'കോടികൾവരുന്ന നഷ്ടപരിഹാരം മകളുടെ ജീവനുതുല്യമാകുമോ?': വേദനയോടെ യുഎസിൽ വാഹനമിടിച്ചുകൊല്ലപ്പെട്ട ജാഹ്നവി കന്ദുലയുടെ അമ്മ

'കോടികൾവരുന്ന നഷ്ടപരിഹാരം മകളുടെ ജീവനുതുല്യമാകുമോ?': വേദനയോടെ യുഎസിൽ വാഹനമിടിച്ചുകൊല്ലപ്പെട്ട ജാഹ്നവി കന്ദുലയുടെ അമ്മ


സിയാറ്റിൽ: അമേരിക്കയിലെ സിയാറ്റിൽ നഗരത്തിൽ പോലീസ് വാഹനമിടിച്ച് മരിച്ച ഇന്ത്യൻ വിദ്യാർഥിനി ജാഹ്നവി കന്ദുലയുടെ കുടുംബവുമായി 29 മില്യൺ ഡോളർ (ഏകദേശം 262 കോടി രൂപ) നഷ്ടപരിഹാര ധാരണയിലെത്തിയതിനു പിന്നാലെ അമ്മയുടെ പ്രതികരണം ശ്രദ്ധ നേടുന്നു. 'ഈ പണം കിട്ടിയിട്ട് എന്ത് ചെയ്യാണ് ? മകളെ തിരികെ കിട്ടുമോ?' എന്നായിരുന്നു അമ്മ ജി. വിജയലക്ഷ്മിയുടെ വാക്കുകൾ.

ആന്ധ്രപ്രദേശിലെ കർണൂൾ ജില്ലയിലെ അദോണി സ്വദേശിനിയായ ജാഹ്നവി, നോർത്ത് ഈസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിൽ ഇൻഫർമേഷൻ സിസ്റ്റംസ് വിഷയത്തിൽ എം.എസ് പഠനം നടത്തുകയായിരുന്നു. 2023 ജനുവരി 5ന് ക്യാംപസിൽ നിന്ന് നടന്നു മടങ്ങുമ്പോൾ അമിതവേഗത്തിൽ എത്തിയ പോലീസ് വാഹനം ഇടിച്ചാണ് 23 വയസ്സുകാരിയായ ജാഹ്നവി മരിച്ചത്.

അപകടത്തിനു പിന്നാലെ കേസിനെ പോലീസ് കൈകാര്യം ചെയ്ത രീതിയാണ് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയത്. പിന്നീട് പുറത്തുവിട്ട ബോഡി ക്യാം ദൃശ്യങ്ങളിൽ, സംഭവത്തിന്റെ അന്വേഷണം ചുമതലപ്പെടുത്തിയ മറ്റൊരു ഉദ്യോഗസ്ഥൻ ജാഹ്നവിയുടെ മരണത്തെ പരിഹസിക്കുകയും, അവളുടെ ജീവന് 'നിസ്സാരമായ വിലയല്ലേയുള്ളൂ' എന്നും പറഞ്ഞത് ഇന്ത്യൻ സമൂഹത്തെ ഞെട്ടിച്ചു.

സിയാറ്റിൽ സിറ്റി അറ്റോർണി എറിക ഇവാൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ, ജാഹ്നവിയുടെ മരണം ഹൃദയഭേദകമാണെന്നും ഈ നഷ്ടപരിഹാരം കുടുംബത്തിന് ഏതെങ്കിലും തരത്തിലുള്ള ആശ്വാസം നൽകുമെന്നാണ് നഗരത്തിന്റെ പ്രതീക്ഷയെന്നും പറഞ്ഞു. 'ജാഹ്നവിയുടെ ജീവൻ വിലപ്പെട്ടതായിരുന്നു,' എന്നും അവർ കൂട്ടിച്ചേർത്തു.

എന്നാൽ അമ്മ വിജയലക്ഷ്മിയുടെ വേദന മാറിയിട്ടില്ല. 'നഷ്ടപരിഹാരം ചിലർക്കു എല്ലാത്തിന്റെയും തീർപ്പായിരിക്കാം. പക്ഷേ എന്റെ മകളെ ഞങ്ങളിൽ നിന്ന് എന്നേക്കുമായി എടുത്ത ഉദ്യോഗസ്ഥന് യഥാർത്ഥ ശിക്ഷ ലഭിച്ചിട്ടില്ല. മകളുടെ മരണത്തെക്കുറിച്ച് പരിഹസിച്ച മറ്റൊരു ഉദ്യോഗസ്ഥന് എന്ത് സംഭവിച്ചു?' എന്നും അവർ ചോദിച്ചു. മൂന്ന് വർഷം കഴിഞ്ഞിട്ടും സംഭവത്തെക്കുറിച്ച് ചിന്തിക്കാൻ പോലും തങ്ങൾക്ക് കഴിയുന്നില്ലെന്നും അവർ പറഞ്ഞു.

ജാഹ്നവിയെ ഇടിച്ച വാഹനം ഓടിച്ചിരുന്ന ഓഫീസർ കെവിൻ ഡേവിനെ കഴിഞ്ഞ വർഷം സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു. ബോഡി ക്യാം ദൃശ്യങ്ങളിൽ പരിഹാസ പരാമർശങ്ങൾ നടത്തിയ ഡിറ്റക്ടീവ് ഡാനിയൽ ഓഡററെ 2024 ജൂലൈയിൽ ജോലിയിൽ നിന്ന് പുറത്താക്കി.

സിയാറ്റിലിലെ ദക്ഷിണേഷ്യൻ സമൂഹം നൽകിയ പരാതികളും നിയമനടപടികളുമാണ് കേസിനെ ഈ ഘട്ടത്തിലെത്തിച്ചത്. കുടുംബം നേരിട്ട് ഇടപെട്ടിട്ടില്ലെന്നും, അഭിഭാഷകരും സാമൂഹിക പ്രവർത്തകരുമാണ് എല്ലാം കൈകാര്യം ചെയ്തതെന്നും മുത്തച്ഛൻ കെ. സൂരി ബാബു പറഞ്ഞു.

ഗ്രാമീണ പശ്ചാത്തലത്തിൽ നിന്ന് ഉയർന്നുവന്ന ജാഹ്നവി സർക്കാർ സ്‌കൂളിലാണ് പഠനം ആരംഭിച്ചത്. ബിരുദം പൂർത്തിയാക്കിയ ശേഷം 2020ൽ അമേരിക്കയിലെത്തിയ അവൾ 2023 ഡിസംബറിൽ കോഴ്‌സ് പൂർത്തിയാക്കാനിരിക്കുകയായിരുന്നു. പഠനത്തോടൊപ്പം ക്യാംപസിൽ പാർട്ട് ടൈം ജോലിയും ചെയ്തിരുന്നു.

നഷ്ടപരിഹാരത്തേക്കാൾ, നീതി പൂർണമായി നടപ്പാകണമെന്നതാണ് കുടുംബത്തിന്റെ ഇന്നത്തെ ഏക ആവശ്യം.