കൊച്ചി: ദുബായിൽ നിന്നു കുടുംബത്തോടൊപ്പം കേരളത്തിലേക്ക് മടങ്ങിയെത്തിയ യുവതിയുടെ അനുഭവപങ്കിടൽ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ ലീബ സുബിൻ തങ്ങളുടെ തീരുമാനം പെട്ടെന്നെടുത്തതല്ലെന്നും, ശരിയായ സമയവും മാനസിക സമാധാനവുമാണ് നിർണായകമായതെന്നും പറയുന്നു.
കുടുംബത്തിന്റെ വിസ പുതുക്കലും വീട്ടുവാടക പുതുക്കലും ഒരേ സമയത്ത് വന്നതോടെയാണ് ജീവിതം വീണ്ടും വിലയിരുത്താൻ അവസരം ലഭിച്ചതെന്ന് ലിബ വ്യക്തമാക്കി. 'ആ ഇടവേള എല്ലാം ശാന്തമായും പ്രായോഗികമായും കുടുംബമായി ചേർന്ന് ആലോചിക്കാൻ സഹായിച്ചു,' അവൾ പറഞ്ഞു.
കുട്ടിയുടെ വിദ്യാഭ്യാസവും തീരുമാനത്തെ സ്വാധീനിച്ചു. കേരളത്തിൽ സ്‌കൂൾ വീട്ടിൽ നിന്ന് പത്ത് മിനിറ്റിനുള്ളിലായപ്പോൾ, ദുബായിൽ രാവിലെ ആറുമണിക്ക് വീട്ടിൽ നിന്ന് ഇറങ്ങി ഒന്നര മണിക്കൂർ യാത്ര ചെയ്യേണ്ടി വന്നിരുന്നുവെന്ന് ലിബ പറഞ്ഞു.
നാട്ടിലെ സ്വന്തം വീട്ടിൽ താമസിക്കാനായതോടെ വാടകയുടെ സമ്മർദം ഒഴിവായതും വലിയ ആശ്വാസമായി. സമൂഹത്തിനുള്ളിൽ ജീവിക്കുന്നതോടെ പഴയ സൗഹൃദങ്ങളും ബന്ധങ്ങളും തിരികെ കിട്ടിയതായും അവൾ പറഞ്ഞു. 'ഇപ്പോൾ ഞങ്ങൾ കടമില്ലാത്ത, ഇഎംഐ ഇല്ലാത്ത ജീവിതത്തിലാണ്. ആ മാനസിക സ്വാതന്ത്ര്യത്തിന്റെ വില അപ്പോൾ തിരിച്ചറിഞ്ഞിരുന്നില്ല,' ലിബ കൂട്ടിച്ചേർത്തു.
എല്ലാവരും ഇതേ തീരുമാനത്തോട് യോജിക്കണമെന്നില്ലെങ്കിലും, തുറന്ന ആശയവിനിമയവും കുടുംബാംഗങ്ങളുമായി ചേർന്ന ചർച്ചയും അനിവാര്യമാണെന്ന സന്ദേശമാണ് വീഡിയോ നൽകുന്നതെന്ന് ലിബ കുറിച്ചു. ഒറ്റത്തലമുറക്കാരായാലും, ദമ്പതികളായാലും, കുട്ടികളുള്ള കുടുംബങ്ങളായാലും തീരുമാനങ്ങൾ എല്ലാവരും ചേർന്ന് എടുക്കണമെന്ന് അവൾ ഉപദേശിച്ചു.
വീഡിയോയ്ക്ക് ഇതിനകം ലക്ഷത്തിലധികം കാഴ്ചക്കാരും നിരവധി അനുകൂല അഭിപ്രായങ്ങളും ലഭിച്ചു. 'മാതാപിതാക്കൾക്കൊപ്പം കഴിയുന്നത് ഒരു ഭാഗ്യമാണെന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടു' എന്നതടക്കമുള്ള പ്രതികരണങ്ങളാണ് കൂടുതലായി വന്നത്. 'ജീവിതം എവിടെ ഭംഗിയായി തോന്നുന്നു എന്നതല്ല, എവിടെ മനസിന് സുഖമുണ്ട് എന്നതാണ് പ്രധാനമെന്ന്' പറഞ്ഞുള്ള അഭിപ്രായവും ശ്രദ്ധ നേടി.
'ജീവിത സമാധാനം പ്രധാനം': ദുബായ് ജീവിതം വിട്ട് നാട്ടിലേക്ക് മടങ്ങിയത് മികച്ച തീരുമാനമെന്ന് യുവതി
