരുന്നുവെന്നും റൂംലറും അതിലൊരാളാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

പുതുതായി പുറത്തുവന്ന രേഖകളനുസരിച്ച്, എപ്സ്റ്റീൻ തന്റെ വില്ലിൽ റൂംലറെ ബാക്കപ്പ് എക്‌സിക്യൂട്ടറായി ഉൾപ്പെടുത്തിയിരുന്നു. 2019ലെ അറസ്റ്റിന്റെ രാത്രി അദ്ദേഹം റൂംലറുമായി ഫോണിൽ സംസാരിച്ചതായും രേഖകളിലുണ്ട്. കൂടാതെ, വിലപിടിപ്പുള്ള സമ്മാനങ്ങൾ, സ്വകാര്യ ജെറ്റ് ചാർട്ടറിനായി നൽകിയ പണം, ആഡംബര വസ്തുക്കൾ എന്നിവയും റൂംലറുടെ പേരിൽ നൽകിയതായി രേഖകൾ പറയുന്നു.

എപ്സ്റ്റീനുമായി പ്രൊഫഷണലായ ബന്ധം  മാത്രമായിരുന്നുവെന്നും, അദ്ദേഹത്തെ പ്രതിനിധീകരിച്ചിട്ടില്ലെന്നും റൂംലർ വ്യക്തമാക്കി. അദ്ദേഹത്തിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും, അദ്ദേഹത്തെ പരിചയപ്പെട്ടത് തന്നെ ഖേദകരമാണെന്നും അവർ പറഞ്ഞു.

എന്നാൽ, ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് അടുത്തിടെ പുറത്തുവിട്ട കൂടുതൽ രേഖകൾ ബാങ്കിനുള്ളിലെ സമ്മർദ്ദം ശക്തമാക്കി. ഇതോടെയാണ് റൂംലർ സിഇഒ ഡേവിഡ് സോളമണുമായി കൂടിക്കാഴ്ച നടത്തി രാജി സമർപ്പിച്ചത്. റൂംലറുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് സോളമൺ അറിയിച്ചു.

ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുള്ളതിന്റെ പേരിൽ ഉയർന്ന പദവികളിൽ നിന്ന് ഒഴിവാക്കപ്പെടുന്ന വാൾ സ്ട്രീറ്റ് പ്രമുഖരുടെ പട്ടികയിലേക്കാണ് കാതറിൻ റൂംലറും ഉൾപ്പെട്ടിരിക്കുന്നത്.